വയനാട് മഴ മഹോത്സവം ജൂലൈ എട്ട് മുതൽ
text_fieldsകല്പറ്റ: സംസ്ഥാന ടൂറിസം വകുപ്പ്, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന 11ാമത് വയനാട് മഴമഹോത്സവം ‘സ് പ്ലാഷ് 2023’ ജൂലൈ എട്ട് മുതല്‍ 15 വരെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിപാടികള്‍, ബിസിനസ് മീറ്റ്, കലാസന്ധ്യ തുടങ്ങിയവ മഹോത്സവത്തിന്റെ ഭാഗമാണ്. മഡ് ഫുട്ബോള്‍, കയാക്കിങ്, സൈക്ലിങ്, മൗണ്ടെയ്ന് ബൈക്കിങ് എന്നിവ ഔട്ട് ഡോര്‍ മത്സര ഇനങ്ങളാണ്.
ജൂലൈ പത്തിന് രാവിലെ 10 മുതല്‍ സുല്‍ത്താന്‍ബത്തേരി സപ്ത റിസോര്‍ട്ടിലാണ് ബിസിനസ് മീറ്റ്. കേരളത്തിനകത്തും പുറത്തുംനിന്നു 120 സംരംഭകരും 600 ട്രാവല്‍ ഏജന്‍സികളും പങ്കെടുക്കും. വൈകീട്ട് 5.30ന് അതിഥികള്‍ക്കായി വടംവലി, മഡ്ഫുട്ബാള്‍ പ്രദര്‍ശന മത്സരം ഉണ്ടാകും.
14,15 തീയതികളില്‍ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കും. 15ന് വൈകീട്ട് അഞ്ചിനു കൃഷ്ണഗൗഡര്‍ ഹാളിലാണ് സമാപന സമ്മേളനം. അന്താരാഷ്ട്ര ടൂറിസം പ്രമോഷന്റെ ഭാഗമായി 50 ഓളം പേര് അടങ്ങുന്ന ‘ബ്ലോഗ് എക്സ്പ്രസ്’ മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ എത്തുമെന്നും സംഘാടകർ പറഞ്ഞു.
കേരള ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ ഡി.വി. ഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, ഡബ്ല്യു.ടി.ഒ പ്രസിഡന്റ് വാഞ്ചീശ്വരന്‍, വൈസ് പ്രസിഡന്റ് സി.സി. അഷ്റഫ്, ജനറല്‍ സെക്രട്ടറി സി.പി. ശൈലേഷ്, ട്രഷറര്‍ ബാബു വൈദ്യര്, സംഘാടക സമിതി ചെയര്മാന് ജോസ് കെന്നഡി, കണ്‍വീനര്‍ പി. അനൂപ്, ഔട്ട് ഡോര്‍ ഇവന്റ്സ് കണ്‍വീനര്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
മഴ മഹോത്സവത്തിന്റെ ലക്ഷ്യം ധൂര്‍ത്ത് -ഡബ്ല്യു.ടി.എ
കല്പറ്റ: മഴമഹോത്സവത്തില് വയനാട്ടിലെ പ്രമുഖ ടൂറിസം സംരംഭകരെ ഒഴിവാക്കിയതായി വയനാട് ടൂറിസം ഓർഗനൈസേഷൻ (ഡബ്ലു.ടി.എ) ആരോപിച്ചു. മഹോത്സവത്തിൽ ലക്ഷങ്ങള്‍ ചെലവഴിക്കപ്പെടുകയാണെന്ന പരാതി ഉയരുന്നുണ്ടെന്നും ആയിരത്തിലധികം അംഗങ്ങളുള്ള ഡബ്ലു.ടി.എയെ ടൂറിസം വകുപ്പ് മഹോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇവർ ആരോപിച്ചു. കഴിഞ്ഞ തവണ 30 ലക്ഷം അനുവദിച്ചത് വിവാദമായിരുന്നു.
സ് പ്ലാഷിന് ശേഷം വരുന്ന വിനോദസഞ്ചാരികളെ സംഘടനയിലെ ചിലരുടെ മാത്രം റിസോര്‍ട്ടുകളിലേക്ക് പ്രൊമോട്ടു ചെയ്യുകയാണന്നും ആരോപണമുണ്ട്. വിനോദസഞ്ചാരം പഠിക്കാനെന്ന പേരില്‍ ചിലര്‍ വിദേശയാത്ര നടത്താനാണ് ഇതിനെ ഉപയോഗിക്കുന്നതെന്നും ഡബ്ല്യു.ടി.എ പ്രസിഡന്റ് കെ.പി. സൈയ്തലവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.