മാലിന്യ സംസ്കരണം; കൽപറ്റ നഗരസഭക്ക് ദേശീയ പുരസ്കാരം
text_fieldsകൽപറ്റ: ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പാക്കിയതിന് കൽപറ്റ നഗരസഭക്ക് ദേശീയ അംഗീകാരം. കേന്ദ്ര സർക്കാറിന്റെ സ്വച്ഛ് ഭാരത് മിഷൻ നടത്തിയ സർവേ റാങ്കിങ്ങിൽ 1333 പോയന്റ് നേടിയാണ് നഗരസഭ ദേശീയ പുരസ്കാരത്തിന് യോഗ്യത നേടിയത്. സോണൽ റാങ്കിങ്ങിൽ 58ഉം സംസ്ഥാനത്തെ രണ്ടാമത്തെ മുനിസിപ്പാലിറ്റിയുമാണ് കൽപറ്റ. കമ്പ്യൂട്ടർ സാക്ഷരതയിലൂടെ ഇ-മുറ്റം നടപ്പാക്കി അംഗീകാരം നേടിയ സംസ്ഥാനത്തെ ഏക നഗരസഭയാണ് കൽപറ്റ.
മൂന്നു വര്‍ഷത്തിനിടെ മൂന്നു ദേശീയ പുരസ്കാരങ്ങളാണ് നഗരസഭ സ്വന്തമാക്കിയത്. സംസ്ഥാന-ജില്ല അംഗീകാരങ്ങളും കല്പറ്റയെ തേടിയെത്തി. വെളിയിട വിസര്‍ജന സംസ്കരണത്തിന് ഒ.ഡി.എഫ് പ്ലസ്-പ്ലസ് ദേശീയ പുരസ്കാരം നേടിയെടുത്ത കേരളത്തിലെ 87 മുനിസിപ്പാലിറ്റികളില്‍ ഏക നഗരസഭ കല്പറ്റയാണ്. നഗര മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ക്ക് രണ്ടു തവണ ദേശീയ കായകല്പ അവാര്‍ഡും കല്പറ്റക്ക് ലഭിച്ചു. പ്രവർത്തനമികവിനുള്ള ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് നേടുന്ന ജില്ലയിലെ ആദ്യ നഗരസഭയാണിത്.
ശുചിത്വ മിഷൻ, ഹരിതകർമസേന, ക്ലീൻ കേരള, വ്യാപാരി വ്യവസായി ഏകോപന സമിതി, സന്നദ്ധ സംഘടനകൾ, ശുചീകരണ തൊഴിലാളികൾ, നഗരസഭ ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൂട്ടായ്മയിലൂടെയാണ് ദേശീയ പുരസ്കാരം നേടാനായതെന്നും ചെയർമാൻ പറഞ്ഞു.
ഹരിത ബയോ പാര്‍ക്ക്
മാലിന്യപ്രശ്നത്തിന് പരിഹാരമായ ഹരിത ബയോ പാര്‍ക്ക് നഗരസഭയുടെ നേട്ടങ്ങളിലൊന്നാണ്. കേരളത്തിലെ ഏറ്റവും വിശാലമായ മാലിന്യ സംസ്കരണ പ്ലാന്റാണ് വെള്ളാരംകുന്നില്‍ സ്ഥാപിച്ചത്.
