ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം; രാപ്പകൽ സത്യഗ്രഹവുമായി കർഷക പ്രതിരോധ സമിതി
text_fieldsകൽപറ്റ: വന്യമൃഗശല്യം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വർധിച്ചിട്ടും കാര്യക്ഷമമായ ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചും മലയോര ജനതയുടെ ജീവിതം വന്യമൃഗങ്ങൾക്ക് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടും ജില്ല കർഷക പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തുന്നു.
31ന് രാവിലെ 10 മുതൽ ഏപ്രിൽ ഒന്നിന് രാവിലെ 10 വരെയാണ് സത്യഗ്രഹം. എട്ടു വർഷത്തിനുള്ളിൽ എട്ടുപേർ വയനാട്ടിൽ മാത്രം കടുവയുടെ ആക്രമണത്താൽ മരിച്ചു. നാലു വർഷത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ 105 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കുപറ്റി.
ജനങ്ങളുടെ ജീവിതോപാധികളായ കൃഷിയും വളർത്തുമൃഗങ്ങളും നിത്യേന നശിപ്പിക്കപ്പെടുകയാണ്. നാട്ടിൽ ഇറങ്ങി മനുഷ്യർക്ക് ദോഷം ചെയ്യുന്ന മൃഗങ്ങളെ വേട്ടയാടാനുള്ള അനുവാദം നൽകണമെന്ന ആവശ്യം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചർച്ച ചെയ്യാൻ പോലും തയാറാകുന്നില്ല.
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാൻ നിലവിലുണ്ടായിരുന്ന പരമ്പരാഗത പ്രതിരോധ സംവിധാനങ്ങൾ പോലും ഒഴിവാക്കി. വന്യമൃഗ ആക്രമണംകൊണ്ട് പൊറുതിമുട്ടിയ വടക്കനാട് ഗ്രാമത്തിലെ ജനങ്ങൾ സംരക്ഷണ സമിതി രൂപവത്കരിച്ചു 2018 മാർച്ചിൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു.
ജനപ്രതിനിധികൾ ഉൾപ്പെടെ മന്ത്രിതലത്തിൽ നടത്തിയ ചർച്ചയുടെ ഭാഗമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചാണ് അന്ന് സമരം പിൻവലിച്ചത്. എന്നാൽ, അഞ്ചുവർഷം പൂർത്തിയായിട്ടും അതിലെ പ്രധാന വ്യവസ്ഥകൾ ഒന്നുംതന്നെ നടപ്പാക്കാതെ സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്ന് സമിതി ആരോപിച്ചു.
വടക്കനാട്, കരിപ്പൂർ, വള്ളുവാടി മേഖലയിൽ ഇപ്പോൾ കാട്ടാന ശല്യം രൂക്ഷമാണ്. വടക്കനാട് കൊമ്പനൊപ്പം ഉണ്ടായിരുന്ന മുട്ടിക്കൊമ്പന്റെ താണ്ഡവത്തിൽ സ്വൈരജീവിതം നഷ്ടമായിരിക്കുകയാണിവർക്ക്. ദിനംപ്രതി എത്തുന്ന കാട്ടാന പ്രദേശത്ത് വ്യാപക നഷ്ടമാണ് വരുത്തുന്നത്.
കഴിഞ്ഞ ദിവസം വള്ളുവാടി പ്രദേശത്ത് ഇറങ്ങിയ കാട്ടാന തെങ്ങ്, വാഴ, കവുങ്ങ്, കാപ്പി, കുരുമുളക് തൈകൾ എന്നിവ നശിപ്പിച്ചിരുന്നു. വടക്കനാട് 4.4 കിലോമീറ്റർ റെയിൽ ഫെൻസിങ്ങും 30 കിലോമീറ്റർ ആനപ്രതിരോധ മതിലും നിർമിക്കാൻ 54.88 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത് ഇപ്പോഴും കടലാസിലുറങ്ങുകയാണെന്ന് ഇവർ പറഞ്ഞു.
പിന്നീട്, ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് മതിയെന്ന് അധികൃതർ തീരുമാനിക്കുകയും ഇതിന് 22.73 കോടി രൂപ നിശ്ചയിച്ച് ഡി.പി.ആർ പരിഷ്കരിക്കുകയും ചെയ്തു. എന്നാൽ, ഉറപ്പിച്ച ടെൻഡർ പോലും സർക്കാർ റദ്ദാക്കി. തൂക്കുവേലി സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ സർക്കാറെന്നും അതും ഈ പ്രദേശത്ത് എത്രത്തോളം ഫലവത്താവുമെന്നതിൽ ആർക്കും നിശ്ചയമില്ലെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
മൃഗങ്ങളെ വനത്തിനുള്ളിൽ തടഞ്ഞുനിർത്താനുള്ള മാർഗങ്ങൾ കൈക്കൊള്ളാതിരിക്കുകയും നഷ്ടപ്പെടുന്ന ജീവനും സ്വത്തിനും മതിയായ നഷ്ടപരിഹാരം പോലും നൽകാതിരിക്കുകയും ചെയ്യുന്ന സർക്കാറിന്റെ ജനവിരുദ്ധ നയത്തിനെതിരെ കക്ഷിരാഷ്ട്രീയ വിഭാഗീയതകൾക്ക് അതീതമായി ജനങ്ങൾ അണിചേരണമെന്ന് സമിതി ഭാരവാഹികളായ പ്രേംരാജ് ചെറുകര, വി.കെ. ഹംസ മാസ്റ്റർ, വി.കെ. സദാനന്ദൻ, ദേവസ്യ പുറ്റനാൽ എന്നിവർ ആവശ്യപ്പെട്ടു. രാപ്പകൽ സത്യഗ്രഹം കെ- റെയിൽ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്യും.
ജില്ല കർഷക പ്രതിരോധ സമിതി പ്രസിഡന്റ് ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിക്കും. അഡ്വ. അബ്ദുൽറഹ്മാൻ കാദിരി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.