അറിവും ചിന്തയും പകർന്ന് വയനാട് സാഹിത്യോത്സവം
text_fieldsകൽപറ്റ: ചരിത്രത്തിൽ ആദ്യമായി വയനാട് വേദിയാവുന്ന സാഹിത്യോത്സവം അറിവിന്റെയും ചിന്തകളുടെയും വ്യത്യസ്ത അഭിപ്രായങ്ങളുടെയും സംഗമ വേദിയായി. മാനന്തവാടി ദ്വാരകയിലെ നാലു വേദികളിലായി അരങ്ങേറുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (ഡബ്ല്യു.എൽ.എഫ്) ആദ്യദിനത്തിൽ അരുന്ധതി റോയി, സഞ്ജയ് കാക്, സച്ചിദാനന്ദൻ, സക്കറിയ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ സംസ്കാരം; ബഹുസ്വരതയുടെ പ്രതിസന്ധി എന്ന വിഷയത്തിൽ സച്ചിദാനന്ദൻ നടത്തിയ പ്രഭാഷണം ഏറെ കാലിക പ്രസക്തമായി. ‘പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും’ എന്ന തലക്കെട്ടിൽ അരുന്ധതി റോയി ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസുമായി നടത്തിയ സംഭാഷണം ആദ്യ ദിനത്തെ വേറിട്ടതാക്കി. അരുന്ധതി റോയിയുടെ ‘ആസാദി’ എന്ന പുസ്തകത്തിൽ നിന്നുള്ള പ്രസക്ത ഭാഗം പുസ്തകത്തിന്റെ വിവർത്തകനായ ഡോ. ജോസഫ് കെ. ജോബ് വായിച്ചു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം വേദി ഒന്ന് മാവേലി മൺറത്തിൽ എഴുത്തിന്റെ വയനാടൻ ഭൂമിക എന്ന സെഷനിൽ ഷാജി പുൽപ്പള്ളി മോഡറേറ്ററായി. കൽപറ്റ നാരായണൻ, കെ.ജെ. ബേബി, ഷീലാ ടോമി, കെ.യു. ജോണി എന്നിവർ സംസാരിച്ചു. ‘ലോക നവീകരണത്തിൽ ദലിത് - ആദിവാസി സമൂഹത്തിന്റെ എഴുത്തും ഭാവനയും’ സെഷനിൽ കെ.കെ. സുരേന്ദ്രൻ മോഡറേറ്ററായിരുന്നു. സണ്ണി എം. കപിക്കാട്, ധന്യ വേങ്ങച്ചേരി, സുകുമാരൻ ചാലിഗദ്ധ , മണിക്കുട്ടൻ പണിയൻ എന്നിവർ സംസാരിച്ചു. വേദി രണ്ട് നെല്ലിൽ വയനാടൻ കോലായ എന്ന പേരിൽ പി.കെ. പാറക്കടവുമായുള്ള സാഹിത്യ വർത്തമാനത്തിൽ ജിത്തു തമ്പുരാൻ, ഷീമ മഞ്ചാൻ, സ്റ്റെല്ല മാത്യു, ആലീസ് ജോസഫ്, അനീസ് മാനന്തവാടി, പ്രതീഷ് താന്നിയാട്, ദാമോദരൻ ചീക്കല്ലൂർ, ആയിഷ മാനന്തവാടി എന്നിവർ പങ്കെടുത്തു. വേദി രണ്ടിലെ കവിയരങ്ങിൽ മുസ്തഫ ദ്വാരക മോഡറേറ്ററായി. അസീം താന്നിമൂട്, ആർ. ലോപ , ശൈലൻ, കെ.പി. സിന്ധു , ഷീജ വക്കം , ആർ. തുഷാര, എം.പി. പവിത്ര , വിമീഷ് മണിയൂർ, അബ്ദുൽ സലാം, വിഷ്ണു പ്രസാദ്, സാദിർ തലപ്പുഴ, അനിൽ കുറ്റിച്ചിറ, പ്രീത ജെ. പ്രിയദർശിനി തുടങ്ങിയവർ പങ്കെടുത്തു.
‘ലോക സിനിമയും മലയാള സിനിമയും’ സെഷനിൽ ഒ.കെ. ജോണി മോഡറേറ്റായി. ബീന പോൾ, ഡോൺ പാലത്തറ, മനോജ് കാന എന്നിവർ സംസാരിച്ചു. മേളയിലെ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ബീന പോൾ നിർവഹിച്ചു. ‘കഥയരങ്ങ് - കഥയുടെ ചില വർത്തമാനങ്ങൾ’ സെഷനിൽ വി.എച്ച്. നിഷാദ് മോഡറേറ്റായി. സക്കറിയ, പി.കെ. പാറക്കടവ്, എസ്. സിതാര എന്നിവർ പങ്കെടുത്തു. ‘കോവിഡാനന്തര ലോകം, ആരോഗ്യം, സാഹിത്യം, സംസ്കാരം‘ സെഷനിൽ മനു പി. ടോംസ് മോഡറേറ്ററായി. കൽപറ്റ നാരായണൻ, ഡോ. ടി. ജയകൃഷ്ണൻ, ഡോ. ഗോകുൽദേവ്, ശ്യാം സുധാകർ എന്നിവർ സംസാരിച്ചു. രാത്രി വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയുടെ ആവിഷ്കാരം നവാസ് മന്നൻ നടത്തി. തുടർന്ന് അലക്സ് പോൾ സംഗീത സംവിധാനം നിർവഹിച്ച ട്രൈബൽ ബാൻഡിന്റെ പ്രകടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.