വേനൽച്ചൂടിൽ വയനാട്
text_fieldsകൽപറ്റ: കനത്ത വേനൽച്ചൂടിൽ വയനാടും. മുൻവർഷത്തേക്കാൾ ഇത്തവണ ചൂട് വർധിച്ചതായാണ് പറയുന്നത്. 32 ഡിഗ്രിക്കു മുകളിലാണ് വയനാട്ടിലെ താപനില. ഫെബ്രുവരി മുതൽ തന്നെ ജില്ലയിൽ ചൂട് വർധിച്ചിരുന്നു. ഫെബ്രുവരി 21 ആയപ്പോഴേക്കും 30 ഡിഗ്രിക്ക് മുകളിലായതായി അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. മാർച്ചിലെത്തിയതോടെ പിന്നെയും വർധനയുണ്ടായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 30 ഡിഗ്രിയായിരുന്നു താപനില. വേനൽ ആരംഭത്തിൽ തന്നെ ചൂട് ഉയർന്നതുകാരണം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ എത്താനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. താപനില നേരത്തേ ഉയർന്നത് കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ. ക്ഷീരമേഖലയെയും കനത്ത വേനൽ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പച്ചപ്പുല്ലിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലാണ്.
ജലാശയങ്ങൾ വറ്റുന്നു
പുൽപള്ളി: വീണ്ടും വരൾച്ചയുടെ പിടിയിലേക്കെന്ന സൂചന നൽകി ജലാശയങ്ങൾ വറ്റുന്നു. കബനീനദിയിലും കന്നാരംപുഴയിലുമടക്കം പാറക്കെട്ടുകൾ കണ്ടുതുടങ്ങി. മഴക്കാലമെത്താൻ മാസങ്ങൾ ശേഷിക്കേ വരൾച്ച പിടിമുറുക്കുന്നത് കാർഷിക മേഖലയെ ദോഷകരമായി ബാധിക്കും.
മാർച്ച് ആരംഭിച്ചപ്പോൾ തന്നെ കബനീനദിയും കന്നാരംപുഴയും കടമാൻതോടുമെല്ലാം വറ്റിവരളുകയാണ്. നിലവിൽ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ വരൾച്ചയിലേക്ക് നീങ്ങുകയാണ്. കാർഷിക മേഖലക്കാണ് കനത്ത തിരിച്ചടി. വിളകൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയിട്ടുണ്ട്. ജലാശയങ്ങളിൽ വെള്ളം പാടെ കുറഞ്ഞു. കിണറുകളിലും കുളങ്ങളിലുമടക്കം വെള്ളം വറ്റി. രണ്ടാഴ്ചക്കിടെ കബനീനദിയിൽ നാലടിയോളം വെള്ളം താഴ്ന്നു. ഇത്തവണ വേനൽമഴയും പുൽപള്ളി മേഖലയിൽ കുറവായിരുന്നു. പാറക്കൂട്ടങ്ങൾ നദിയിൽ തെളിയാൻ തുടങ്ങിയതോടെ ജലസേചന പദ്ധതികളുടെ പ്രവർത്തനം നിലക്കാൻ സാധ്യതയേറെയാണ്.
പുഞ്ചകൃഷിയിറക്കിയ കർഷകരും ആശങ്കയിലാണ്. ശക്തമായ വേനൽമഴ വൈകാതെ ലഭിച്ചില്ലെങ്കിൽ കാർഷിക മേഖലയിൽ വൻ തിരിച്ചടികളുണ്ടാകും. വയനാട്ടിൽനിന്ന് ഉത്ഭവിക്കുന്ന കബനീനദിയിലെ വെള്ളം ഉപയോഗപ്പെടുത്തുന്നത് പൂർണമായും കർണാടകയാണ്. ബീച്ചനഹള്ളി അണക്കെട്ടിൽ വെള്ളം തടഞ്ഞുനിർത്തി കാർഷിക ആവശ്യങ്ങൾക്ക് കർണാടക തുറന്നുവിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.