വന്യജീവി ആക്രമണം; വളര്‍ത്തു മൃഗങ്ങള്ക്ക്തു ടര്‍ ചികിത്സ ലഭ്യമാക്കണം –ജില്ല വികസന സമിതി
text_fieldsകൽപറ്റ: ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരിക്ക് പറ്റിയ വളര്‍ത്ത് മൃഗങ്ങളുടെ തുടര്‍ചികിത്സ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ലഭ്യമാക്കണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാറിലേക്ക് കത്ത് നല്‍കാനും തീരുമാനിച്ചു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു. അമ്പലവയല്‍ റസ്റ്റ് ഹൗസ് പരിസരത്ത് വർധിക്കുന്ന റോഡ് അപകടങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണം. എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒയും പൊലീസും സംയുക്തമായി പരിശോധന നടത്തണം. ജില്ലയില്‍ ഇതുവരെയും സ്കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാർഥികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
1010 ഗോത്ര വിദ്യാർഥികളാണ് സ്കൂളില്‍ ഹാജരാകാത്തത്. ഗോത്ര വിദ്യാർഥികളെ സ്കൂളിലേക്ക് എത്തിക്കാന്‍ പട്ടികവർഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സ്കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാർഥികളുടെ കണക്ക് പഞ്ചായത്തുകള്‍ക്ക് നല്കി അവരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെ ചുമതലപ്പെടുത്താനും യോഗം നിർദേശിച്ചു. വിദ്യാവാഹിനി പദ്ധതിയില്‍ കുട്ടികളെ കോളനികളുടെ അടുത്തുള്ള വിദ്യാലയങ്ങളില്‍ എത്തിക്കുന്നതോടൊപ്പം അകലെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർഥികളെയും പരിഗണിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി സര്‍ക്കാരിലേക്ക് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.
പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വനം വകുപ്പ്, ഗ്രാമ പഞ്ചായത്ത്, ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, സര്‍വേ ടീം ഉള്‍പ്പടെ സംയുക്ത പരിശോധന സെപ്തംബര്‍ 19 നകം നടത്താന്‍ നിർദേശിച്ചു. ഒളിമ്പ്യന്‍ ടി. ഗോപിക്ക് വീട് വെക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും നിർദേശിച്ചു. ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കാനും യോഗം നിർദേശിച്ചു. എം.എല്‍.എ മാരുടെ ഫണ്ട് വിനിയോഗവും 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ വകുപ്പുകളുടെ സാമ്പത്തിക വിനിയോഗവും എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്റെ പുരോഗതിയും വിലയിരുത്തി. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. മണിലാല്‍, ജനപ്രതിനിധികള്‍, ജില്ല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.