സ്ത്രീസുരക്ഷ; ജാഗ്രത സമിതി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം -വനിത കമീഷന്
text_fieldsകൽപറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും സ്ത്രീസുരക്ഷ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന വനിത കമീഷന് അധ്യക്ഷ പി. സതീദേവി. കലക്ടറേറ്റില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. വനിത കമീഷന്റെ നേതൃത്വത്തില്‍ ജാഗ്രത സമിതികള്‍ക്ക് പരിശീലനം നല്‍കും.
സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തി മികച്ചതിന് അവാര്‍ഡും നല്‍കും. അവാര്‍ഡ് തുക 50,000 രൂപയായി വർധിപ്പിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിന് എല്ലാ സര്‍ക്കാര്‍, സഹകരണ, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ ശാക്തീകരിക്കണം.
കമീഷന് ലഭിക്കുന്ന പരാതികളില്‍ എതിര്‍കക്ഷികള്‍ ഹാജരാകാതിരിക്കുന്ന പ്രവണത വർധിക്കുകയാണ്. പൊലീസ് നോട്ടീസ് അയച്ചിട്ടും കക്ഷികള്‍ ഹാജരാകാത്ത സ്ഥിതിയുണ്ട്. ഇത് ഗൗരവകരമായി പരിശോധിക്കുമെന്നും കമീഷന് പറഞ്ഞു.
അദാലത്തിൽ 24 പരാതികളാണ് പരിഗണിച്ചത്. ഇതിൽ നാലെണ്ണം തീർപ്പാക്കി. 18 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ലഭ്യമാക്കാനും മറ്റൊരു കേസില്‍ കൗണ്‍സലിങ്ങും നിർദേശിച്ചു. ഭൂമി കൈയേറ്റം, കുടുംബപ്രശ്നം, സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. കമീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ, വനിത സെല്‍ ഇന്‍സ്പെക്ടര്‍ വി. ഉഷാകുമാരി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.