അതിർത്തി കടന്ന് അതിഥികളെത്തുന്നു, പച്ചപ്പുതേടി
text_fieldsകോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിലെ മുത്തങ്ങയിൽ ഇറങ്ങിയ ആനക്കൂട്ടം (ഫയൽ ചിത്രം)
കൽപറ്റ: വേനൽ കടുത്തതോടെ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട വന്യജീവി സങ്കേതങ്ങളിൽനിന്ന് വയനാട് വന്യജീവി സങ്കേതത്തിലേക്കുള്ള വന്യമൃഗങ്ങളുടെ 'കൂടുമാറ്റം' തുടങ്ങി. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്നുനിൽക്കുന്ന അയൽ സംസ്ഥാനങ്ങളിലെ കാടുകളിൽനിന്ന് മൃഗങ്ങൾ കൂടുതൽ തീറ്റയും വെള്ളവുമുള്ള വയനാടൻ കാടുകളിലേക്കെത്തുന്നത് എല്ലാ വർഷവും പതിവാണ്.
അതേസമയം, മുൻവർഷങ്ങളിലേതുപോലെ വൻതോതിൽ വന്യമൃഗങ്ങൾ ഇതുവരെ വയനാടൻ കാടുകളിലേക്ക് ചേക്കേറിയിട്ടില്ലെന്ന് വനംവകുപ്പ് അസി. കൺസർവേറ്റർ ജോസ് മാത്യു പറഞ്ഞു.
ഡിസംബർ 15 വരെ വയനാടൻ കാടുകളിൽ ലഭിച്ചതുപോലെ നീണ്ട മഴ തൊട്ടടുത്ത വന്യജീവി സങ്കേതങ്ങളിലും ലഭിച്ചതിനാൽ അവിടെ തീറ്റയുടെ ദൗർലഭ്യം വലിയതോതിൽ നേരിട്ടിട്ടില്ല. എന്നാൽ, വേനൽ കനക്കുന്ന ഫെബ്രുവരി അവസാനത്തോടെ അതിർത്തി കടന്നെത്തുന്ന മൃഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ മഴയുടെ അളവ് താരതമ്യേന കൂടുതലായതിനാൽ, വയനാട് വന്യജീവി സങ്കേതത്തിൽ വേനൽക്കാലത്തും വന്യമൃഗങ്ങൾക്ക് തീറ്റയും വെള്ളവും ലഭിക്കും. വനംവകുപ്പ് ഇതിനായി മുൻകരുതൽ നടപടികൾ എല്ലാ വർഷവും സ്വീകരിക്കാറുമുണ്ട്. വന്യമൃഗങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി കാട്ടിനുള്ളിൽ മരംകൊണ്ട് 26 പുതിയ ചെക് ഡാമുകൾ പണിതിട്ടുണ്ട്. 168 ചെക് ഡാമുകളിൽ 34 എണ്ണത്തിൽ ഇതിനകം ചളി കോരി വൃത്തിയാക്കിയിട്ടുണ്ടെന്നും ജോസ് മാത്യു പറഞ്ഞു.
മൃഗങ്ങൾക്ക് തീറ്റ ലഭിക്കുന്നതിനായി 289 ഹെക്ടർ വനത്തിൽ മേൽക്കാടുകൾ വെട്ടിത്തെളിച്ചു. തീറ്റക്ക് ആശ്രയിക്കുന്ന പുല്ല് നന്നായി വളരുന്നതിനാണിത്. വനഭൂമിയിലെ 83 ഹെക്ടറിൽനിന്ന് വനംവകുപ്പ് കളകൾ നീക്കം ചെയ്തിട്ടുമുണ്ട്. വരൾച്ച സമയത്ത് തീറ്റ ലഭിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് വന്യജീവി സങ്കേതം അധികൃതർ പറയുന്നു.
കാട്ടുതീ തടയാൻ 195 കിലോ മീറ്റർ ദൂരത്തിൽ 'ഫയർ ബ്രേക്കറുകൾ' നിർമിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തിയിൽ 27 കി.മീറ്ററിലാണ് 10 മീറ്റർ വീതിയിൽ ഫയർ ബ്രേക്കറുകൾ നിർമിച്ചത്. വനയോരത്ത് താമസിക്കുന്നവർക്ക് കാട്ടുതീയെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തിവരുകയാണ് വനംവകുപ്പ് അധികൃതർ. 160 ജീവനക്കാർക്കു പുറമെ, 130 താൽക്കാലിക വാച്ചർമാരെയും വനസംരക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
നായാട്ടുകാരെ പിടികൂടാനുള്ള 24 സ്ഥിരം ക്യാമ്പുകൾക്കും അഞ്ച് വാച്ച്ടവറുകൾക്കും പുറമെ, നിരീക്ഷണത്തിനായി 15 പുതിയ താൽക്കാലിക ഏറുമാടങ്ങൾ കൂടി വയനാട് വന്യജീവി സങ്കേതത്തിലെ നാല് ഫോറസ്റ്റ് റേഞ്ചുകളിലായി ഒരുക്കിയിട്ടുണ്ട്. കാട്ടുതീ ഉണ്ടാകുന്ന പക്ഷം അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കാട്ടുതീ സംബന്ധമായ വിവരങ്ങൾ 04936 223500, 8547603486 നമ്പറുകളിൽ വിളിച്ചറിയിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.