വന്യമൃഗശല്യം; കാച്ചിൽ കൃഷിയുമായി കുമിഴി ഗ്രാമം
text_fieldsകൽപറ്റ: വന്യമൃശല്യത്താൽ പൊറുതിമുട്ടി കുമിഴി വനഗ്രാമത്തിലെ കർഷകർ നെൽ കൃഷി ഉപേക്ഷിച്ച് കാച്ചിൽ കൃഷിയിലേക്ക് ചുവടുമാറിയിട്ട് പത്തുവർഷത്തോളമായി. സുൽത്താൻ ബത്തേരി-കൊല്ലഗൽ ദേശീയപാതയിൽ മുത്തങ്ങയിൽ നിന്ന് രണ്ടു കിലോമീറ്റർ വനത്തിൽ കൂടി സഞ്ചരിച്ചാൽ കുമിഴിയിൽ എത്താം.
വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുമിഴിയിൽ 25 ഓളം ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും പണിയ-നായ്ക്ക വിഭാഗത്തിൽപ്പെട്ട ഗോത്ര ജനതയുമാണുള്ളത്. 25 ഏക്കറിൽ ഇവിടുത്തുകാർ കാച്ചിൽ കൃഷി ചെയ്യുന്നുണ്ട്. ഏപ്രിൽ ആദ്യവാരത്തോടെ കൃഷിയിറക്കി ഡിസംബർ -ജനുവരിയോടെയാണ് വിളവെടുപ്പ്. 60 കിലോ ചാക്കിന് 2500 രൂപ വരെ ചില സമയങ്ങളിൽ വില ലഭിക്കും.
ആദ്യം നെല്ലായിരുന്നു ഇവിടത്തെ പ്രധാന വിള. വർഷത്തിൽ രണ്ടുതവണയും നഞ്ച-പുഞ്ച കൃഷി ചെയ്തിരുന്നു.
എന്നാൽ, പിന്നീട് വന്യമൃഗശല്യം കൂടി വന്നതോടെ ഗ്രാമീണർ നെൽ കൃഷി പതിയെ ഒഴിവാക്കി. ചിലർ ഇപ്പോഴും നെൽ കൃഷി ഉപേക്ഷിച്ചിട്ടില്ല. വനാതിർത്തിയിൽ ഫെൻസിങ്ങും കിടങ്ങും ഒക്കെയുണ്ടെങ്കിലും ഇതെല്ലാം മറി കടന്ന് വന്യ മൃഗങ്ങൾ വയിലിലിറങ്ങും. ആന, മാൻ,കുരങ്ങ്, പന്നി എന്നിവയാണ് കൃഷിയിടത്തിൽ കടന്നെത്തി നശിപ്പിക്കുന്നത്. ഇതോടെയാണ് കർഷകർ നെൽ കൃഷി ഉപേക്ഷിക്കുന്നത്. കാച്ചിൽ കാട്ടുപന്നി ഒഴികെ മറ്റു മൃഗങ്ങൾ നശിപ്പിക്കുന്നത് കുറവാണ്. വന്യമൃഗശല്യം പ്രതിരോധിക്കാൻ കർഷകർ അവരവരുടെ കൃഷി ഭൂമി പ്രത്യേകമായി വേലിക്കെട്ടി സംരക്ഷിക്കുന്നുണ്ട്. ഏപ്രിൽ ആദ്യ വാരത്തോടെയാണ് കാച്ചിൽ നടുക. അതിനുശേഷം കാച്ചിൽ വള്ളി പടർന്നുകയറാനുള്ള കോലുകൾ നാട്ടും. പിന്നെ വളമിടും.
മഴക്കു മുമ്പ് കാച്ചിലിനു മണ്ണ് കൂട്ടും.ചിങ്ങമാസം കിഴങ്ങ് വളരാനുള്ള വളം ഇടും.അതോടെ കാച്ചിൽ പരിചരണം അവസാനിക്കും. ആറുമാസത്തിനുശേഷമാണ് വിളവെടുപ്പ്. നെല്ലിനെക്കാളും ചെലവ് കുറവും ലാഭവുമാണ് കാച്ചിൽ കൃഷി. ഇവിടുത്തെ കാച്ചിലുകൾ ആലപ്പുഴ, തിരുവനന്തപുരം ചാല മാർക്കറ്റുകളിലേക്കാണ് പോകുന്നത്.
ഓണത്തോടനുബന്ധിച്ച് വിളവെടുക്കാൻ പാകത്തിൽ കാച്ചിൽ നട്ടാൽ മാർക്കറ്റിൽ നല്ല വില കിട്ടും. കിഴങ്ങുകൾക്ക് കൂടുതൽ ഭാരമുള്ള കാച്ചിലുകൾക്ക് ഡിമാന്റ് കുറവാണ്. ചെറിയ തൂക്കമുള്ള ഉണ്ട കാച്ചിലുകൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. കർഷകർ അതിനനുസരിച്ചുള്ള വിത്തുക്കൾ ശേഖരിച്ചാണ് കാച്ചിൽ നടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.