ബജറ്റിൽ വയനാടിന് നിരാശ
text_fieldsകൽപറ്റ: പതിവുപോലെ ഈ വർഷത്തെ ബജറ്റിലും വയനാടിന് വികസന പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. കാസർകോട്, ഇടുക്കി ജില്ലകൾക്കൊപ്പമാണ് വികസന പാക്കേജുകൾക്ക് 75 കോടി രൂപ വീതം വയനാടിനും നീക്കിവെച്ചത്. വലിയ തോതിലുള്ള വികസന പരിപാടികൾ ഈ ജില്ലകളിൽ നടപ്പാക്കിവരുന്നതിനു പുറമേയാണ് തുക വകയിരുത്തിയതെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
എന്നാൽ, ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ ബജറ്റിലും 75 കോടി രൂപ വകയിരുത്തിയിരുന്നു. 16 പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഭരണാനുമതി ലഭിച്ച പദ്ധതികൾ പ്രാരംഭ ദിശയിലാണ്. ഒരു പദ്ധതി പോലും പൂർത്തിയാക്കിയിട്ടില്ല. എല്ലാ വർഷവും ബജറ്റിൽ ജില്ലക്ക് പാക്കേജുകളുടെ പ്രഖ്യാപനം മാത്രമാണ് നടത്താറുള്ളത്. പരിശോധിച്ചാൽ ഒന്നും നടപ്പായിട്ടില്ലെന്നും വ്യക്തമാകും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് പാക്കേജിന് എന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ല. കഴിഞ്ഞ ബജറ്റിലും എയർസ്ട്രിപ്പിന് തുക അനുവദിച്ചിരുന്നു. ഈ ബജറ്റിലും എയർസ്ട്രിപ്പുകൾ സ്ഥാപിക്കാൻ 1.17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലക്ക് 57 കോടി അനുവദിച്ചിട്ടുണ്ട്. കർഷകൻ ജപ്തിഭീഷണിയും വന്യമൃഗശല്യവുംകൊണ്ട് പൊറുതിമുട്ടി ആത്മഹത്യ മുനമ്പിൽ നിൽക്കുമ്പോൾ കർഷകർക്ക് ആശ്വസിക്കാനുള്ള ഒന്നും ബജറ്റിലില്ല. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പദ്ധതികൾ വേണമെന്നാണ് വയനാടൻ കർഷകരുടെ ആവശ്യം.
റബറിന് നിലവിലുള്ള താങ്ങുവിലയിൽ 10 രൂപ കൂട്ടി 180 രൂപയാണ് ആക്കിയത്. കടാശ്വാസ കമീഷൻ കർഷകർക്ക് നൽകിയ ഇളവുകളും കുടിശ്ശികയാണ്. ഏറ്റവും കൂടുതൽ അവശത അനുഭവിക്കുന്ന ജനവിഭാഗത്തിനുള്ള സാമൂഹികക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. വന്യമൃഗശല്യംമൂലം ജനങ്ങളാകെ പൊറുതിമുട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്താകെ വന്യമൃഗപ്രതിരോധത്തിന് നീക്കിവെച്ചിരിക്കുന്നത് 48.85 കോടി രൂപ മാത്രമാണ്. ജില്ലക്കായി പ്രത്യേക തുക വകയിരുത്തിയിട്ടില്ല. വയനാടൻ ജനതയുടെ നൂറ്റാണ്ടുകളായുള്ള ആവശ്യമായ പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽപാതക്കായി ബജറ്റിൽ ഒരു പരാമർശവുമില്ല. ചുരം ബൈപാസ്, വയനാടിന്റെ പ്രതീക്ഷയായ റെയില്‍പാത എന്നീ വിഷയങ്ങളിലും ബജറ്റിൽ പരാമർശമില്ല. ആരോഗ്യമേഖലയില്‍ ഏറ്റവുമധികം വീര്‍പ്പുമുട്ടുന്ന ജില്ലയില്‍ മെഡിക്കൽ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തലുണ്ടായില്ല.
ആ നഴ്സിങ് കോളജ് തന്നെയല്ലേയിത്?
കൽപറ്റ: ജില്ലയിൽ പുതിയ നഴ്സിങ് കോളജ് ആരംഭിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ നിലവിലുള്ള ഒമ്പതു നഴ്സിങ് കോളജുകൾക്കു പുറമെയാണ് ജില്ലയിൽ പുതുതായി ആരംഭിക്കുന്നത്. വയനാടിന് പുറമെ കാസർകോട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ആരംഭിക്കുക.
എന്നാൽ, കഴിഞ്ഞ ബജറ്റിൽ വയനാട് മെഡിക്കൽ കോളജിന്റെ ഭാഗമായ നഴ്സിങ് കോളജ് എന്ന പ്രഖ്യാപനം പൂർത്തീകരിച്ചിട്ടുണ്ട്. 10 കോടി രൂപയാണ് വകയിരുത്തിയത്. കോളജിൽ പുതിയ ബാച്ചിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുകയും ചെയ്തു. അതിനു പുറമെയാണോ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നഴ്സിങ് കോളജെന്ന സംശയവും ബാക്കിയാണ്.
വയനാടിന് ചരിത്രത്തിലെ ഏറ്റവും വലിയ അവഗണന -പി.കെ. ജയലക്ഷ്മി
കൽപറ്റ: സംസ്ഥാന ബജറ്റുകളിൽ ഇന്നുവരെ ഇല്ലാത്തവിധം ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് ഇത്തവണ ഉണ്ടായതെന്ന് എ.ഐ.സി.സി അംഗം പി.കെ. ജയലക്ഷ്മി.
വയനാടിന്റെ കാർഷിക, ടൂറിസം മേഖല, വിദ്യാഭ്യാസ-ആരോഗ്യ മേഖല, മെഡിക്കൽ കോളജ്, ചുരം ബദൽ പാത തുടങ്ങി ഒരു വിഭാഗത്തിലും ഒരു രൂപപോലും വകയിരുത്താൻ എൽ.ഡി.എഫ് തയാറായില്ല. വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങളോട് ഇടതു സർക്കാർ മുഖം തിരിഞ്ഞ് അതേ നിലപാട് ബജറ്റിലും സ്വീകരിച്ചു.
രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന മേഖലയായിട്ടും വന്യമൃഗശല്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാമമാത്ര തുക മാത്രം വകയിരുത്തിയത് പ്രതിഷേധാർഹമാണ്.വയനാട് പാക്കേജിന് എന്ത് സംഭവിച്ചുവെന്ന് ഇടതു സർക്കാർ വ്യക്തമാക്കണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.