കാരാപ്പുഴ ഡാം: ഇടതുകര കനാലിലൂടെ വെള്ളം ഒഴുക്കിത്തുടങ്ങി
text_fieldsകല്പറ്റ: കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം ഒഴുക്കിത്തുടങ്ങി. ഇതാദ്യമായാണ് 16.74 കിലോമീറ്റര്‍ നീളമുള്ള ഇടതുകര കനാല്‍വഴി പൂര്‍ണതോതില്‍ വെള്ളമൊഴുക്കുന്നത്. കാരാപ്പുഴ റിസര്‍വോയറില്‍ ആരംഭിച്ച് മടക്കിമല വഴി കമ്പളക്കാട് പള്ളിക്കുന്ന് റോഡ് വരെ എത്തുന്നതാണ് ഇടതുകര കനാല്‍. ബുധനാഴ്ച കനാലിന്റെ അവസാന ഭാഗംവരെ വെള്ളമെത്തിയതായി അധികൃതർ അറിയിച്ചു. ചില ഭാഗങ്ങളിൽ ചെറിയതോതിലുള്ള ചോർച്ചയടക്കമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇവ ഉടൻ പരിഹരിക്കാൻ കഴിയുന്നതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കാരാപ്പുഴയില്‍നിന്ന് മീനങ്ങാടി ചെണ്ടക്കുനി വരെയാണ് വലതുകര കനാല്‍. 8.805 കിലോമീറ്റര്‍ നീളമുള്ള വലതുകര കനാലിലൂടെ നിലവില്‍ വെള്ളം ഒഴുക്കുന്നുണ്ട്. ഇതോടെ കാരാപ്പുഴ ഡാമിൽനിന്ന് 25 കിലോമീറ്റർ ദൂരത്തിൽ കനാലിലൂടെ വെള്ളമെത്തിക്കുന്നത് യാഥാർഥ്യമാവുകയാണ്.
ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ഇടതുകര കനാലിലൂടെ കാര്‍ഷികാവശ്യത്തിനു വെള്ളം സ്ഥിരമായി ഒഴുക്കാനാണ് ജലവിഭവ വകുപ്പിന്റെ നീക്കം.
ഇതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം ഒഴുക്കുന്നത്. വേനല്‍ ശക്തമായ സാഹചര്യത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ജലം ഒഴുക്കലും കര്‍ഷകര്‍ക്കു ഗുണം ചെയ്യും. ഇടതുകര കാനാലിലൂടെ വെള്ളം ഒഴുക്കുന്നത് പരിസരങ്ങളിലെ തോടുകള്‍ വറ്റിവരളാതിരിക്കുന്നതിനും സഹായകമാകും.
കനാലില്‍ അടുത്തകാലത്തു നടത്തിയ അറ്റകുറ്റപ്പണികളില്‍ പിഴവുണ്ടോയെന്നു മനസിലാക്കുന്നതിനും ട്രയല്‍ റണ്‍ ഉതകും. 2019ലെ പ്രകൃതിക്ഷോഭത്തില്‍ കനാല്‍ തൃക്കൈപ്പറ്റ കെ.കെ. ജങ്ഷനു സമീപം 96 മീറ്റര്‍ തകര്‍ന്നിരുന്നു.
ഇടതുകര കനാലിലൂടെ എത്ര അളവിലാണ് വെള്ളം ഒഴുക്കുന്നതെന്ന് നിലവിൽ പരീക്ഷണഘട്ടമായതിനാൽ, ജലവിഭവ വകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
വലതുകര കനാലിലൂടെ സെക്കന്‍ഡില്‍ ഒമ്പത് എം ക്യൂബ് വെള്ളമാണ് ഒഴുക്കുന്നത്. വലതുകര മെയിന്‍ കനാലുമായി ബന്ധപ്പെടുത്തുന്ന 16.3 കിലോമീറ്റര്‍ വിതരണ കനാലുകളുടെ നിര്‍മാണം പുരോഗതിയിലാണ്.
മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, സുൽത്താൻ ബത്തേരി പഞ്ചായത്തുകളില്‍ 5,221 ഹെക്ടറില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്ഷികോൽപാദനം വര്‍ധിപ്പിക്കുന്നതിനു വിഭാവനം ചെയ്തതാണ് കാരാപ്പുഴ പദ്ധതി. കബനി നദിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണക്കെട്ട്. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. 7.6 കോടി രൂപ മതിപ്പുചെലവില്‍ 1978ല്‍ പ്രവൃത്തി തുടങ്ങിയ പദ്ധതി ഇന്നോളം പൂര്‍ണമായും കമീഷന് ചെയ്തിട്ടില്ല. നിലവില്‍ ഏതാനും ഹെക്ടര്‍ വയലിലാണ് അണക്കെട്ടിലെ വെള്ളം കൃഷിക്കു ഉപയോഗപ്പെടുത്തുന്നത്. ഈ അവസ്ഥക്കാണ് ഡിസംബറോടെ മാറ്റമാകുക.
ഇപ്പോള്‍ വെള്ളം ലഭിക്കുന്നത് നിലക്കാതെ തുടരുമെന്ന പ്രതീക്ഷയിലാണ് കനാല്‍ കടന്നുപോകുന്ന ഭാഗങ്ങളിലുള്ള കര്‍ഷകരുള്ളത്. രണ്ടു കനാലുകളിലൂടെയും വെള്ളം സ്ഥിരമായി ഒഴുക്കുന്നതോടെ കര്‍ഷകർക്ക് ആശ്വാസമാവും. നെല്ലിന്റെയും നാണ്യവിളകളുടെയും ഉൽപാദനം വര്‍ധിക്കുന്നതിന് ഇതു സഹായകമാകും. കാരാപ്പുഴ ജലസേചന പദ്ധതി 2025ല്‍ പൂര്‍ണതോതില്‍ കമീഷന് ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. കാരാപ്പുഴ അണക്കെട്ടിലെ ജലം നിലവില്‍ കല്പറ്റ നഗരത്തിലടക്കം കുടിവെള്ള വിതരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്.
ജില്ലയിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായും കാരാപ്പുഴ വികസിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.