വന്യജീവി ആക്രമണം: വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമീഷന്
text_fieldsകൽപറ്റ: ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍, പദ്ധതികള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് എന്നിവ മേയ് 28നകം നല്കാന് സംസ്ഥാന ന്യൂനപക്ഷ കമീഷന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ന്യൂനപക്ഷ കമീഷന് സിറ്റിങ്ങിലാണ് ജില്ല കലക്ടര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ല ഫോറസ്റ്റ് ഓഫീസര്‍ എന്നിവരോട് കമീഷന് ചെയര്മാന് അഡ്വ. എ.എ. റഷീദ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം കമീഷന് ആസ്ഥാനത്ത് ഫെബ്രുവരി 27ന് നടന്ന സിറ്റിങ്ങില്‍ നല്കിയ റിപ്പോര്‍ട്ട് ഭാഗികമായതിനെതുടര്ന്നാണ് ജില്ലതല സിറ്റിങ്ങിലേക്ക് പരിഗണിച്ചത്. ജില്ലതല സിറ്റിങ്ങില്‍ പരാതി തീര്‍പ്പാകാത്ത സാഹചര്യത്തിലാണ് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പദ്ധതികള്‍, നടപ്പാക്കിയവ, തുക വിനിയോഗം, വനം വകുപ്പ് ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് കമീഷന് ആവശ്യപ്പെട്ടത്. ലഭിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കമീഷന് വിമര്‍ശിച്ചു.
വിദേശ പഠനത്തിന് വായ്പക്കായി ധനകാര്യ വികസന കോര്‍പ്പറേഷനില്‍ അപേക്ഷ നല്കിയ സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശിനിയുടെ അപേക്ഷയില്‍ രണ്ട് മാസത്തിനകം തീരുമാനമെടുത്ത് നടപ്പാക്കി കമീഷനെ അറിയിക്കണമെന്ന് ചെയര്മാന് ഉത്തരവിട്ടു. കണിയാമ്പറ്റ വില്ലേജ് ഓഫിസില്‍ കരം സ്വീകരിക്കുന്നില്ലെന്ന അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി അധികൃതരുടെ പരാതിയില്‍ വഖഫ് ബോര്‍ഡിന്റെ പരിഗണനയിലുള്ള കേസില്‍ വിധി വന്നതിനുശേഷം നടപടി സ്വീകരിക്കാമെന്ന് കമീഷന് വ്യക്തമാക്കി.
ചാരിറ്റബിള്‍ സൊസൈറ്റിക്ക് ദാനം നല്കിയ സ്ഥലം പിന്നീട് അതേ വ്യക്തി സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു.
കേസ് ട്രൈബ്യൂണലിന്റെ പരിഗണനയില്‍ ഉള്ളതിനാല്‍ കേസിന്റെ വിധി വന്നാല്‍ കരം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാണെന്നും കമീഷന് അറിയിച്ചു.
സിറ്റിങ്ങില്‍ പരിഗണിച്ച അഞ്ച് പരാതികളില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. മൂന്ന് കേസ് അടുത്ത സിറ്റിങിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.