നാശം വിതച്ച് കാട്ടാനക്കൂട്ടം
text_fieldsകൽപറ്റ: ചക്കയും മാങ്ങയും സുലഭമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഴ്ചകളായി തുടരുന്ന കാട്ടാനകളുടെ വിളയാട്ടത്തിൽ ദുരിതത്തിലായി കർഷകർ. മേപ്പാടി, റിപ്പൺ, മുള്ളൻ കൊല്ലി, പൂതാടി, പനമരം, പുൽപളളി, നടവയിൽ, കേണിച്ചറ, കാട്ടിക്കുളം, ബാവലി തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. സന്ധ്യ മയങ്ങിയാൽ ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടാനക്കൂട്ടമാണ് നാശം വിതക്കുന്നത്. ഒരു മാസത്തിലേറെയായി കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളുടെ എണ്ണവും പതിന്മടങ്ങായി വർധിച്ചിരിക്കുകയാണ്. നേരം പുലർന്നാൽ പോലും പല പ്രദേശങ്ങളിലും കാട്ടാനക്കൂട്ടം തിരിച്ചു പോകാത്ത അവസ്ഥയാണ്. സന്ധ്യയോടെ ഇറങ്ങുന്ന കാട്ടാനകളിൽ പലതും തിരിച്ചു വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ കൃഷിയിടങ്ങളിൽ തമ്പടിക്കുന്നു. പല സ്ഥലങ്ങളിലും തൊഴിലാളികൾ അടക്കം രാവിലെ റോഡിലിറങ്ങുന്ന പലരും കാട്ടാനയുടെ മുമ്പിൽ നിന്നു രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണ്. കഴിഞ്ഞ ദിവസം മേപ്പാടി, പയ്യമ്പള്ളി ഭാഗങ്ങളിൽ കാട്ടാനയുടെ ആക്രമണമുണ്ടായി. മുൻകാലങ്ങളെ അപേക്ഷിച്ച് ജനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന കാട്ടാനകളാണ് ജനവാസ മേഖലകളിൽ ഇറങ്ങുന്നതിൽ അധികവും.
വനാതിർത്തിയിലെ പ്രതിരോധസംവിധാനങ്ങൾ തകർന്നതാണ് കാട്ടാനശല്യം വർധിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷിയിടത്തിലെത്തുന്ന കാട്ടാന ഒട്ടേറെ കർഷകരുടെ വാഴ, കമുക്, തെങ്ങ് ഇഞ്ചി അടക്കമുള്ള കൃഷികൾ നശിപ്പിക്കുന്നത് പതിവാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതു മൂലം കർഷകർക്കുണ്ടാകുന്നത്. കോടികൾ മുടക്കിയുള്ള ക്രാഷ് ഗാർഡ് വേലിയുടെ പണി നിലച്ചത് പല സ്ഥലങ്ങളിലും കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതിന് കാരണമാകുന്നു.
മൂഴിമലയിൽ കാട്ടാന വീട്ടുമുറ്റത്ത്
മൂഴിമല: മൂഴിമലയിലും സമീപ പ്രദേശങ്ങളിലും ആഴ്ചകളായി കാട്ടാനയുടെ വിളയാട്ടമാണ്. കാട്ടാനകൾ വീട്ടു മുറ്റത്ത് എത്താൻ തുടങ്ങിയതോടെ പ്രദേശ വാസികൾ ഭീതിയിലാണ്. കുരിശുകവലക്ക് സമീപം കാട്ടാനയിറങ്ങി ബുധനാഴ്ച രാത്രി വ്യാപകമായി കൃഷി നശിപ്പിച്ചു. അതിര്‍ത്തിയിലെ മുള്ളുവേലിയും ആന തകര്‍ത്തു. സമീപത്തെ വനത്തില്‍നിന്നുമാണ് കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് കടന്നത്. വ്യാഴാഴ്ച പുലര്‍ച്ച കഴിഞ്ഞാണ് കാട്ടാനകൾ തിരിച്ചുപോയത്. പ്രദേശവാസികളായ കോതാട്ടുകാലായില്‍ ഗ്രേസി, കവുങ്ങുംപള്ളി തോമസ്, ഒറ്റക്കുന്നേല്‍ തോമസ്, കോതാട്ടുകാലായില്‍ ബേബി, ഒറ്റക്കുന്നേല്‍ ചാക്കോ തുടങ്ങിയ നിരവധി കര്‍ഷകരുടെ വാഴ, ഏലം, കാപ്പി, കമുക് തുടങ്ങിയ വിളകളെല്ലാം കാട്ടാന നശിപ്പിച്ചു. എല്ലാ ദിവസവും ഈ മേഖലയില്‍ കാട്ടാനയിറങ്ങി നാശംവരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് ആനകളാണ് ജനവാസ മേഖലയിലെത്തിയത്.
മുഴിമല, കാപ്പിക്കുന്ന് വനഭാഗത്തുനിന്നാണ് ആനകള്‍ നാട്ടിലേക്കിറങ്ങുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് വൈദ്യുതി വേലി സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തന രഹിതമാണ്. ആനശല്യം രൂക്ഷമായിട്ടും ശല്യക്കാരായ ആനകളെ ഉള്‍വനത്തിലേക്ക് തുരത്താനാവശ്യമായ നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ആന ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്.
നീര്‍വാരത്ത് കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനകൾ കാടുകയറി
പനമരം: നീര്‍വാരത്ത് ഇറങ്ങിയ മുഴുവൻ കാട്ടാനകളും കാടുകയറി. കൃഷിയിടത്തിൽ നിന്നും വനത്തിലേക്ക് തിരികെ പോകാതിരുന്ന രണ്ടു ആനകളാണ് ഞായറാഴ്ച പുലർച്ച കാട് കയറിയത്. നാല് ആനകളാണ് വെള്ളിയാഴ്ച രാത്രി നീര്‍വാരത്ത് എത്തിയത്. പയ്യാരത്ത് പരേതനായ പദ്മനാഭന് നമ്പ്യാരുടെ തോട്ടത്തില്‍ നിലയുറപ്പിച്ച ഇവയെ ശനിയാഴ്ച രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് ആനകളില്‍ രണ്ടെണ്ണത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച വൈകീട്ടോടെ വനത്തിലേക്കു തുരത്തിയിരുന്നു. എന്നാൽ രണ്ട് ആനകൾ തിരികെ കാടു കയറാതെ തോട്ടത്തില്‍ തന്നെ തങ്ങുകയായിരുന്നു. അമ്മാനി വനത്തിൽ നിന്നും ഇറങ്ങിയ നാലംഗ കാട്ടാനകളാണ് രണ്ടു ദിവസം പ്രദേശവാസികളെ മുൾമുനയിൽ നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.