ഏഷ്യാറ്റിക് കാട്ടുനായ്ക്കളുടെ ആവാസ കേന്ദ്രമായി വയനാട്
text_fieldsകൽപറ്റ: ആനകൾക്കും കടുവകൾക്കും പുറമെ, വംശനാശ ഭീഷണി നേരിടുന്ന ഏഷ്യറ്റിക് കാട്ടുനായ്ക്കളുടെ (ധോൾ) കൂടി പ്രധാന ആവാസ കേന്ദ്രമായി വയനാട് വന്യജീവി സങ്കേതം. അടുത്തിടെ നടന്ന പഠനത്തിൽ അമ്പതോളം ഏഷ്യാറ്റിക് കാട്ടുനായ്ക്കളെ വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടെത്തി.
രാജ്യത്ത് ആദ്യമായാണ് മാംസഭുക്കുകളായ ഏഷ്യാറ്റിക് കാട്ടുനായ്ക്കളുടെ കണക്കെടുപ്പ് നടക്കുന്നത്. ലോകത്തുള്ള മാംസഭുക്കുകളിൽ 23 ശതമാനവും ഇന്ത്യൻ കാടുകളിലാണ് അധിവസിക്കുന്നത്. അതിൽ ഏറ്റവും വലിയ മാംസഭുക്കുകളിൽ ഒന്നാണ് ഏഷ്യാറ്റിക് കാട്ടുനായ്. 350 ചതുരശ്ര കിലോമീറ്ററുള്ള വയനാട് വന്യജീവിസങ്കേതത്തിൽ 2019ലാണ് കണക്കെടുപ്പ് ആരംഭിച്ചത്.
കാട്ടുനായ്ക്കളുടെ കാഷ്ടം ശേഖരിച്ച് അതിൽനിന്നു ഡി.എൻ.എ വേർതിരിച്ച് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കണക്കെടുപ്പ്. ഇതിൽനിന്നുമാണ് വംശനാശ ഭീഷണി നേരിടുന്ന മാംസഭുക്കായ 50 കാട്ടുനായ്ക്കളെ കണ്ടെത്തിയത്. 100 ചതുരശ്ര കിലീമീറ്ററിൽ 12 മുതൽ 14 വരെ കാട്ടുനായ്ക്കളെ പഠനത്തിൽ കണ്ടെത്തി. ഇതേ ചുറ്റളവിൽ 11 മുതൽ 13 വരെ കടുവകളും വയനാട് വന്യജീവിസങ്കേതത്തിലുെണ്ടന്നാണ് കണക്കുകൾ.
ഏറ്റവും നല്ല ആവാസ വ്യവസ്ഥയും ഇരകളുടെ ലഭ്യതയുമാണ് ഉന്നത േശ്രണിയിൽപെടുന്ന ഈ രണ്ട് മാംസഭുക്കുകളുടെയും പ്രധാന ആവാസ കേന്ദ്രമായി വയനാട് വന്യജീവി സങ്കേതം മാറാൻ കാരണമെന്ന് കണക്കെടുപ്പിന് നേതൃത്വം നൽകിയ ഡോ. അർജുൻ ശ്രീവാസ്തവ പറഞ്ഞു. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഇന്ത്യ, നാഷനൽ സെൻറർ ബയോളജിക്കൽ സയൻസ്, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്സിറ്റി, യു.എസ്.എയിലെ ഫ്ലോറിഡ യൂനിവേഴ്സറ്റി, സ്റ്റാൻ ഫോർഡ് യൂനിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സെൻസസ് നടത്തിയത്. ഏഷ്യാറ്റിക് കാട്ടുനായ്ക്കളെ കുറിച്ച് കൂടുതൽ പഠിച്ച് ഇവയെ സംരക്ഷിക്കാൻ പഠനവും കണക്കെടുപ്പും സഹായകമാകും എന്ന പ്രതീക്ഷയിലാണ് പഠന സംഘം.
പഠനറിപ്പോർട്ട് ബയോളജിക്കൽ കൺസർവേഷൻ എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. അർജുൻ ശ്രീവാസ്ത, റയാൻ ജി. റോഡിഗ്രസ്, ഡോ. കോക്ക് ബെൻതോ, ഡോ. അരുൺസക്കറിയ, ഡോ. റയാൻ ഡബ്ല്യൂ. ടെയ്ലർ, ഡോ. മദൻ കെ. ഒലി, പ്രഫ. രാമകൃഷ്ണൻ എന്നിവരുൾപ്പെടുന്നതാണ് പഠന സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.