ഉരുൾദുരന്തം; അഞ്ചു സെന്റിലെ പുനരധിവാസം അംഗീകരിക്കില്ലെന്ന് അതിജീവിതർ
text_fieldsകൽപറ്റ: ടൗൺഷിപ്പിൽ ഒരു കുടുംബത്തിന് അഞ്ചുസെന്റ് മാത്രം നൽകുന്ന പുനരധിവാസം അംഗീകരിക്കില്ലെന്ന് ഉരുൾദുരന്തബാധിതർ. ഏഴ് മാസം പിന്നിടുമ്പോഴും മുണ്ടക്കൈ ഉരുൾദുരന്തബാധിതരുടെ പുനരധിവാസ നടപടികൾ ഇഴയുന്നതിലും ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാത്തതിലും പ്രതിഷേധിച്ച് ദുരിതബാധിതർ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. സർക്കാർ മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. കേന്ദ്ര സർക്കാറും മതിയായ ഫണ്ടനുവദിക്കാതെ ദുരിതബാധിതരോട് ക്രൂരത കാണിക്കുകയാണ്.
ഇതിൽ പ്രതിഷേധിച്ചാണ് 24ന് കലക്ടറേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തുന്നതെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി കൺവീനർ ജെ.എം.ജെ മനോജ്, ചെയർമാൻ കെ. മൻസൂർ, ട്രഷററർ എം. വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില് ഇടം പിടിച്ചത് 242 പേര് മാത്രമാണ്.
ജോൺ മത്തായി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അടുത്ത പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനാൽതന്നെ ആരൊക്കെ പട്ടികയിൽനിന്ന് പുറത്താകുമെന്ന ആശങ്കയിലാണ് 10, 11, 12 വാർഡുകളിലെ ജനങ്ങൾ. എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ് പദ്ധതിയിൽ കുടുംബത്തിന് അഞ്ച് സെന്റ് മാത്രമാണ് ലഭിക്കുകയെന്നാണ് സർക്കാർ പറയുന്നത്. ഇത്തരത്തിൽ ഞെങ്ങിഞെരുങ്ങിക്കഴിയാൻ തങ്ങൾക്കാകില്ല. അഞ്ചു സെന്റ് എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ തുടർസമരങ്ങൾ നടത്തും. ജനകീയ സമിതി 531പേരുടെ പട്ടികയാണ് നൽകിയത്. ദുരന്തം ബാധിച്ചതിന് തൊട്ടടുത്തുള്ളവർ ഏറെ ആശങ്കയിലാണ്. ആദ്യഘട്ടത്തിൽ സർക്കാർ പറഞ്ഞിരുന്നത് മേപ്പാടി ഭാഗത്ത് കഴിയാൻ ആഗ്രഹിക്കുന്നവർക്ക് നെടുമ്പാലയിലും കൽപറ്റയിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലും ടൗൺഷിപ് ഒരുക്കുമെന്നായിരുന്നു. ഇപ്പോൾ എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രം ടൗൺഷിപ് വരുമെന്നാണ് കേൾക്കുന്നത്.
അങ്ങനെ വന്നാൽ മുണ്ടക്കൈയിലുള്ളവർക്ക് ഇരുവശത്തേക്കുമായി 60 കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥവരും. ദുരന്തബാധിത പ്രദേശങ്ങളിൽ ഇപ്പോഴും അതിജീവിതരുടെ കൃഷിഭൂമിയടക്കം ഉള്ള സാഹചര്യത്തിൽ ഇത് പ്രായോഗികമല്ല. പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട തങ്ങൾ വീണ്ടും സമരം ചെയ്യേണ്ട ഗതികേടിലാണെന്നും ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.