റവന്യൂ ജില്ല സ്കൂൾ കലോത്സവം ഇന്നുമുതൽ
text_fieldsകൽപറ്റ: 43ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവം ചൊവ്വാഴ്ച മുതൽ നാല് ദിവസം നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഒമ്പത് വേദികളിലായാണ് മത്സരം. മൂവായിരത്തോളം പ്രതിഭകൾ 240 ഇനങ്ങളിൽ മാറ്റുരക്കുന്ന കലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അഞ്ച് ഗോത്ര ഇനങ്ങൾ കൂടി ഇത്തവണ മത്സരത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 103 അപ്പീലുകളാണ് ഇത്തവണയുള്ളത്. ചൊവ്വാഴ്ച രചനാ മത്സരങ്ങളും ബുധനാഴ്ച മുതൽ സ്റ്റേജിനങ്ങളും നടക്കും. ഹയർ സെക്കൻഡറി, എൽ.പി സ്കൂൾ, കെ.ജെ ഓഡിറ്റോറിയം, കോഓപറേറ്റിവ് കോളജ് എന്നീ സ്ഥാപനങ്ങളിൽ സൂര്യകാന്തി, ജ്വാലാമുഖി , സ്വർണച്ചാമരം, ഇന്ദ്രനീലം, രജനീഗന്ധി, സാലഭഞ്ജിക, ചിത്രവനം ചക്കരപ്പന്തൽ, ചന്ദ്രകളഭം എന്നീ പേരുകളിലാണ് വേദികളുടെ സജീകരണം.
ദിനേനെ 4500 പേർക്ക് മൂന്നു നേരങ്ങളിലായി ഭക്ഷണം ലഭ്യമാക്കും. ബുധനാഴ്ച വൈകീട്ട് 3.30ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും.
29ന് സമാപന സമ്മേളനത്തിൽ മന്ത്രി ഒ.ആർ. കേളു, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ ഡി.ആർ. മേഘശ്രീ എന്നിവർ പങ്കെടുക്കും.
ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്, എസ്.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആന്റോ വി. തോമസ്, പബ്ലിസിറ്റി കൺവീനർ നിസാർ കമ്പ, പ്രധാനാധ്യാപകൻ ഇ.കെ. വർഗീസ്, പി.ടി.എ പ്രസിഡന്റ് വിൻസന്റ് തോമസ്, ഇ.ടി. റിഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മീഡിയ, പബ്ലിസിറ്റി ഓഫിസ് ഉദ്ഘാടനം
നടവയൽ: വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ മീഡിയ, പബ്ലിസിറ്റി ഓഫിസ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, പ്രിൻസിപ്പൽ ആന്റോ വി. തോമസ്, പബ്ലിസിറ്റി കൺവീനർ നിസാർ കമ്പ, പ്രധാനാധ്യാപകൻ ഇ.കെ. വർഗീസ്, വാർഡ് മെംബർ തങ്കച്ചൻ നെല്ലിക്കയം, എം. നാസർ, അന്നക്കുട്ടി, സി. നാസർ എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.