വയനാടിനോട് അവഗണന; സമരപരിപാടികളുമായി യു.ഡി.എഫ്
text_fieldsകല്‍പറ്റ: കേന്ദ്ര-കേരള സര്‍ക്കാറുകള്‍ വയനാടിനോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി. ടി. ബല്‍റാം. വയനാട് മെഡിക്കൽ കോളജ്, വന്യമൃഗശല്യം, കാര്‍ഷിക പ്രതിസന്ധി, ഗതാഗത പ്രശ്‌നം എന്നിങ്ങനെയുള്ള വയനാടിന്റെ എല്ലാ വിഷയങ്ങളിലും ഇരുസര്‍ക്കാറുകളും ജില്ലയെ അവഗണിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവ. മെഡിക്കൽ കോളജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് കല്‍പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആരംഭിക്കുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായുള്ള സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം ഗൗരവകരമായ വിഷയങ്ങള്‍ വയനാടിന്റെ മാത്രം പ്രശ്‌നങ്ങളായി യു.ഡി എഫ് കാണുന്നില്ലെന്നും സംസ്ഥാനത്തിന്റെയാകെ പ്രശ്‌നമായി കാണുകയാണന്നും അദ്ദേഹം പറഞ്ഞു. വൈരാഗ്യബുദ്ധിയുളള രീതിയിലാണ് വയനാടിനോടുള്ള സർക്കാരിന്‍റെ സമീപനം. മടക്കിമലഭൂമിക്ക് പാരിസ്ഥിതിക പ്രശ്നമുണ്ടെന്ന് പറഞ്ഞതിനു പിന്നിൽ രാഷ്ട്രീയകാരണമാണ്. മാനന്തവാടിയിൽ മെഡിക്കൽ കോളജ് വന്നാൽ എത്ര വയനാട്ടുകാർക്ക് പ്രയോജനപ്പെടും. കണ്ണൂരിന്റെ രാഷ്ട്രീയ താൽപര്യമാണ് പരിഗണിക്കുന്നതെന്നും ബൽറാം പറഞ്ഞു.
വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായുള്ള ചുരം ബദല്‍ റോഡ് പോലും യാഥാര്‍ഥ്യമാകാത്തത് വയനാടിനോടുള്ള അവഗണനക്ക് ഉദാഹരണമാണ്. വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനായി സര്‍ക്കാറിന് ഒരു ആക്ഷന്‍പ്ലാന്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ സമരപ്രഖ്യാപനം നടത്തി. വയനാട് മെഡിക്കൽ കോളജ്, ഗതാഗത പ്രശ്നം, കാർഷിക പ്രതിസന്ധി, വന്യമൃഗ ശല്യം, വയനാട് ചുരം ബദൽ പാത തുടങ്ങിയ വിവിധ വിഷയങ്ങളിൽ യു.ഡി.എഫ് കൽപറ്റ മണ്ഡലം കമ്മിറ്റി ആരംഭിക്കുന്ന സമരപരിപാടികൾക്ക് മുന്നോടിയായാണ് സമരപ്രഖ്യാപന കൺവെൻഷൻ.
18ന് മണ്ഡലം തലങ്ങളില്‍ ജനകീയ പ്രക്ഷോഭം, ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നിയോജക മണ്ഡലത്തില്‍ വാഹനപ്രചാരണ ജാഥ, ഡിസംബര്‍ 12ന് കലക്‌ട്രേറ്റിന് മുമ്പില്‍ രാപ്പകല്‍ സമരം എന്നിവ നടത്തും. യു.ഡി.എഫ് കല്‍പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പറ്റ അധ്യക്ഷത വഹിച്ചു.
മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ പി.പി. ആലി, ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, പി.കെ. അബൂബക്കര്‍, കെ.കെ. അഹമ്മദ്ഹാജി, കെ.കെ. വിശ്വനാഥന്‍, കെ.കെ. ഏബ്രഹാം, കെ.വി. പോക്കര്‍ഹാജി, വി.എ. മജീദ്, എന്‍.കെ. റഷീദ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചന്‍, ടി.ജെ. ഐസക്, മാണി ഫ്രാന്‍സിസ്, സി. മൊയ്തീന്‍കുട്ടി, ടി. ഹംസ, സലീം മേമന, മുജീബ് കേയംതൊടി, സി. ജയപ്രസാദ്, പോള്‍സണ്‍ കൂവക്കല്‍, പി.കെ. അബ്ദുറഹ്‌മാന്‍, ബിനുതോമസ്, ജി. വിജയമ്മ, യഹ്യാഖാന്‍ തലക്കല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.