വയനാട് പാക്കേജ്: 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
text_fieldsകൽപറ്റ: വയനാട് പാക്കേജില്‍ 2022-23 സംസ്ഥാന ബജറ്റില്‍ അനുവദിച്ച 75 കോടിയില്‍ ഉള്‍പ്പെട്ട 25.29 കോടിയുടെ 11 പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി. ജില്ല കലക്ടര്‍ ചെയര്‍മാനായ ജില്ലതല സമിതിയാണ് 11 പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. പരമാവധി അഞ്ചുകോടി വരെയുള്ള അടങ്കല്‍ തുകയുള്ള പദ്ധതികള്‍ക്കാണ് ജില്ലതല സമിതിക്ക് അംഗീകാരം നല്‍കാനാവുക.
പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ വീടുകളുടെയും ഓഫിസുകളുടെയും നിർമാണം -2.20 കോടി. വന്യജീവി ശല്യം പ്രതിരോധിക്കുന്നതിന് മാനന്തവാടി, ബത്തേരി, കല്പറ്റ മണ്ഡലങ്ങളില്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്ഥാപിക്കല്‍ - നാലു കോടി, ചീരാല്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍ നിർമാണം - 2.91 കോടി.
കാപ്പിസെറ്റ് പ്രീ-മെട്രിക് ഹോസ്റ്റല്‍ നിർമാണം -രണ്ടു കോടി, അമ്പലവയല്‍ മട്ടപ്പാറ പ്രീ-മെട്രിക് ഹോസ്റ്റല്‍ നിർമാണം -രണ്ടു കോടി, മാനന്തവാടി ഗവ. എൻജിനീയറിങ് കോളജില്‍ ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം സ്ഥാപിക്കല്‍ -1.20 കോടി, മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ കുട്ടികളുടെ പാര്‍ക്ക് നിർമാണം - 1.20 കോടി, ബത്തേരി ടൗണ്‍ സ്ക്വയറില്‍ ഓപണ്‍ ജിം -1.125 കോടി, കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ നോളജ് പാര്‍ക്ക് - 4.155 കോടി.
അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ കീടനാശിനി അവശിഷ്ട പരിശോധന ലബോറട്ടറി സ്ഥാപിക്കല്‍ - നാലു കോടി, കാലാവസ്ഥ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തല്‍ -50 ലക്ഷം എന്നീ പ്രോജക്ടുകള്‍ക്കാണ് ഭരണാനുമതി നല്‍കിയത്.
അനുമതി ലഭ്യമായ പദ്ധതികളുടെ നിര്‍വഹണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തിൽ ജില്ല കലക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശം നല്കി. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരാന്‍ പാടില്ല. വന്യജീവി പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെയാണ് പരിഗണിക്കപ്പെട്ടത്. ഹോസ്റ്റലുകളുടെ നിർമാണം തുടങ്ങിയവയെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും അവർ പറഞ്ഞു.
ജില്ലയുടെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജില്‍ ഉള്‍പ്പെട്ട മറ്റു പ്രോജക്ടുകളുടെ നിര്‍വഹണവും നടപടിക്രമങ്ങളും ജില്ലയില്‍ പുരോഗമിക്കുകയാണ്. എ.ഡി.എം എന്‍.ഐ.ഷാജു, സബ്കലക്ടര്‍ ആര്. ശ്രീലക്ഷ്മി, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. മണിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.