വയനാട് ബദല്‍ തുരങ്കപാത നിര്‍മാണം ഉടന്‍ – മന്ത്രി
text_fieldsകൽപറ്റ: ജില്ലയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ - കള്ളാടി ബദല്‍ തുരങ്ക പാത നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെ പാതയുടെ നിര്‍മാണോദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബദല്‍ പാതയുടെ സര്‍വേ ഉടന്‍ പൂര്‍ത്തിയാവും. നിലവില്‍ 900 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.
സര്‍വേ പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ തുക വകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിന് പുതിയ കാലത്തിന് അനുയോജ്യമായ നിര്‍മാണ രീതികളാണ് വകുപ്പ് പിന്തുടരുന്നത്.
കല്‍പറ്റ നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് - വൈത്തിരി - ഗൂഡല്ലൂര്‍ റോഡില്‍ ഉള്‍പ്പെടുന്ന ചുണ്ടേല്‍ മുതല്‍ ചോലാടി വരെയുള്ള 30.07 കിലോമീറ്റര്‍ പാതക്ക് 14 കോടിയാണ് അനുവദിച്ചത്. ഇതില്‍ ചുണ്ടേല്‍ മുതല്‍ റിപ്പണ്‍ വരെ പാതയുടെ നവീകരണ പ്രവൃത്തി പുരോഗമിച്ചുവരുകയാണ്. മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള ഭാഗമാണ് പുതിയ പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കുന്നത്.
കലുങ്കുകളുടെ പുനര്‍നിര്‍മാണത്തോടൊപ്പം സംരക്ഷണ ഭിത്തി, ഓവുചാൽ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയാക്കും. റോഡ് മാര്‍ക്കിങ്, സൂചന ബോര്‍ഡുകള്‍, റോഡ് സ്റ്റഡ് എന്നിവ സ്ഥാപിക്കും.
വടുവന്‍ചാല്‍ നെടുംകരണ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.
കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. യമുന, വൈസ് പ്രസിഡൻറ് കാപ്പന്‍ ഹംസ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷഹര്‍ബാനു സെയ്ദലവി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എന്‍.എസ്. വിജയകുമാരി, പഞ്ചായത്ത് മെംബര്‍മാരായ പി. ഹരിഹരന്‍, ജോളി സ്‌കറിയ, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.എം. ഹരീഷ്, അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ നിദില്‍ ലക്ഷ്മണന്‍, അസി. എൻജിനീയര്‍ വിന്നി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.