ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗ ആക്രമണം രൂക്ഷം; വയോധികന്റെ മരണത്തിൽ ഞെട്ടി നാട്
text_fieldsകൽപറ്റ: ജില്ലയിൽ ഇതുവരെ വന്യമൃഗശല്യവും ആക്രമണവും കാര്യമായി ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലും ടൗണുകളിലും കാട്ടുപന്നികളുടെയും കാട്ടാനകളുടെയും ആക്രമണം വർധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
കോഴിക്കോട് -കൊല്ലെഗൽ ദേശീയപാതയിൽ കാക്കവയലിൽ പട്ടാപകലാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചത്. കഴിഞ്ഞദിവസം കൽപറ്റയിൽനിന്ന് പുൽപള്ളിയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നവരെ കാട്ടാന ആക്രമിച്ചു.
ഇതിൽ നാലു യുവാക്കൾക്കാണ് പരിക്കേറ്റത്. രണ്ടുസ്ഥലങ്ങളിലും ഇതിന് മുമ്പ് കാര്യമായ വന്യമൃഗ ആക്രമണങ്ങളുണ്ടായിട്ടില്ല. ജില്ലയിൽ കാട്ടുപന്നികളുടെയും മറ്റു വന്യമൃഗങ്ങളുടെയും എണ്ണം ക്രമാതീതമായി വർധിക്കുന്നതും ജനവാസകേന്ദ്രങ്ങളിൽ ഇവ കൂടുതലായി എത്തുന്നതിന് കാരണമാണ്.
കൈപ്പാടം കോളനിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച മാധവന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രനോട് അഡ്വ. ടി. സീദ്ദീഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
അടിയന്തിരമായി കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ല ഫോറസ്റ്റ് ഓഫിസര്‍ക്ക് നിർദേശവും നല്‍കി. മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡ് കൈപ്പാടം പണിയ കോളനിയില്‍ താമസിക്കുന്ന മാധവനെ (70) കോഴിക്കോട് -കൊല്ലഗല്‍ ദേശീയപാതയിൽ കാക്കവയല്‍ വിജയ ബാങ്കിന് മുന്നില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കാട്ടുപന്നി ആക്രമിച്ചത്.
പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. വീട്ടില്‍നിന്ന് ടൗണിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാട്ടുപന്നിയുടെ ആക്രമണമാണ് ഉണ്ടായതെന്ന് മനസിലായത്.
ജില്ലയില്‍ ജനസാന്ദ്രത കൂടുതലുള്ള ടൗണുകളില്‍ വരെ വന്യമൃഗാക്രമണം പതിവായി. കഴിഞ്ഞദിവസം കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച മാധവന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. മൂന്ന് മക്കളുള്ള കുടുംബത്തിന്റെ ഏക ആശ്രയം ഇയാളായിരുന്നു.
അടച്ചുറപ്പുള്ള വീട് പോലും ഇല്ലാത്ത കുടുംബമാണ് മാധവന്റെത്. ഇദ്ദേഹത്തിന് ആധാറും, റേഷന്‍ കാര്‍ഡും ഇല്ലാത്ത സാഹചര്യം ഉണ്ടെങ്കില്‍ അതിനായി വില്ലേജ് ഓഫിസറില്‍നിന്ന് റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും എം.എൽ.എ നിർദേശം നൽകി. രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാറിന്റെ ഒരുസഹായവും നിഷേധിക്കപ്പെടരുതെന്നും വകുപ്പ് മന്ത്രിയോട് എം.എല്‍.എ അഭ്യർഥിച്ചു.
കാട്ടാന ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്
പുൽപള്ളി: കാട്ടാന ആക്രമണത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. കൽപറ്റയിൽനിന്ന് പുൽപള്ളിയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന ചേലൂർ സ്വദേശികളായ റെന്നി സെബാസ്റ്റ്യൻ കുടിലിപറമ്പിൽ (29), ജോബിറ്റ് സണ്ണി കുഞ്ചിറക്കാട്ട് (32) എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പത്തോടെ കേണിച്ചിറ -പുൽപള്ളി റോഡിലെ അതിരാറ്റുകുന്നാണ് കാട്ടാന ആക്രമിച്ചത്.
പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ വാഹനം തകർന്നു. കാട്ടാനശല്യം ഇല്ലാത്ത റൂട്ടിലാണ് ആക്രമണമുണ്ടായത്. ഇതോടെ രാത്രിസമയങ്ങളിൽ ഭീതിയോടെയാണ് ഇതുവഴിയാളുകൾ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.