വന്യജീവി ആക്രമണം: വയനാട് ജില്ലയിൽ കമാൻഡ് കൺട്രോൾ സെന്റർ; ഉത്തരവിറങ്ങി
text_fieldsകൽപറ്റ: ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ, നിർദേശങ്ങൾ എന്നിവ യഥാസമയം കൈമാറുന്നതിനും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി വനം, റവന്യൂ, പൊലീസ്, ഫോറസ്റ്റ്, തദ്ദേശ സ്വയംഭരണം, പട്ടികജാതി-വർഗ വികസനം എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലതലത്തിൽ കമാൻഡ് കൺട്രോൾ സെന്റർ രൂപവത്കരിച്ച് ഉത്തരവായി. ജില്ലയിലെ വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങൾ നേരിടുന്നതിനാണ് സംസ്ഥാന തലത്തിലുള്ള നിർദേശപ്രകാരം സെന്റർ സ്ഥാപിക്കുന്നത്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രൂപവത്കരിച്ച കലക്ടറേറ്റിലെ ജില്ല അടിയന്തര കാര്യനിർവഹണ കേന്ദ്രത്തിലാണ് താൽക്കാലികമായി കേന്ദ്രം പ്രവർത്തിക്കുക. റവന്യൂ, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കൺട്രോൾ റൂമിൽ പ്രവർത്തിക്കും. വനംവകുപ്പ് മാർച്ച് 23നകം പൂർണ സൗകര്യങ്ങളോടെയുള്ള കമാൻഡ് കൺട്രോൾ സെന്റർ രൂപവത്കരിച്ച് സെന്റർ അങ്ങോട്ട് മാറ്റണം.
ജില്ലയിലെ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച സ്പെഷൽ ഓഫിസർ ആൻഡ് സി.സി.എഫ് കെ. വിജയാനന്ദനാണ് സെന്ററിന്റെ പൂർണ ചുമതല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 15ന് ചേർന്ന യോഗത്തിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും നിർദേശങ്ങളും കൈമാറുന്നതിനും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി ജില്ല കമാൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. കമാൻഡ് കൺട്രോൾ സെന്ററിന്റെ ഫോൺ നമ്പർ: 204151-04838, 9528804151. സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും ഉത്തരവിലുണ്ട്.
സെന്ററിന്റെ പ്രവർത്തനരീതി
കമാൻഡ് കൺട്രോൾ സെന്റർ വയനാട്ടിലെ വന്യമൃഗങ്ങളുടെ ആക്രമണവും വന്യജീവി ആശങ്കകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി പ്രവർത്തിക്കും.
റവന്യൂ-വനംവകുപ്പ്, പൊലീസ്, പട്ടികവർഗ വികസന വകുപ്പ്, തദ്ദേശ വകുപ്പ് എന്നിവയിൽ നിന്നുള്ള ജീവനക്കാർ കമാൻഡ് കൺട്രോൾ സെന്റർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, അന്തർസംസ്ഥാന ആശയവിനിമയം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രത്തിലൂടെ കൈകാര്യം ചെയ്യും.
വിവരങ്ങൾ പങ്കുവെക്കൽ, വകുപ്പുകൾ തമ്മിലുള്ള ഏകോപനം, മീഡിയ മാനേജ്മെന്റ്, വനം വകുപ്പിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ, പൊതു അന്വേഷണങ്ങൾ, അന്തർസംസ്ഥാന ഏജൻസികളുമായി ബന്ധപ്പെടൽ എന്നിവക്കുള്ള പ്ലാറ്റ്ഫോമായി സെന്റർ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.