സംരംഭക രംഗത്തെ സാധ്യത വയനാട് പ്രയോജനപ്പെടുത്തണം –മന്ത്രി പി. രാജീവ്
text_fieldsകൽപറ്റ: സംരംഭക രംഗത്തെ സാധ്യതകള്‍ ജില്ല പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്ദ്രിയ ഓഡിറ്റോറിയത്തില്‍ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥല ലഭ്യതയാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ഇതര കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. ഇത് ജില്ലയില്‍ പ്രയോജനപ്പെടുത്തണം. ഫലവര്‍ഗ ഉല്‍പാദനത്തിനും അനുബന്ധ പദ്ധതികള്‍ക്കുമായി തോട്ടം ഭൂമി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
സംരംഭക വര്‍ഷത്തില്‍ ജില്ലയില്‍ വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ 3687 സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ജില്ലയില്‍ ഇതിനകം 2797 യൂനിറ്റുകള്‍ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്.
ലക്ഷ്യമിട്ടതിന്റെ 75 ശതമാനമാണിത്. 167 കോടിയുടെ നിക്ഷേപവും 5903 തൊഴിലവസരങ്ങളും ഇക്കാലയളവില്‍ സൃഷ്ടിക്കാനും സാധിച്ചു. അഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു. സംസ്ഥാന തലത്തില്‍ ജില്ല ഒന്നാം സ്ഥാനത്താണ്. ജില്ല വ്യവസായ കേന്ദ്രത്തിന്റെ പ്രയത്‌നത്തിനെ അഭിനന്ദിക്കുന്നവെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ആത്മ വിശ്വാസം കാണിക്കണം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വായ്പ നിക്ഷേപ അനുപാതം സംസ്ഥാനത്ത് കുറവാണ്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കേരള ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ സജ്ജമാക്കും. ഉല്‍പന്ന വിതരണത്തിനായി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ശൃംഖലയും തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
സംരംഭകരെ ഓഫിസിലേക്ക് വിളിച്ചു വരുത്തരുത്
മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി നിലവിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറേ കൂടി ശക്തപ്പെടുത്താനുള്ളതാണെന്നും സംരംഭകര്‍ക്ക് പ്രയാസങ്ങള്‍ അറിയിക്കാന്‍ നിയമപരമായ പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
അഞ്ചു കോടി വരെയുള്ള നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലതല സമിതി തീര്‍പ്പാക്കും. അതിന് മുകളിലുള്ളവയും അപ്പീലും സംസ്ഥാനതല സമിതി പരിഗണിക്കും.
തീരുമാനം മുപ്പത് ദിവസത്തിനകം നടപ്പിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കുന്ന സംരംഭകരെ ഓഫിസുകളിലേക്ക് വിളിച്ച് വരുത്തുന്ന രീതി ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതായി കാണുന്നുണ്ട്. അത് ആശാസ്യകരമായ നടപടിയല്ലെന്ന് മന്ത്രി പറഞ്ഞു.
സംരംഭകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ജില്ലതലത്തില്‍ എം.എസ്.എം.ഇ ക്ലിനിക്കുകള്‍ തുടങ്ങിയിട്ടുണ്ട്.
14 പരാതികൾ തീർപ്പാക്കി
മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിൽ സംരംഭകരുടെ പ്രശ്‌നങ്ങളും പരാതികളും മന്ത്രി പി. രാജീവ് നേരിട്ട് കേട്ട് പരിഹാര നിർദേശങ്ങൾ നൽകി. നേരത്തെ രജിസ്റ്റര്‍ ചെയ്ത 38 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 14 എണ്ണം തീര്‍പ്പാക്കി. 24 എണ്ണം തുടര്‍ നടപടികള്‍ക്കായി മാറ്റി. പുതിയതായി ലഭിച്ച 25 പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി, ബാങ്ക്, വായ്പ തിരിച്ചടവ്, സംബന്ധമായ പരാതികളാണ് അദാലത്തിലേക്ക് എത്തിയത്.
