മഡ് ഫെസ്റ്റ് രണ്ടാം പതിപ്പിന് വയനാട് ഒരുങ്ങി
text_fieldsകൽപറ്റ: ജില്ലയില്‍ മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ വയനാട് മഡ് ഫെസ്റ്റ് രണ്ടാം പതിപ്പിന് ജൂലൈ ആറിന് തുടക്കമാകും.
ത്രിതല പഞ്ചായത്ത്, വിവിധ വകുപ്പുകള്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മഡ് ഫെസ്റ്റ് നടക്കുന്നത്.
മണ്‍സൂണ്‍ മിനി മാരത്തണ്‍, മഡ് ഫുട്ബാൾ, മണ്‍സൂണ്‍ മഡ് വടംവലി, കയാക്കിങ്, മണ്‍സൂണ്‍ ട്രക്കിങ്, മഡ് വോളിബോള്‍, മണ്‍സൂണ്‍ ക്രിക്കറ്റ്, മഡ് കബഡി, മഡ് പഞ്ച്ഗുസ്തി തുടങ്ങിയ വിവിധ മത്സരങ്ങള്‍ അനുബന്ധമായി നടക്കും. കല്പറ്റ, മാനന്തവാടി, പനമരം താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ ആറ് മുതല്‍ 14 വരെയാണ് ഫെസ്റ്റ് നടക്കുക. ജൂലൈ ആറിന് മണ്‍സൂണ്‍ മിനി മാരത്തോണോടെ മഡ് ഫെസ്റ്റിന് തുടക്കമാവും. വിജയികള്‍ക്ക് 25,000, 15,000, 10,000, 5000, 3000, 2000 രൂപ വിധം കാഷ് അവാര്‍ഡ് ലഭിക്കും.
ജില്ല കലക്ടര്‍ ഡോ. രേണുരാജ് മഡ് ഫെസ്റ്റ് ജേഴ്സി പ്രകാശനം ചെയ്തു. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ വിജയന് ചെറുകര, കെ. അനില്‍കുമാര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ഡി.റ്റി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മത്സങ്ങള്‍, സ്ഥലം, തിയതി
ജൂലൈ ആറിന് പനമരം മുതല്‍ മാനന്തവാടി വരെ നടക്കുന്ന മണ്‍സൂണ്‍ മിനി മാരത്തോണോടെ ജില്ലയില്‍ മഡ് ഫെസ്റ്റിന് തുടക്കമാവും. മാനന്തവാടി താലൂക്ക്തല മഡ് ഫുട്ബാള്‍ മത്സരം, ജില്ലതല മഡ് വോളിബോള്‍ എന്നിവ ജൂലൈ 7, 8 തിയതികളില്‍ മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപവും സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല മഡ് ഫുട്ബാള്‍ മത്സരം ജൂലൈ ഒമ്പതിന് നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂരിലും നടക്കും. സംസ്ഥാനതല കയാക്കിങ് (ഡബിള്‍) മത്സരം ജൂലൈ 10 ന് കറലാട് തടാകത്തില്‍ നടക്കും.
മഡ് വടംവലി, മഡ് കബഡി, മട് പഞ്ചഗുസ്തി മത്സരങ്ങള്‍ ജൂലൈ 11 മുതല്‍ 14 വരെ കാക്കവയല്‍ മഡ് സ്റ്റേഡിയത്തില്‍ നടക്കും. വിവിധ സംഘടനകള്‍ എന്നിവര്‍ക്കായി ജൂലൈ 12 ന് കാക്കവയലില്‍ മഡ് ഫുട്ബാള്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ജൂലൈ 14 ന് കാക്കവയല്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമേ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് എത്തുന്ന ടീമുകളും പങ്കെടുക്കും. ജൂലൈ 14 ന് കാക്കവയലില്‍ മഡ് വടംവലി, മഡ് കബഡി, പഞ്ചഗുസ്തി (ഓപണ്‍ കാറ്റഗറി) മത്സരവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.