തൊവരിമല എസ്റ്റേറ്റിൽ വ്യാപക മരം മുറി
text_fieldsകൽപറ്റ: നെന്മേനി പഞ്ചായത്തിലെ ഹാരിസൺ മലയാളം പ്ലാന്‍റേഷൻസിന്‍റെ (എച്ച്.എം.എൽ) തൊവരിമല എസ്റ്റേറ്റിൽനിന്ന് സംരക്ഷിതമായവ അടക്കം വ്യാപകമായി മരങ്ങൾ മുറിച്ചു.
സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. ചെങ്കുത്തായ മൂന്ന് ഏക്കറോളം പ്രദേശത്തെ മരങ്ങൾ മുറിക്കുകയും മണ്ണ് നീക്കംചെയ്യുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി കമ്പനി കൃഷി ചെയ്യാത്ത വനസമാനമായ കുന്നിലാണ് ഇപ്പോൾ മരം മുറിച്ചു മാറ്റി റോഡ് നിർമിച്ച് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
കമ്പനി റീപ്ലാന്‍റിങ്ങിന് വില്ലേജ് അധികൃതർക്ക് നൽകിയ അപേക്ഷയുടെ മറവിലാണ് മരങ്ങൾ മുറിച്ചതെന്നാണ് കരുതുന്നത്. റീ പ്ലാന്‍റേഷന് അധികൃതരുടെ അനുമതി വേണമെന്നിരിക്കെ, ഇവയൊന്നും നേടാതെയാണ് മരംമുറിയും ഭൂമി തരംമാറ്റലുമെന്നാണ് ആരോപണം.
കഴിഞ്ഞ പ്രളയകാലത്ത് ഈ പ്രദേശത്തിന് സമീപം ഉരുൾപൊട്ടലുണ്ടായിരുന്നു. അതിനാൽ, വ്യാപകമായി മരം മുറിക്കുന്നത് ദുരന്തങ്ങൾക്ക് കാരണമാവുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംരക്ഷിത വിഭാഗത്തിൽപെട്ട രണ്ട് ചടച്ചി മരങ്ങൾ മുൻകൂർ അനുമതിയില്ലാതെ മുറിച്ചതിനാണ് മേപ്പാടി റേഞ്ച് വനം അധികൃതർ കേസെടുത്തത്. സംഭവത്തിൽ വില്ലേജ് ഓഫിസറോട് സുൽത്താൻ ബത്തേരി തഹസിൽദാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മുകളിൽ മരം വെട്ടി, മണ്ണ് നീക്കിത്തുടങ്ങിയതോടെ മലയുടെ താഴെ ഭാഗത്തെ താമസക്കാരാണ് ആശങ്കയിലായിരിക്കുന്നത്.
മരം മുറിയും ഭൂമി തരം മാറ്റലും നിർത്തിവെക്കാൻ നടപടിയെടുക്കണം -സി.പി.ഐ
അമ്പലവയൽ: നിയമങ്ങൾ കാറ്റിൽ പറത്തി എച്ച്.എം.എൽ തൊവരിമല എസ്റ്റേറ്റിൽ റീ പ്ലാന്റേഷന്റെ മറവിൽ നടത്തുന്ന അനധികൃത മരംമുറിയും ഭൂമി തരം മാറ്റുന്നതും നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ നെൻമേനി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ റിജോഷ് ബേബി അധ്യക്ഷത വഹിച്ചു. സതീഷ് കരടിപ്പാറ, വിപിൻ തവനി, പി.ഇ. മോഹനൻ, എം.ആർ. ശ്രീനിവാസൻ, എം.വി. വിശ്വനാഥൻ, സൈസൂനത്ത് നാസർ എന്നിവർ സംസാരിച്ചു.
നടപടി സ്വീകരിക്കണം –ബി.ജെ.പി
അമ്പലവയൽ: അധികൃതരുടെ ഒത്താശയോടെ ഹാരിസൺ പ്ലാന്റേഷൻ തൊവരിമല എസ്റ്റേറ്റിൽ വനഭൂമിയോട് ചേർന്ന് മിച്ചഭൂമിയായി കാണുന്ന സ്ഥലത്ത് റീ പ്ലാന്റേഷന്റെ മറവിൽ നടത്തിയ മരം മുറിക്കും ഭൂമി തരം മാറ്റുന്നതിനും ഒത്താശചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നെൻമേനി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ബി.ജെ.പി നെൻമേനി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ ടി.എസ്. ഹരിദാസൻ അധ്യക്ഷത വഹിച്ചു. പി.കെ. വിജയകുമാർ, എൻ.യു. ചാമി, പി.ആർ. രാംജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.