‘പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഭൂമി ഏറ്റെടുക്കണം’
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സ്ഥിരമായി പുനരധിവസിപ്പിക്കാനായി കണ്ടെത്തിയ ഹാരിസണ്‍, എല്‍സ്റ്റന്‍ എസ്റ്റേറ്റ് ഭൂമി പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി, ഒ.ജെ. മാത്യു എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമപ്രശ്നങ്ങളില്ലാത്ത ഭൂമി കണ്ടെത്തി പുനരധിവാസം സമയബന്ധിതമായി നടത്താന്‍ കഴിയില്ലെങ്കില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിക്കണം. ഭൂമി ദുരന്ത നിവാരണ നിയമനുസരിച്ച് ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറും എസ്റ്റേറ്റ് ഉടമകളുമായുള്ള ഒത്തുകളി സംശയിക്കണം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ല കലക്ടര്‍ ബത്തേരി കോടതിയില്‍ ഫയല്‍ ചെയ്ത സിവില്‍ കേസില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ അനധികൃ കൈവശത്തിലുള്ളതില് 297.1770 ഹെക്ടറില്‍ മാത്രമേ അവകാശം ഉന്നയിച്ചിട്ടുള്ളൂവെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.
ടൗണ്‍ഷിപ് പദ്ധതിക്കായി ദുരന്ത നിവാരണ നിയമപ്രകാരം മേപ്പാടി നെടുമ്പാലയില്‍ ഏറ്റെടുക്കുന്ന ഹാരിസണ്‍ ഭൂമിയും കൽപറ്റ എല്‍സ്റ്റന്‍ ഭൂമിയും സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. ജില്ലയില്‍ ഹാരിസണ്‍ കമ്പനിയുടെ അനധികൃത കൈവശത്തിലുള്ളതെന്ന് കണ്ടെത്തിയ 20,000 ഏക്കര്‍ ഭൂമിയുടെ ഭാഗമാണ് നെടുമ്പാല എസ്റ്റേറ്റ്.
എല്‍സ്റ്റന്‍ എസ്റ്റേറ്റിന്റെ അനധികൃത കൈവശത്തിലുള്ള 630 ഏക്കറിന്റെ ഭാഗമാണ് കല്‍പറ്റയിലേത്. എസ്റ്റേറ്റ് ഭൂമി ദുരന്തനിവരാണ നിയമപ്രകാരം ഏറ്റെടുക്കാമെങ്കിലും അത് സ്ഥിരം പുനരധിവാസത്തിന് ഉപയോഗപ്പെടുത്തിയാൽ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ഭാവിയില്‍ പ്രയാസത്തിനു കാരണമാകും. ഭൂമി ഏറ്റെടുക്കുന്നതിന് എതിരേ രണ്ട് തോട്ടം മാനേജ്മെന്റുകളും ഹൈകോടതിയെ സമീപിച്ചിരിക്കയാണ്. 2013ലെ എ.എ.ആര്.ആർ നിയമമനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്നാണ് തോട്ടം ഉടമകളുടെ ആവശ്യം. ഹാരിസണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ജില്ല കലക്ടര്‍ ബത്തേരി കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. നിയമക്കുരുക്കില്‍ ഉള്പ്പെടാത്തതാകണം ഉരുള്‍ ദുരന്ത ബാധിതര്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഭൂമി. ജില്ലയില്‍ 49 മാനേജ്മെന്റുകളുടെ അനധികൃത കൈവശത്തില്‍ 59,000 എക്കര്‍ ഭൂമിയുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് കമ്പനികളോ വ്യക്തികളോ ട്രസ്റ്റുകളോ കൈവശം വെച്ചിരുന്ന ഭൂമി സ്വാന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ കമ്പനികളോ വ്യക്തികളോ ട്രസ്റ്റുകളോ കൈവശം വെക്കുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നിയമാനുസൃതം സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കില്‍ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമുണ്ടെന്ന് ഹൈകോടതി ഉത്തരവായതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുമ്പ് ലാന്‍ഡ് റിസംപ്ഷന് ഓഫിസറെ നിയമിച്ചിരുന്നു. അദ്ദേഹം സംസ്ഥാന വ്യാപകമായി അനധികൃത കൈവശത്തിലെന്നു കണ്ടെത്തിയ 1,40,000 ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടതാണ് വയനാട്ടിലെ 59,000 ഏക്കര്‍. 100 ഏക്കറില്‍ കൂടുതല്‍ അനധികൃത കൈവശത്തിലുള്ള ഭൂമിയുടെ കണക്കെടുപ്പ് മാത്രമാണ് ഇതിനകം നടന്നത്.
ഭൂമി തിരിച്ചുപിടിക്കാന്‍ സിവില്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വയനാട്ടില്‍ ഒരു കേസ് ഫയല്‍ ചെയ്തത് സമീപ ദിവസം മാത്രമാണ്.
എസ്റ്റേറ്റുകൾക്കെതിരെ നടപടി വേണം -സി.പി.ഐ (എം.എൽ)
കൽപറ്റ: പുനരധിവാസത്തെ അട്ടിമറിക്കുന്ന എച്ച്.എം.എൽ, എൽസ്റ്റൺ കമ്പനി മാനേജ്മെന്റിനെതിരെ ഹൈകോടതി കർശന നടപടി സ്വീകരിച്ച് സ്ഥലം ഏറ്റെടുക്കാൻ ഉത്തരവ് ഇറക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കലക്ടറേറ്റിന് മുന്നിൽ 57 ദിവസമായി തുടരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ബുധനാഴ്ച കലക്ടറേറ്റിന് മുന്നിൽ ദുരന്തബാധിതരുടെ ധർണ നടത്തും. കേന്ദ്ര കമ്മിറ്റി അംഗം എം.കെ. ദാസൻ ഉദ്ഘാടനം ചെയ്യും. എൻ. ബാദുഷ ( വയനാട്പ്രകൃതി സംരക്ഷണ സമിതി), സുലോചന രാമകൃഷ്ണൻ (വിമെൻസ് വോയ്സ്) എ.എം. സ്മിത (എയർവൊ), വർഗീസ് വട്ടേക്കാട്ടിൽ (പശ്ചിമഘട്ട സംരക്ഷണ സമിതി), ഡോ. പി.ജി. ഹരി (ആരോഗ്യ- മനുഷ്യാവകാശ പ്രവർത്തകൻ), ടി.സി. സുബ്രഹ്മണ്യൻ (ടി.യു.സി.ഐ), കെ. ബാബുരാജ് (എ.ഐ.കെ.കെ.എസ്), വേണുഗോപാൽ കുനിയിൽ (കൾച്ചറൽ ഫോറം) എന്നിവർ സംസാരിക്കും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.