കാട്ടുപന്നി ആക്രമണത്തിൽ യുവതിക്ക് പരിക്ക്; വിശദാംശങ്ങൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി യുവതിയുടെ കേൾവിശക്തി നഷ്ടമായ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ വിശദാംശങ്ങൾ ആവശ്യപ്പെട്ടു.
യുവതിയുടെ ചികിത്സ, നഷ്ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികൾ തുടങ്ങിയ വിശദാംശങ്ങൾ 15 ദിവസത്തിനകം അറിയിക്കണമെന്ന് ജില്ല ഫോറസറ്റ് ഓഫിസറോടും ട്രൈബൽ ഡെവലപ്മെൻറ് ഓഫിസറോടും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.
നൂൽപുഴ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബിന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. വനം വകുപ്പ് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കൂലിപ്പണി ചെയ്യാൻപോലും കഴിയാത്ത ദുരവസ്ഥയിലാണ് ബിന്ദു.
നാലു മാസം മുമ്പ് മുണ്ടക്കൊല്ലിയിലെ കൃഷിയിടത്തിൽ ജോലിചെയ്യുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒരുമാസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വലതുചെവിയുടെ കേൾവിശക്തി നഷ്ടമായി. കാഴ്ചക്ക് മങ്ങലേറ്റു. ബിന്ദുവിന് നാലു മക്കളുണ്ട്.ഭർത്താവ് കൂലിപ്പണിക്കാരനാണ്. നഷ്ടപരിഹാരത്തിന് വേണ്ടി വനംവകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പറയുന്നത്.
മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.