ചൂടിന്റെ പിടിയിൽ വയനാട്
text_fieldsകൽപറ്റ: വേനൽ കനക്കുന്നതോടെ ആശങ്കയേറ്റി ജില്ലയിലും ചൂട് വർധിക്കുന്നു. മാർച്ചിൽ വയനാട്ടിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 14നാണ്. 32.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. അമ്പലവയൽ കാർഷിക വിജ്ഞാന കേന്ദ്രത്തിലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (ഐ.എം.ഡി) കീഴിലുള്ള ഒബ്സർവേറ്ററിയിലെ ഉപകരണത്തിൽ രേഖപ്പെടുത്തിയതാണ് ഈ അളവ്. കഴിഞ്ഞ വർഷത്തെക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്.
കഴിഞ്ഞ വർഷം മാർച്ചിൽ ഇടവിട്ട് മഴ ലഭിച്ചിരുന്നതിനാൽ ചൂടിന്റെ കാഠിന്യം ഇത്തവണത്തേത് അപേക്ഷിച്ച് കുറവായിരുന്നു. ഇത്തവണ വേനൽമഴ മാറിനിൽക്കുന്നത് ചൂട് വർധിക്കാൻ കാരണമാവുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ ജില്ലയിലും കൂടുതൽ പ്രകടമാവുകയാണ്. നിലവിൽ ജില്ലയുടെ പല ഭാഗങ്ങളും വരൾച്ചയിലേക്ക് നീങ്ങുന്നുണ്ട്.
നിലവിലെ ചൂട് തുടരുകയാണെങ്കിൽ വ്യാപകമായ സൂര്യാതപത്തിന് സാധ്യതയില്ല. എന്നാൽ, ജില്ലയിൽ അന്തരീക്ഷത്തിലെ ഈർപ്പം കുറഞ്ഞുവരുന്ന പ്രവണതയുള്ളതിനാൽ ചൂട് കൂടി സൂര്യാതപമുണ്ടായാൽ ആഘാതം കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന പ്രദേശം പുൽപള്ളി മേഖലയും കുറവ് വൈത്തിരിയിലും സമീപ പ്രദേശങ്ങളിലുമാണ്. വയനാട്ടിൽ പടിഞ്ഞാറത്തറയിലും അമ്പലവയലിലുമായി ഐ.എം.ഡിയുടെ രണ്ട് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളാണുള്ളത്. എം.എസ്. സ്വമിനാഥൻ ഫൗണ്ടേഷന് കീഴിൽ കൽപറ്റയിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ജില്ലയിലുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശപ്രകാരം പുതിയ സ്റ്റേഷനുകൾക്കായി ജില്ലയിൽ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ സർവേ പൂർത്തിയായി. സംസ്ഥാനത്താകെ 85 സ്റ്റേഷനുകൾക്കാണ് പുതുതായി അനുമതി. മഴയുടെ അളവും കാലാവസ്ഥാവ്യതിയാനവും പ്രളയസാധ്യതയുമെല്ലാം കൃത്യമായി അറിയാനും ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കാനും ഇതോടെ സാധ്യമാവും.
മഴമാപിനി അളവ്, താപനില, അന്തരീക്ഷത്തിലെ ജലാംശ കണക്കുകള്‍, കാറ്റിന്റെ വേഗത, അന്തരീക്ഷമര്‍ദം എന്നീ വിവരങ്ങള്‍ കൃത്യമായി കണ്ടെത്താനാവും.
ജാഗ്രത പാലിക്കാം >>>
• സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ഉച്ചസമയത്ത് വെയിലേൽക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യശരീരത്തിലെ താപനിയന്ത്രണസംവിധാനങ്ങള്‍ തകരാറിലാക്കും. തുടര്‍ന്ന് ശരീരപ്രവര്‍ത്തനങ്ങള്‍ തകരാറിലാവും. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, കടുത്ത തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ എന്നിവയും തുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടാവാം. സൂര്യാതപമേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
• കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്ന നിർമാണത്തൊഴിലാളികൾ അടക്കമുള്ളവർക്ക് നേരിട്ട് വെയിൽ ഏല്ക്കുന്ന ശരീരഭാഗങ്ങളിൽ സൂര്യാതപമേറ്റ് ചുവന്ന് തടിക്കാനും വേദനയും പൊള്ളലും ഉണ്ടാകാനും ഇടയുണ്ട്.
• കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. കനത്ത വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രയാധിക്യമുള്ളവരിലും രക്തസമ്മര്‍ദം ഉൾപ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് കൂടുതലായി കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.