ദുരന്തഭൂമിയാണ്, വിനോദസഞ്ചാര കേന്ദ്രമല്ല
text_fieldsകൽപറ്റ: സഞ്ചാരികളേ... നിങ്ങളോടുള്ള അപേക്ഷയാണ്. ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്ത ഭൂമി വിനോദസഞ്ചാര കേന്ദ്രമല്ല. ഇനിയും നിരവധി പേർ ആ മണ്ണിനടിയിലെവിടെയോ കുടുങ്ങിക്കിടക്കുന്നുണ്ട്.
അതിന് മുകളിലൂടെയുള്ള നിങ്ങളുടെ വിനോദയാത്ര അതിജീവിതരോടുള്ള അവഹേളനമാണ്. ശനി, ഞായർ ദിവസങ്ങളിൽ നിരവധി പേർ ചൂരൽമലയിലെ ദുരന്തഭൂമിയിലെത്തിയതോടെ അധികൃതർ ഇവിടേക്കുള്ള പ്രവേശനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കലക്ടറേറ്റിൽ നിന്നും ഉൾപ്പെടെ നൽകിയ പാസുമായാണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ ദുരന്ത ഭൂമിയിൽ എത്തിയത്. ബെയ്ലി പാലം കടന്നാണ് ചിലർ ഇവിടേക്ക് എത്തിയതെങ്കിൽ ചിലർ മറ്റ് വഴികളിലൂടെയാണ് എത്തിയത്. നേരത്തെ നീലി കാപ്പിൽ ബാരിക്കേഡ് തീർത്ത് പൊലീസ് വാഹനങ്ങൾ പരിശോധന നടത്തിയിരുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ഇവിടെ നിന്നു തന്നെ തിരിച്ചയച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ഇവിടെ പരിശോധനയില്ല. ചൂരൽമല പൊലീസ് കൺട്രോൾ റൂമിന് സമീപവും ബെയ്ലി പാലത്തിന് അടുത്തും മാത്രമേ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പരിശോധനയുണ്ടായിരുന്നത്.
അതേസമയം ജോലി ആവശ്യാർഥം തിങ്കളാഴ്ച സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരെ അധികൃതർ തടയുകയും ചെയ്തു. ഇത് പ്രതിഷേധത്തിനിടയാക്കി. ഇതോടെ മന്ത്രി ഒ.ആർ. കേളു ഇടപെട്ടു. മാധ്യമപ്രവർത്തകർക്ക് തങ്ങളുടെ തിരിച്ചറിയൽ കാർഡ് മാത്രം കാണിച്ച് സ്ഥലത്ത് എത്താമെന്ന് ജില്ല കലക്ടർ അറിയിച്ചു.
ശനിയാഴ്ച മുന്നൂറോളം പേരാണ് വിവിധയിടങ്ങളിൽ നിന്ന് ചൂരൽമലയിലും മുണ്ടക്കൈയിലുമായി എത്തിയത്.
മിക്കവരും ഒറ്റക്കും കൂട്ടായും ഫോട്ടോകളും വീഡിയോയും പകർത്തിയത് അതിജീവിതരുടെ പ്രതിഷേധത്തിനുമിടയാക്കി. ദുരന്ത ഭൂമി വിനോദസഞ്ചാര കേന്ദ്രമായി മാറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. ഇതോടെ ആളുകളെ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു.
ചില വ്ലോഗർമാർ ദുരന്തമേഖലയിലെത്തി ഇവിടെ യാതൊരുവിധ നിയന്ത്രണവും ഇല്ലെന്നും പ്രദേശത്ത് സന്ദർശനം നടത്താൻ കഴിയും എന്ന തരത്തിൽ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
അനാവശ്യസന്ദർശനം അനുവദിക്കില്ല -കലക്ടർ
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളില്‍ മതിയായ കാരണങ്ങളും ആവശ്യങ്ങളില്ലാതെ ആളുകള്‍ സന്ദര്‍ശിക്കുന്നത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. പ്രദേശത്ത് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും സന്ദര്‍ശകര്‍ എത്തുന്നതില്‍ പ്രദേശവാസികള്‍ പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഉറപ്പാക്കാന്‍ ജില്ല പൊലീസ് മേധാവിക്കും പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വിനോദസഞ്ചാരികൾ വനമേഖലയിലുടെ ദുരന്ത പ്രദേശങ്ങളില്‍ എത്തുന്നത് തടയാന്‍ സൗത്ത് വയനാട് ഡി.എഫ്.ഒക്കും നിര്‍ദേശം നല്കി. അനാവശ്യമായ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കണ്ട്രോള് റൂമില്‍ നിന്നും പാസ് അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.