വയനാട് യുനൈറ്റഡ് എഫ്.സി വരുന്നു, കെ.പി.എല്ലിന്റെ അടർക്കളത്തിലേക്ക്
text_fieldsപിണങ്ങോട്: കാൽപന്തുകളിയുടെ പുൽത്തകിടിയിൽ പ്രതിഭാധനരായ നിരവധി താരങ്ങൾക്ക് പിറവി നൽകിയിട്ടും അർഹിച്ച നേട്ടങ്ങളിലേക്ക് വലകുലുക്കാനാവാതെപോയ വയനാടൻ ജനതയുടെ പ്രതീക്ഷകൾ കൊരുത്തെടുത്ത് വയനാട് യുനൈറ്റഡ് എഫ്.സി. കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ ഇക്കുറി ബൂട്ടുകെട്ടിയിറങ്ങുന്ന യുനൈറ്റഡ് എഫ്.സി വയനാടിന്റെ പകിട്ടിനൊത്ത രീതിയിൽ പന്തുതട്ടാനുള്ള മുന്നൊരുക്കങ്ങളിലാണിപ്പോൾ.
പോരാട്ടങ്ങളേറെക്കണ്ട കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിന്റെ പുൽമേട്ടിൽ സാറ്റ് തിരൂരിനെതിരെ 21ന് കന്നിമത്സരത്തിനിറങ്ങുന്ന യുനൈറ്റഡ് എഫ്.സി വമ്പൻ വേദിയിൽ സാന്നിധ്യമറിയിക്കുന്നതിന്റെ ആവേശത്തിലാണ്. വയനാടിന്റെ കായികപാരമ്പര്യം സിരകളിലാവാഹിക്കുന്ന പിണങ്ങോടിന്റെ മണ്ണിൽനിന്ന് ഉദിച്ചുയർന്ന ഈ കളിസംഘം ജില്ലയിലെ ഫുട്ബാളിന്റെ പതാകവാഹകരായി മാറിയിരിക്കുന്നു. പിണങ്ങോട് കേന്ദ്രീകരിച്ച് മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു. ഷറഫലിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ രണ്ടുവർഷം മുമ്പ് പിറവിയെടുത്ത ടൗൺ ടീം പിന്നീട് ഔദ്യോഗിക ഫുട്ബാളിന്റെ ഭാഗമായി മാറുകയായിരുന്നു. ജില്ല ലീഗ് ബി ഡിവിഷനിൽ യുനൈറ്റഡ് എഫ്.സി എന്ന ടീമിനെ സ്വന്തമാക്കുകയും ചെയ്തു. ഈ കുതിപ്പാണ് കേരള പ്രീമിയർ ലീഗിൽ എത്തിനിൽക്കുന്നത്.
കന്നി അവസരത്തിൽ കേരളത്തിന്റെ ഫുട്ബാൾ ഭൂമികയിൽ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുകയെന്ന ദൃഢനിശ്ചയവുമായി പിണങ്ങോട് ചോലപ്പുറത്തുള്ള ഹോം ഗ്രൗണ്ടിൽ വിദഗ്ധ പരിശീലകരുടെ ശിക്ഷണത്തിലാണ് ടീം ഒരുങ്ങുന്നത്. നാടു മുഴുവൻ നിറഞ്ഞ പിന്തുണയുമായി കൂടെയുള്ളപ്പോൾ കളിയരങ്ങിൽ അതിശയങ്ങളുടെ ചെപ്പു തുറക്കാമെന്ന പ്രതീക്ഷകളിലാണ് ഈ കളിസംഘം. അന്താരാഷ്ട്ര നിലവാരത്തിലുള്ള റസിഡൻഷ്യൽ ഫുട്ബാൾ അക്കാദമി സ്ഥാപിക്കുക എന്നതിനൊപ്പം വയനാട്ടിൽനിന്ന് പ്രതിഭാധനരായ താരങ്ങളെ വാർത്തെടുത്ത് ഐ ലീഗ്, ഐ.എസ്.എൽ, ഇന്ത്യൻ ടീം തുടങ്ങിയ വലിയ പോരിടങ്ങളിൽ ബൂട്ടണിയാൻ പ്രാപ്തരാക്കുകയെന്ന വലിയ ലക്ഷ്യങ്ങളിലേക്കാണ് യുനൈറ്റഡ് എഫ്.സി സ്വപ്നങ്ങളുടെ ഗോൾമുഖം തുറക്കുന്നത്.
പ്രീമിയർ ലീഗിൽ മാറ്റുരക്കുന്ന ടീമിന്റെ ലോഗോ, ജഴ്സി പ്രകാശനം 15ന് വൈകീട്ട് 6.30ന് പിണങ്ങോട് നടക്കും. ടി. സിദ്ദീഖ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ. റഫീഖ് എന്നിവർക്കൊപ്പം കായിക പ്രതിഭകളും ജനപ്രതിനിധികളും അടക്കമുള്ളവർ ചടങ്ങിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.