ഇതോടെ സമ്പൂര്‍ണ മാലിന്യ സംസ്കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെയും ജില്ലയിലെ ആദ്യത്തെയും നഗരസഭയായി കല്പറ്റ. ഒരു കോടി 10 ലക്ഷം രൂപയാണ് ഇതിന് ചെലവായത്. വെള്ളാരംകുന്നിലെ ഹരിത ബയോ പാര്‍ക്കില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും (എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിങ് യൂനിറ്റും സംയുക്തമായി പ്രവര്‍ത്തിപ്പിക്കാനുള്ള വിശാലമായ സൗകര്യവും ഒരുക്കി. വെള്ളാരംകുന്നിലെ ഹരിത ബയോ പാര്‍ക്കിലേക്ക് വാര്‍ഡുകളില്‍നിന്ന് മാലിന്യം ശേഖരിക്കാന്‍ ആരംഭിച്ച പദ്ധതിയാണ് മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ (മിനി എം.സി.എഫ്). നഗരസഭ പരിധിയിലെ 57 കേന്ദ്രങ്ങളിലാണ് എം.സി.എഫ് സെന്ററുകൾ. പദ്ധതിക്കായി 27.5 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
വര്‍ണച്ചെടികള്‍
നഗരത്തിലെത്തുന്നവരെ വരവേല്‍ക്കാന്‍ റോഡരികില്‍ വിടര്ന്നുനില്ക്കുന്ന വര്‍ണച്ചെടികള്‍ മനോഹര കാഴ്ചയാണ്. 1,800ലധികം ചെടികളാണ് ജനമൈത്രി സ്റ്റേഷന് മുതല്‍ നഗരത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. ഗ്രീന്‍ കല്പറ്റയുടെ മുഖമാണ് വര്‍ണച്ചെടികള്‍. അതേസമയം, നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പല ചെടികളും നശിച്ചുപോയിട്ടുണ്ട്.
ചിത്രനഗരി
ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയുള്ള ചിത്രനഗരി പദ്ധതിക്ക് തുടക്കമായി. നഗരത്തിന്റെ പ്രധാന നിരത്തുകളില്‍ പരസ്യ ബോര്‍ഡുകള്‍ കൊണ്ടും പോസ്റ്ററുകള്‍ കൊണ്ടും വൃത്തിഹീനമായ ചുമരുകളും കലുങ്കുകളും ചിത്രം വരച്ച് മനോഹരമാക്കുന്നതാണ് പദ്ധതി.
ബയോ ഡൈജസ്റ്റര്‍ പോട്ട്
ക്ലീന്‍ കല്പറ്റ പദ്ധതിയുടെ ഭാഗമായി ജൈവ സംസ്കരണ ഭരണി (ബയോ ഡൈജസ്റ്റര്‍ പോട്ട്) നഗരസഭയുടെ നേതൃത്വത്തില്‍ 800 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വിതരണം നടത്തി. വീടുകളിലുണ്ടാവുന്ന അടുക്കള മാലിന്യം ഉറവിടങ്ങളില്‍ സംസ്കരിച്ച് ജൈവവളമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സമ്പൂര്‍ണ ശുചിത്വമെന്ന ലക്ഷ്യത്തിനായി നഗരസഭയിൽ ഉറവിട മാലിന്യ സംസ്കരണം ശക്തിപ്പെടുത്തി. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്കരണ യൂനിറ്റുകള്‍ മൂന്നിടങ്ങളില്‍ സജ്ജമായി.
22 ലക്ഷം ചെലവഴിച്ച് ടിപ്പറും ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് രണ്ട് ഇലക്ട്രിക് ഓട്ടോകളും നഗരത്തിലെ മാലിന്യം ഉറവിടങ്ങളില്‍ നിന്നുതന്നെ ശേഖരിക്കുന്നതിന് സജ്ജമാക്കാനായി.
സ്വന്തമാക്കിയ അംഗീകാരങ്ങള്‍
- ഒ.ഡി.എഫ് പ്ലസ്-പ്ലസ് ദേശീയ പുരസ്കാരം
- ആരോഗ്യരംഗത്തെ മികവിന് രണ്ടു തവണ കായകല്പ അവാര്‍ഡ്
- കോവിഡ് പ്രതിരോധ ഏകോപനത്തിന് സംസ്ഥാന അംഗീകാരം
- ഊരുകളില്‍ മൊബൈല്‍ വാക്സിനേഷന് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യ നഗരസഭ
- പദ്ധതി വിനിയോഗത്തില്‍ ജില്ലയിലെ നഗരസഭകളില്‍ ഒന്നാം സ്ഥാനം
- പദ്ധതി വിനിയോഗത്തില്‍ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ പതിമൂന്നാം സ്ഥാനം.
- 18 വയസ്സിനു മുകളില്‍ സമ്പൂര്‍ണ വാക്സിനേഷന് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭ
- ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിക്ക് ജില്ല വ്യവസായ കേന്ദ്രം അവാര്‍ഡ്
- മികവിനുള്ള ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് നേടുന്ന ജില്ലയിലെ ആദ്യ നഗരസഭ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.