ലോകകപ്പ് ഫുട്ബാൾ പൂരം കൊടിയേറി; ആവേശകൊടുമുടിയിൽ നാടും നഗരവും
text_fieldsകൽപറ്റ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് ഞായറാഴ്ച രാത്രി തുടക്കമായെങ്കിൽ അതിന് മുന്നോടിയായി ആവേശകൊടുമുടി കയറി വയനാട്ടിൽ നഗര -ഗ്രാമങ്ങളിൽ വിളംബര റാലികൾ. ഞായറാഴ്ച വൈകിട്ട് ജില്ലയിൽ നഗര, ഗ്രാമഭേദമെന്യേ റാലികൾ നടന്നു.
ബ്രസീലിന്‍റെയും അർജന്‍റീനയുടെയും ഇംഗ്ലണ്ടിന്‍റെയും ഫ്രാൻസിന്‍റെയും പോർച്ചുഗലിന്‍റെയും ജർമനിയുടെയും മറ്റു ടീമുകളുടെയും ആരാധകർ ഒന്നിച്ചൊന്നായി ലോകകപ്പ് ഫുട്ബാൾ ആവേശവുമായി ആർപ്പുവിളികളുയർത്തുകയായിരുന്നു. കുട്ടികളും മുതിർന്നവരും പ്രായമായവരും ഉൾപ്പെടെ എല്ലാവരും ഇഷ്ടടീമിനായി ജയ് വിളിച്ചുകൊണ്ട് ഫാൻസ് റാലികളുടെ ഭാഗമായി.
കൽപറ്റ നഗരസഭയുടെയും ഫുട്ബാൾ ഫാൻസ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്ന് വൈകിട്ട് നാലിനുശേഷമാണ് കൂറ്റൻ ഫാൻസ് റാലി നടന്നത്.
സിനിമ താരം അബു സലീം, നഗരസഭ ചെയർമാൻ കെയെംതൊടി മുജീബ്, സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്‍റ് എം. മധു തുടങ്ങിയ നിരവധി പേർ റാലിയിൽ പങ്കെടുത്തു. അർജന്‍റീന ആരാധകനായ അബു സലീം ആരാധകർക്കൊപ്പം നൃത്തംവെച്ചാണ് അവരുടെ ആവേശത്തിനൊപ്പം ചേർന്നത്.
പുൽപള്ളി: പുൽപള്ളി സ്പോർട്സ് അക്കാദമി, വിജയ ഹയർസെക്കൻഡറി എൻ.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിളംബരജാഥ നടത്തി. ക്ലബ് പ്രസിഡന്റ് പി.എ. ഡീവൻസ്, വി.എം. ജോൺസൺ, അനിൽ സി. കുമാർ, വിജോയി തുടങ്ങിയവർ സംസാരിച്ചു.
പുൽപള്ളി എസ്.എൻ.ഡി.പി യോഗം ആർട്സ് കോളജ് മൾട്ടിമീഡിയ വകുപ്പ്, കോളജ് യൂനിയൻ, പുൽപള്ളി സ്പോർട്സ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ വിളംബര റാലിയും പ്രദർശന ഫുട്ബാൾ മത്സരവും നടത്തി. പ്രിൻസിപ്പൽ ഡോ. കെ.പി. സാജു ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി. വിധുൽ അധ്യക്ഷത വഹിച്ചു. എം.എ. ആഷിൽ, നിഖിൽ കെ. സണ്ണി, പി.എ. ഡീവൻസ്, വി.എം. ജോൺസൺ തുടങ്ങിയവർ നേത്യത്വം നൽകി.
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ. എല്‍.പി സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് വിളംബര റാലി, ഗോളടി മേളം, ഡാന്‍സ് തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് കുട്ടികള്‍ സ്കൂളിലെത്തിയത്. പരിപാടികള്‍ക്ക് പ്രധാനാധ്യാപകന്‍ റെജി തോമസ്, അധ്യാപകരായ പി. മുഹമ്മദ് ഷെരീഫ്, എം.കെ. ഷെമീര്‍, ടി.എ. നജ്മുന്നിസ, രാധിക, റസിയ കെ, രാജിമോള്‍ പി.ആര്‍, ദീപ കുര്യാക്കോസ്, അശ്വതി എസ് എന്നിവര്‍ നേതൃത്വം നല്‍കി.
കൽപറ്റ: ഡി.വൈ.എഫ്ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ടൗണിൽ വിളംബര റാലി നടത്തി. കാനറാ ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച് പുതിയസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ജില്ല സെക്രട്ടറി കെ. റഫീഖ്, ജില്ല വൈസ് പ്രസിഡന്‍റുമാരായ അർജുൻ ഗോപാൽ, ജോബിസൺ ജയിംസ്, ജില്ല കമ്മിറ്റിയംഗങ്ങളായ ഷെജിൻ ജോസ്, ബിനീഷ് മാധവ്, എം. ബിജുലാൽ, പി.എച്ച്. ഷാനിബ് ജിഷ്ണു ഷാജി, ജസീല ഷാനിഫ്, കെ. എസ്. ഹരിശങ്കർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.