ഉരുൾദുരന്തം പുനരധിവാസം: കണ്ടെത്തിയ ഭൂമിയിൽ ഒരിടത്തെ തൊഴിൽ പ്രശ്നം തീർന്നു
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ അതിജീവിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ് പദ്ധതിക്കായി സർക്കാർ തെരഞ്ഞെടുത്ത കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിച്ചു. എന്നാൽ, നിയമപ്രശ്നങ്ങൾ ഏറെയുള്ള മറ്റൊരു ഭൂമിയായ മേപ്പാടി നെടുമ്പാലയിലെ എച്ച്.എം.എൽ എസ്റ്റേറ്റ് ഏറ്റെടുക്കൽ സർക്കാറിന് കടമ്പയാകും. രണ്ട് സ്ഥലങ്ങളിലും നിയമ-തൊഴിൽ പ്രശ്നങ്ങളുള്ളത് സംബന്ധിച്ച് സെപ്റ്റംബർ 30ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
കൽപറ്റ ബൈപാസിൽനിന്ന് തുടങ്ങുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ വർഷങ്ങളായി തൊഴിൽ പ്രശ്നങ്ങൾ നിലവിലുണ്ട്. തൊഴിലാളികളുടെ ശമ്പള കുടിശ്ശികയടക്കമുള്ളതിനാൽ ഏറെ നാളുകളായി തൊഴിലാളി യൂനിയനുകൾ തേയില നുള്ളി സ്വന്തം നിലക്ക് വിൽപന നടത്തിവരുകയായിരുന്നു.
ബോണസ്, സെറ്റിൽമെന്റ് പി.എഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ വിഷയങ്ങളടക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയൻ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. പുനരധിവാസത്തിന് ഈ ഭൂമി ഏറ്റെടുക്കുമ്പോൾ കിട്ടുന്ന വിലയിൽനിന്ന് തൊഴിലാളികൾക്കുള്ള ആനുകൂല്യം കൊടുത്ത് തീർക്കുമെന്നാണ് ചർച്ചയിൽ തീരുമാനമായത്. ഇതോടെ, എസ്റ്റേറ്റ് ശനിയാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. അതേസമയം, ഭൂമി സർക്കാറിന് കൈമാറുമ്പോഴുള്ള വിലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ മൊയ്തീൻ കുഞ്ഞ് ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാറിന്റെ ഫെയർ വാല്യൂ അടിസ്ഥാനത്തിലായിരിക്കും വിലയെന്നും ജില്ല കലക്ടറുമായി ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൈനാട്ടിക്കടുത്ത് കൽപറ്റ ബൈപാസ് തുടങ്ങുന്നിടത്തുനിന്നുള്ള 78.73 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുക. ഈ ഭൂമിയിലെ ജനവാസമുള്ള 10.4 ഹെക്ടർ ഒഴിവാക്കും.
അതേസമയം, പുനരധിവാസത്തിനുള്ള മറ്റൊരു ഭൂമിയായ മേപ്പാടി നെടുമ്പാലയിലെ എച്ച്.എം.എൽ ഭൂമി സംബന്ധിച്ച് നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ജനവാസമുള്ള ഇവിടത്തെ 6.61 ഹെക്ടർ ഭൂമി ഒഴിവാക്കിയുള്ള 65.41 ഹെക്ടറാണ് സർക്കാർ ഏറ്റെടുക്കുക.
സ്പെഷൽ ഓഫിസറായിരുന്ന എം.ജി. രാജമാണിക്യം സർക്കാറിലേക്ക് കണ്ടുകെട്ടണമെന്ന് റിപ്പോർട്ട് നൽകിയ ഭൂമിയാണിത്. ലാൻഡ് ബോർഡിന്റെ കണിയാമ്പറ്റ സോണൽ ഓഫിസിലാണ് ഇതിന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.