ഇന്ന് ലോക സാക്ഷരത ദിനം: വയനാട് പരിപൂർണ സാക്ഷരതയിലേക്ക്
text_fieldsകൽപറ്റ: സംസ്ഥാന സാക്ഷരത മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിവരുന്ന പ്രത്യേക പദ്ധതികളിലൂടെ പരിപൂർണ സാക്ഷരതയെന്ന വയനാടിന്റെ സ്വപ്നം യാഥാർഥ്യമാകുന്നു. 1991 ഏപ്രിൽ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് സംഘടിപ്പിച്ച സമ്പൂർണ സാക്ഷരത പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വയനാട്ടിൽ പരിപൂർണ സാക്ഷരത നേടാനാകുന്നത്. സാക്ഷരത മിഷൻ ആഗസ്റ്റ് 25ന് നടത്തിയ സാക്ഷരത പരീക്ഷയായ മികവുത്സവത്തിൽ കേവലം ആറു പഠിതാക്കൾ മാത്രമാണ് പങ്കെടുത്തത്. ഇത് അടിസ്ഥാന സാക്ഷരത പരിപൂർണതയിലേക്കെത്തുന്നതിന്റെ സൂചനയാണ്.
ദേശീയ സാക്ഷരത മിഷന്റെ കൂടി പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ (ഉല്ലാസ് ) ഭാഗമായി ഇനിയും അവശേഷിക്കുന്ന നാമമാത്രമായ നിരക്ഷരരെ കണ്ടെത്തി അവരെയും സാക്ഷരരാക്കുന്നതോടെ സംഘടിത രീതിയിൽ, സാക്ഷരത മിഷൻ മുഖേന നടത്തിവരുന്ന അടിസ്ഥാന സാക്ഷരത പ്രവർത്തനങ്ങൾ ജില്ലയിൽ അവസാനിപ്പിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകും.
എന്നാൽ, ഔദ്യോഗികമായി വയനാടിന്റെ ഉയർന്ന സാക്ഷരത ശതമാനം ലഭ്യമാകണമെങ്കിൽ അടുത്ത പൊതു സെൻസസ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടിവരും. 2011ന് ശേഷം രാജ്യത്ത് പൊതു സെൻസസ് നടന്നിട്ടില്ലാത്ത സാഹചര്യത്തിലാണിത്. അടുത്ത കാലത്ത് ജില്ലയിൽ നടന്ന ഊർജിത സാക്ഷരത പ്രവർത്തനങ്ങളിലൂടെ സാക്ഷരത കൈവരിച്ചവരുടെ എണ്ണം ശ്രദ്ധിച്ചാൽ ഈ മേഖലയിൽ ജില്ല കൈവരിച്ച നേട്ടം മനസ്സിലാക്കാൻ സാധിക്കും.
സംസ്ഥാന സാക്ഷരത മിഷൻ മുഖേന 2017ന് ശേഷം ആരംഭിച്ച പ്രവർത്തനങ്ങളുടെ ഫലമായി 2019ൽ നടത്തിയ സാക്ഷരത പരീക്ഷയിൽ 4309 പേർ അടിസ്ഥാന സാക്ഷരത കൈവരിച്ചു. തുടർന്ന് 2021ൽ 2993 പഠിതാക്കൾ സാക്ഷരത നേടി. സംസ്ഥാന സാക്ഷരത മിഷൻ ആവിഷ്കരിച്ച 'വയനാട് ആദിവാസി സാക്ഷരത പദ്ധതി'യുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെയാണ് ഇത്തരമൊരു നേട്ടം കൈവരിച്ചത്. ദേശീയ സാക്ഷരത മിഷന്റെ സഹകരണത്തോടെ ഏറ്റെടുത്ത പഠ്ന ലിഖ്ന പദ്ധതി പ്രകാരം 2022ൽ 12633 പഠിതാക്കളെ കൂടി സാക്ഷരരാക്കാൻ കഴിഞ്ഞത് ജില്ലയിലെ നിരക്ഷരത ഗണ്യമായി കുറക്കാൻ സഹായകമായിട്ടുണ്ട്.
പഠ്ന ലിഖ്ന പദ്ധതിക്ക് ശേഷം വന്ന കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ 'ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ( ഉല്ലാസ്) ഭാഗമായി 2023 ഡിസംബർ 10ന് നടത്തിയ സാക്ഷരത പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും 906 പേർ കൂടി സാക്ഷരത കൈവരിച്ചു. ആദ്യകാല സാക്ഷരത പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി സാക്ഷരത കോഴ്സിലേക്ക് പഠിതാക്കളായി ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവരുടെ ആധാർ നമ്പർ ഉൾെപ്പടെയുള്ള വിവരങ്ങൾ കൂടി ശേഖരിച്ചത് കണക്കിൽ ഇരട്ടിപ്പും ആവർത്തനവും ഒഴിവാക്കുന്നതിന് സഹായകമായിട്ടുണ്ട്.
സമ്പൂർണ ഡിജിറ്റൽ സാക്ഷരതയെന്ന ലക്ഷ്യം കൈവരിക്കാൻ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് വരുന്ന സാഹചര്യത്തിൽ വയനാടിന്റെ പരിപൂർണ അടിസ്ഥാന സാക്ഷരതയെന്ന നേട്ടത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോക സാക്ഷരത ദിനത്തിൽ സുൽത്താൻബത്തേരി സർവജന സ്കൂളിൽ നടക്കുന്ന ജില്ലതല സാക്ഷരത ദിനാചരണം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ വിദ്യാഭ്യസ കല കായിക സ്ഥിരം സമിതി ചെയർമാൻ ടോം ജോസ് അധ്യഷതവഹിക്കും. ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിലൂടെ സാക്ഷരത നേടിയ ജില്ലയിലെ പ്രായം കുറഞ്ഞ പഠിതാവ് ചീരാലിലെ എം.എം. ബാബുവിനെ ചടങ്ങിൽ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.