കടുവ നിറഞ്ഞ് വയനാട്; ആക്രമണം തുടർക്കഥ
text_fieldsകൽപറ്റ: വയനാട്ടിൽ ഭീതി പടർത്തി കടുവ ആക്രമണം തുടർക്കഥയാവുന്നു. ഈ വർഷം ജനുവരിയിൽ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കർഷകൻ മരിച്ചിരുന്നു. അന്ന് മാനന്തവാടി പുതുശ്ശേരിയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. രാവിലെ വീടിന് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. പിന്നീട് മാനന്തവാടി പിലാക്കാവിലും കടുവയുടെ ആക്രമണമുണ്ടായി. മേയാൻവിട്ട പശുവിനെ കടുവ കൊന്നു. എസ്റ്റേറ്റിൽ മേയാൻവിട്ട രണ്ടു വയസ്സുള്ള പശുക്കിടാവാണ് ചത്തത്.
ചാടിവീണ കടുവ പശുവിനെ കടിക്കുകയും നാട്ടുകാർ ബഹളം വെച്ചപ്പോൾ ഓടിപ്പോവുകയുമായിരുന്നു. വനമേഖലയോട് ചേർന്നുള്ള ഈ എസ്റ്റേറ്റിൽ പല തവണ കടുവയെ നാട്ടുകാർ കണ്ടിരുന്നു. വനത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് പിലാക്കാവ്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചാണ് കീഴ്പ്പെടുത്തിയത്. ആറു തവണയാണ് മയക്കുവെടി വെച്ചത്. കർഷകനെ ആക്രമിച്ചു കൊന്ന കടുവ തന്നെയാണ് ഇതെന്ന് വനംവകുപ്പ് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
സെപ്റ്റംബറിൽ സുൽത്താൻബത്തേരി വാകേരിയിൽ ഏദൻവാലി എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെയാണ് കടുവ ചാടിയത്. തലനാരിഴക്കായിരുന്നു ഇവർ രക്ഷപ്പെട്ടത്. മീനങ്ങാടി പഞ്ചായത്തിലും ആവയലിലും കടുവയുടെ ആക്രമണം ഉണ്ടായി. അന്ന് വീടുകളിൽ കെട്ടിയിട്ടിരിക്കുന്ന ഏഴ് ആടുകളെയാണ് കടുവ കൊന്നത്. ഫെബ്രുവരിയിൽ വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമമായ കുടകിൽ രണ്ടുപേർ കടുവയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.വൻ പ്രതിഷേധമാണ് അന്നുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഒന്നര മണിക്കാണ് ചുരത്തിലൂടെ പോകുകയായിരുന്ന ടിപ്പർ ലോറി ഡ്രൈവർ റോഡിനു കുറുകെ കടുവ പോകുന്നത് കണ്ടത്.
കാട്ടിലേക്ക് ടോർച്ചടിച്ചു കടുവയാണെന്ന് ഉറപ്പു വരുത്തുകയും താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി തിരഞ്ഞുവെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഒരാഴ്ച മുമ്പ് വൈത്തിരി തളിമല വീട്ടിക്കുന്നു ഭാഗത്ത് കടുവയെ കണ്ടെത്തിയിരുന്നു. ഇതിനെ വനം വകുപ്പുദ്യോഗസ്ഥർ തൊട്ടടുത്തുള്ള വനപ്രദേശത്തേക്കു തുരത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.