ഉരുൾദുരന്തം: കാണാതായവരെ മരിച്ചതായി കണക്കാക്കൽ ഒരു പരാതി പോലുമില്ലാതെ
text_fieldsകൽപറ്റ: ഉരുൾദുരന്തത്തിൽ കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കാനുള്ള സർക്കാർ നടപടിക്രമം പൂർത്തിയായത് ഒരു പരാതി പോലുമില്ലാതെ. എല്ലാവരുടെയും പേരുവിവരങ്ങൾ കഴിഞ്ഞ ഫെബ്രുവരി 10ന് സർക്കാർ അസാധാരണ ഗസറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. ഇവരെ പറ്റിയുള്ള എഫ്.ഐ.ആർ മേപ്പാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇതുസംബന്ധിച്ച ആക്ഷേപങ്ങൾ മാനന്തവാടി സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് 30 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, സമയപരിധി അവസാനിച്ചിട്ടും ഒരു പരാതി പോലും ലഭിച്ചിട്ടില്ല. ആരും ആക്ഷേപമുന്നയിച്ചും രംഗത്തുവന്നില്ല. ഇതോടെയാണ് ഇവരുടെ മരണ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയായത്. ഇനിയും കണ്ടെത്താൻ കഴിയാത്ത 32 പേരെയാണ് മരിച്ചവരായി കണക്കാക്കിയത്. ഔദ്യോഗിക കണക്കു പ്രകാരം മരിച്ചത് 266 പേരാണ്. ജനിതക പരിശോധനയിലൂടെ 96 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.
മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാറിന്റെ ആറു ലക്ഷവും കേന്ദ്ര സർക്കാറിന്റെ രണ്ടു ലക്ഷവുമടക്കം എട്ടു ലക്ഷം രൂപ വീതമാണ് ലഭിക്കുക. ശരീര ഭാഗങ്ങളുടെ ജനിതക പരിശോധനയടക്കം നടത്തിയിട്ടും തിരിച്ചറിയാൻ കഴിയാത്ത 32 പേരെയാണ് മരിച്ചതായി കണക്കാക്കി ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കറ്റ് നൽകുക.
ഇതോടെ മരിച്ചവർക്കുള്ള ആനുകൂല്യങ്ങൾ ഇവരുടെ കുടുംബത്തിനും ലഭിക്കും. സർട്ടിഫിക്കറ്റുകൾ വെള്ളിയാഴ്ച വിതരണം ചെയ്തുതുടങ്ങുമെന്ന് റവന്യൂ മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇന്നലെ നടന്നില്ല.
മേപ്പാടി പൊലീസ് സ്റ്റേഷനിലെ നടപടികൾ കൂടി പൂർത്തീകരിക്കണം. മേപ്പാടി എസ്.ഐ ഇവരുടെ മരണറിപ്പോർട്ടുകൾ ലഭ്യമാക്കണം. ഇതുകിട്ടുന്ന മുറക്ക് മരണസർട്ടിഫിക്കറ്റുകൾ ശനിയാഴ്ച മുതൽതന്നെ വിതരണം ചെയ്യുമെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ഷാജു ‘മാധ്യമ’ത്തോട് പറഞ്ഞു. മരിച്ചയാളുടെ പേര്, പിതാവിന്റെയോ മാതാവിന്റെയോ പേര് എന്നിവ ഉപയോഗിച്ച് അക്ഷയകേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ ബന്ധുക്കൾക്ക് സർട്ടിഫിക്കറ്റുകൾ എടുക്കാം. എല്ലാവരുടെയും മരണദിവസം ദുരന്തം നടന്ന 30-7-2024 എന്നതായിരിക്കും.
ബന്ധുക്കൾക്ക് നേരിട്ട് പഞ്ചായത്തിലെത്തിയും സർട്ടിഫിക്കറ്റ് സ്വീകരിക്കാം. പൊലീസ് നടപടികൾ കൂടി പൂർത്തിയായാലുടൻ വിതരണം നടക്കുമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുവും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.