കോവിഡ് പ്രതിസന്ധിയില്‍ നിര്‍മാണ നിലച്ചു പോയതും ഇപ്പോള്‍ പരിമിതമായി ഉൽപാദനം ആരംഭിച്ചതുമായ സഞ്ചി നിര്‍മാണ യൂനിറ്റ് വിപണന സഹായം തേടി സമര്‍പ്പിച്ച അപേക്ഷയില്‍ സിവില്‍ സപ്ലൈസ് കോർപറേഷന്റെ സഹായ സാധ്യത പരിശോധിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
പ്രകൃതി ക്ഷോഭം മൂലം സ്ഥാപനം നശിച്ചതിനാല്‍ വായ്പ അടക്കാന്‍ ബുദ്ധിമുട്ടിയ സംരംഭകയുടെ അപേക്ഷയില്‍, എന്‍ ഊരില്‍ മില്‍മ ബൂത്ത് തുടങ്ങുന്നതിന് അനുമതി ലഭിക്കുന്നതിനനുസരിച്ച് ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി.
സംസ്ഥാനത്ത് 88,217 സംരംഭങ്ങള്‍
വ്യവസായ വകുപ്പ് ആവിഷ്കരിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ സംസ്ഥാനത്ത് ഏഴ് മാസം കൊണ്ട് 88217 സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു. 2022 - 23 വര്‍ഷം സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചതിന് ശേഷം നല്ല പിന്തുണയാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് ശരാശരി പ്രതിവര്‍ഷം പതിനായിരം രജിസ്‌ട്രേഷന്‍ നടക്കുന്ന സ്ഥാനത്താണ് ഈ മാറ്റം.
5458.89 കോടിയുടെ നിക്ഷേപവും ഇക്കാലയളവിലുണ്ടായി. 1,92,561 പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചു. തദ്ദേശ സ്ഥാപനങ്ങളും ബാങ്കുകളും പിന്തുണ നല്‍കിയാല്‍ കേരളം സംരംഭകരുടെ പറുദീസയാകുമെന്നും മന്ത്രി പറഞ്ഞു.
പട്ടയഭൂമി: യോജിച്ച തീരുമാനമെടുക്കും
ഡബ്ല്യൂ.സി.എസ് പട്ടയഭൂമികളിലെ വ്യവസായ സംരംഭം ആരംഭിക്കുന്നതിന് ലൈസന്‍സ് ലഭ്യമാക്കുന്നത് സംബന്ധിച്ച് ലഭ്യമായ പരാതികളില്‍ വിശദമായി പരിശോധിച്ച് പൊതുവായ മാനദണ്ഡപ്രകാരം തീരുമാനങ്ങളെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ആവശ്യമുള്ള പരാതികളില്‍ പരിശോധന നടത്താന്‍ മന്ത്രി ജില്ല കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വായ്പകളില്‍ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ കെ.എഫ്.സി, ബന്ധപ്പെട്ട ബാങ്കുകളോടും നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. അദാലത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷമി, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി, കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ ജി. അശോക് ലാല്‍, വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.എസ്. സിമി, എ.ഡി.എം എന്‍.ഐ ഷാജു, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ എന്നിവരും കെ.എസ്.ഇ.ബി, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലേബര്‍, ഫയര്‍ ആൻഡ് സേഫ്റ്റി, മൈനിങ്ങ് ആൻഡ് ജിയോളജി തുടങ്ങി വിവിധ വകുപ്പുകളുടെ മേധാവികളും ബാങ്ക് പ്രതിനിധികളും പങ്കെടുത്തു.
ജില്ലയുടെ വ്യവസായ നിക്ഷേപക സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന് മന്ത്രി ജില്ലയിലെ എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി. സിദ്ദീഖ് എന്നിവരുമായി ചര്‍ച്ച നടത്തി. ജില്ലയുടെ വികസന സാധ്യതകളും പ്രയാസങ്ങളും ജനപ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. വയനാട്ടിലെ ഉല്‍പന്നങ്ങളും സാധ്യതകളും ബ്രാന്‍ഡ് ചെയ്യുന്നതടക്കമുളള വിവിധ വിഷയങ്ങളും അവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുമായും മന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.