രാഹുലിനെ ചേർത്തുപിടിച്ച് വയനാട്
text_fieldsകൽപറ്റ: 'ഞങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം' എന്ന അദ്ദേഹത്തിന്റെ ചിത്രവുമായുള്ള പോസ്റ്ററുകൾ കൈയിലേന്തി പതിനായിരങ്ങൾ രാഹുൽ ഗാന്ധിക്ക് പിന്നിലായി അണിനിരന്നപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കെതിരായ താക്കീതായി മാറി. എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്.
അയോഗ്യത നടപടികൊണ്ടൊന്നും പിന്നോട്ടില്ലെന്നും ആജീവനാന്തം വയനാട്ടുകാരെ പ്രതിനിധീകരിച്ചുകൊണ്ട് കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള റോഡ് ഷോയും പൊതുസമ്മേളനവും വയനാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫിന്റെ ശക്തിപ്രകടനമായി മാറി.
വയനാട് ലോക്സഭ മണ്ഡലം ഉൾപ്പെടുന്ന കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ നിന്നുള്ളവർക്ക് പുറമെ വണ്ടൂർ, തിരുവമ്പാടി, നിലമ്പൂർ, എറനാട് തുടങ്ങിയ നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവരും കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങി വിവിധ ജില്ലകളിൽനിന്നുള്ളവരുമായി പതിനായിരങ്ങളാണ് പരിപാടിക്കെത്തിയത്.
ഉച്ചയോടെതന്നെ പതിനായിരക്കണക്കിനുപേരാണ് കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമായി റോഡ് ഷോയിൽ പങ്കെടുക്കാനായി എത്തിയത്. ‘ഞങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം’, ‘എന്റെ വീട് രാഹുൽജീക്ക് ’എന്നിങ്ങനെ ഇംഗ്ലീഷിലെഴുതിയ പോസ്റ്ററുകൾ കൈയിലേന്തിയാണ് പ്രവർത്തകർ അണിനിരന്നത്.
വൈകീട്ട് മൂന്നു മുതൽ ഏകദേശം ഒരു മണിക്കൂറിനടുത്ത് നീണ്ട കാത്തിരിപ്പിനൊടുവിൽ 3.55 ഓടെ രാഹുൽ ഗാന്ധിയെയും വഹിച്ചുള്ള ഹെലികോപ്ടർ എസ്.കെ.എം.ജെ ഗ്രൗണ്ടിന് മുകളിലേക്കെത്തിയതോടെ റോഡ് ഷോക്കായി ദേശീയപാതയിൽ തിങ്ങിനിറഞ്ഞ പ്രവർത്തകരുടെ ആവേശം അണപൊട്ടി.
ഹെലികോപ്ടറിൽനിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഗ്രൗണ്ടിലേക്കിറങ്ങിയപ്പോൾ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വരവേറ്റത്. മൂന്നു മിനുറ്റിനുള്ളിൽ തന്നെ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ രാഹുലും പ്രിയങ്കയും റോഡിലേക്കിറങ്ങുമ്പോഴേക്കും പരിസരപ്രദേശം പ്രവർത്തകരാൽ നിറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും തുറന്ന വാഹനത്തിൽ രാഹുലിനും പ്രിയങ്കക്കും ഒപ്പമുണ്ടായിരുന്നു.
വൈകീട്ട് 3. 58ഓടെ എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിന് മുന്നിൽനിന്നും റോഡ് ഷോ ആരംഭിച്ചു. ബാൻഡ്മേളത്തിന് പിന്നാലെ ദേശീയപതാകയുമേന്തി സേവാദൾ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 പ്രവർത്തകർ അണിനിരന്നു.
ഇതിനുപിന്നാലെ തുറന്ന വാഹനത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും അണിനിരന്നുകൊണ്ട് റോഡിന്റെ ഇരുഭാഗത്തുമുണ്ടായിരുന്നവരെ അഭിവാദ്യം ചെയ്തു.
രാഹുൽ ഗാന്ധി നേതാവേ ‘ധീരതയോടെ നയിച്ചോളു, ചൗകിദാർ ചോർ ഹേ, ജനാധിപത്യം സംരക്ഷിക്കാൻ ജീവൻ വേണേൽ ജീവനിതാ..., രക്തം വേണേൽ രക്തമിതാ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വഴിനീളെ ഉയർന്നു. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരായും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
റോഡിന്റെ ഇരുഭാഗത്തുമായി നൂറുകണക്കിനുപേരാണ് റോഡ് ഷോ കാണാനെത്തിയത്. പതിനായിരങ്ങൾ പങ്കെടുത്ത റോഡ് ഷോ സിവിൽ സ്റ്റേഷനും പിന്നിട്ട് 4. 25ഓടെ എം.പി ഓഫിസിന് മുന്നിലായുള്ള സമ്മേളന വേദിക്കരികിൽ സമാപിച്ചു. തുടർന്ന് പതിനായിരക്കണക്കിനുപേരെ അണിനിരത്തി പൊതുസമ്മേളനം നടന്നു. വേദിയും കടന്ന് റോഡിലേക്കും ആളുകൾ നിറഞ്ഞിരുന്നു.
പൊതുസമ്മേളനത്തിലും പങ്കെടുത്ത് 5. 45ഓടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹെലികോപ്ടറിൽ മടങ്ങിയത്. വയനാടിനെയും വയനാട്ടിലെ വോട്ടർമാരെയും എക്കാലവും പ്രതിനീധികരിക്കുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയും പൊതുസമ്മേളനവും വയനാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫിന് ശക്തിപകരുന്നതായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.