വയനാട് ചുരം: കലക്ടറും പറയുന്നു...'വേണം നിയന്ത്രണം'
text_fieldsകൽപറ്റ: വയനാട് ചുരത്തിലൂടെ അമിതഭാരം കയറ്റിയുള്ള വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരം നിയന്ത്രിക്കപ്പെടമെന്ന് ജില്ല കലക്ടർ എ. ഗീത. 24 മണിക്കൂറും ഇടതടവില്ലാതെയുള്ള ഭീമൻ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണം ആവശ്യമാണ്. ഏതുരീതിയിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല അധികൃതരുമായി ആലോചിക്കുമെന്നും കലക്ടർ പറഞ്ഞു. വയനാട് ചുരം എന്ന് നമ്മൾ പറയുമെങ്കിലും അത് നമ്മുടെ അധികാരപരിധിയിലല്ല. ചുരം റോഡ് നിലവിൽ കോഴിക്കോട് ജില്ലയുടെ ഭാഗമാണ്. പല നിർണായക ഘട്ടങ്ങളിലും നമുക്ക് തീരുമാനങ്ങളെടുക്കുന്നതിന് അതുകൊണ്ടുതന്നെ പരിമിതിയുണ്ട്.
പൊലീസിന്റെ ഇടപെടൽ അടക്കം കോഴിക്കോട് ജില്ലയിൽ നിന്നാണുണ്ടാവേണ്ടത്. കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പക്ഷം ഞങ്ങൾ അങ്ങോട്ട് അറിയിക്കുകയാണ് ചെയ്യുന്നത്. നമുക്ക് ഇടപെടാൻ പറ്റാത്ത ഒരു അവസ്ഥയുണ്ട്. ഭീമൻ വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരം നിയന്ത്രിക്കണമെന്ന അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്നും കലക്ടർ പറഞ്ഞു.
ഒരു സമയ നിയന്ത്രണം പോലുമില്ലാതെ പോകുന്ന അവസ്ഥയുണ്ട്. അതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം കോഴിക്കോട്ട് കലക്ടറുമായി കൂടിയാലോചിക്കും. എത്രത്തോളം നിയന്ത്രിക്കാനാവുമെന്നറിയില്ല. രാത്രി മാത്രം വിട്ടാലും അതും ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. ബന്ധപ്പെട്ട അധികൃതരുമായും പൊലീസുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തുമെന്നും കലക്ടർ പറഞ്ഞു. ചുരത്തിൽ ഈയിലെ പാറക്കല്ല് ഇളകിവീണ് ബൈക്ക് യാത്രികൻ മരിച്ചത് ചുരത്തിന്റെ സുരക്ഷയില്ലായ്മയിലേക്കുള്ള ഗുരുതര സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. ചുരത്തിൽ ഒരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുന്ന കൂറ്റൻ ടോറസുകളും ടിപ്പറുകളും ചുരത്തിന്റെ ബലക്ഷയത്തിന് വഴിയൊരുക്കുന്നുവെന്ന ആശങ്ക ഏറെക്കാലമായി പലരും ഉയർത്തുന്നുണ്ട്. എന്നിട്ടും അധികൃതർ ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമാണ്.തുടക്കത്തില്‍ വാഹനങ്ങളില്‍ ഓവര്‍ ലോഡ് അടക്കം പരമാവധി 25 ടണ്‍ ഭാരമുള്ള ടിപ്പറുകളായിരുന്നു വയനാട്ടിലേക്ക് ലോഡ് എത്തിച്ചിരുന്നത്.
മള്‍ട്ടി ആക്സില്‍ ടിപ്പറുകള്‍ കടന്നുവന്നതോടുകൂടി ഓവര്‍ലോഡ് അടക്കം 50 ടണ്ണിലധികം ലോഡുമായി നൂറുകണക്കിന് വാഹനങ്ങളാണ് ദിനേന വയനാട് ചുരം കയറുന്നത്. ഒരുവിധ സമയക്രമവും ബാധകമല്ലാതെ, അധികൃതരുടെ ഒത്താശയോടെ ക്വാറി മാഫിയ നിർബാധം സഞ്ചരിക്കുമ്പോൾ നടപടിയെടുക്കേണ്ടവർ സംരക്ഷകരാവുകയാണെന്നാണ് വിവിധ കോണുകളിൽനിന്നുള്ള ആരോപണം.
വാഹന ബാഹുല്യം; ചുരത്തിൽ ഗതാഗതക്കുരുക്ക്
വൈത്തിരി: പെരുന്നാൾ ആഘോഷത്തിന് ജില്ലയിലേക്കൊഴുകിയ സഞ്ചാരികളുടെ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായപ്പോൾ ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. അമിത ഭാരം കയറ്റിയ വമ്പൻ ടിപ്പർ ലോറികളുടെ ആധിക്യം കനത്ത ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി. വാഹനങ്ങൾ കയറാനും ഇറങ്ങാനും മണിക്കൂറുകളാണെടുത്തത്. ആംബുലൻസുകളടക്കം അത്യാവശ്യ യാത്രവാഹനങ്ങളും കുരുക്കിൽപെട്ടു. താമരശ്ശേരി ചുങ്കത്തും കനത്ത വാഹനത്തിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.