ടൗൺഷിപ് തറക്കല്ലിടൽ 27ന്; പ്രശ്നപരിഹാരമില്ലെങ്കിൽ എൽസ്റ്റൺ എസ്റ്റേറ്റ് ഒഴിയില്ലെന്ന് തൊഴിലാളികൾ
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ് നിർമാണത്തിനായി തിരഞ്ഞെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ തുടർസമരമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ നേതാക്കൾ. എസ്റ്റേറ്റിന്റെ പുൽപാറ ഡിവിഷൻ ടൗൺഷിപ്പിനായി സർക്കാർ പൂർണമായി ഏറ്റെടുക്കുകയാണ്.
മാർച്ച് 27ന് ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിടും. എന്നിട്ടും എസ്റ്റേറ്റിലെ 300ഓളം തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല. പുനരധിവാസ പദ്ധതിക്ക് തങ്ങൾ എതിരല്ല. എന്നാൽ പി.എഫ്, ശമ്പള കുടിശ്ശിക തുടങ്ങിയ അർഹമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യാതെ എസ്റ്റേറ്റിൽനിന്ന് തൊഴിലാളികൾ മാറില്ല. ആനുകൂല്യങ്ങൾ നൽകാതെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും.
ആദ്യഘട്ടം എന്ന നിലക്ക് മാർച്ച് 22ന് കലക്ടറേറ്റിന് മുന്നിൽ തൊഴിലാളികളുടെ സത്യഗ്രഹ സമരം നടത്തും. പരിഹാരമില്ലെങ്കിൽ എൽസ്റ്റൺ എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് കലക്ടറേറ്റ് ഉപരോധം നടത്തും. എന്നിട്ടും പരിഹാരമായില്ലെങ്കിൽ തൊഴിലാളികൾ ഭൂമിയിൽ അവകാശം സ്ഥാപിച്ച് കൈവശപ്പെടുത്തും.
2014 മുതൽ തൊഴിലാളികളിൽനിന്ന് പിടിച്ച പി.എഫ് വിഹിതവും ഉടമ അടക്കേണ്ട വിഹിതവും പി.എഫ് അക്കൗണ്ടിൽ അടച്ചിട്ടില്ല. സർവിസിൽനിന്ന് വിരമിച്ച 150ഓളം തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി ലഭിക്കാനുണ്ട്.
ഒരു വർഷത്തെ ലീവ് വിത്ത് വേജസ്, രണ്ടു വർഷത്തെ ബോണസ്, ഏഴു വർഷത്തെ മെഡിക്കൽ ആനുകൂല്യങ്ങൾ, വെതർ പ്രൊട്ടക്ടിവ് ആനുകൂല്യങ്ങൾ, രണ്ടു ഘട്ടങ്ങളിലായി കൂലി പുതുക്കിയ സമയത്തെ അരിയേഴ്സ് തുക എന്നിവ ഇതുവരെ നൽകിയിട്ടില്ല. 11 കോടിയോളം രൂപയാണ് ഇത്തരത്തിൽ തൊഴിലാളികൾക്ക് നൽകാനുള്ളത്. നിരവധി തവണ യൂനിയൻ നേതാക്കൾ ചർച്ച നടത്തിയിട്ടും ആനുകൂല്യങ്ങൾ നൽകാൻ മാനേജ്മെന്റ് തയാറായിട്ടില്ല.
പുൽപാറ ഡിവിഷൻ പൂർണമായും ഏറ്റെടുക്കുന്നതോടെ ഫാക്ടറിയിലും ഫീൽഡിലുമായി ജോലി ചെയ്തിരുന്ന മുഴുവൻ സ്ഥിരം തൊഴിലാളികളുടെയും ജോലി സുരക്ഷിതത്വം ഉറപ്പാക്കണം. തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിനും ലേബർ കമീഷണർക്കും ജില്ല കലക്ടർ, ജില്ല ലേബർ ഓഫിസർ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു.
എന്നാൽ, ഇതുവരെ ട്രേഡ് യൂനിയനുകളെയോ തൊഴിലാളികളെയോ വിളിച്ച് പ്രശ്നം ചർച്ച ചെയ്യാനോ വിഷയം പരിഹരിക്കാനോ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. വാർത്തസമ്മേളനത്തിൽ വിവിധ തൊഴിലാളി യൂനിയൻ നേതാക്കളായ പി.പി. ആലി, പി. ഗഗാറിൻ, എൻ.ഒ. ദേവസി, എൻ. വേണുഗോപാൽ, സി.എച്ച്. മമ്മി, യു. കരുണൻ, ബി. സുരേഷ് ബാബു, കെ.ടി. ബാലകൃഷ്ണൻ, കെ. സെയ്തലവി എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.