ആർ.ടി.പി.സി.ആർ നിബന്ധന ഒഴിവാക്കി കർണാടക; മലയാളി യാത്രക്കാർക്ക് ആശ്വാസം
text_fieldsകൽപറ്റ: കേരളത്തിൽനിന്ന് പോകുന്നവർക്ക് ഏർപ്പെടുത്തിയ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധന കർണാടക ഒഴിവാക്കിയതോടെ വയനാട് ജില്ലയിൽനിന്നടക്കമുള്ള യാത്രക്കാർക്ക് ആശ്വാസം.
കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. അനിൽകുമാറാണ് ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കിയത്. റോഡ്, വിമാനം, ട്രെയിൻ എന്നിങ്ങനെ സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവർക്കും ഇത് ബാധകമാണെന്നും യാത്രക്കാർ കോവിഡിന്റെ ഇരു ഡോസ് വാക്സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണമെന്നും ഉത്തരവിൽ പറയുന്നു.
രണ്ട് ഡോസ് വാക്സിൻ എടുത്തവരും നിശ്ചിത മണിക്കൂറുകൾക്കിടയിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധനക്ക് ഹാജരാക്കണമെന്നത് യാത്രക്കാരെ ഏറെ വലച്ചിരുന്നു. കേന്ദ്രസർക്കാർ, അന്തർസംസ്ഥാന യാത്രക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചപ്പോഴും തമിഴ്നാട് അടക്കം ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചപ്പോഴും മലയാളികളോട് കർണാടക കടുംപിടിത്തം തുടരുകയായിരുന്നു.
അതിർത്തി പങ്കിടുന്നതിനാൽ നിരവധി വയനാട് ജില്ലക്കാരാണ് ദിനേന കർണാടക അതിർത്തി വഴി യാത്രചെയ്തുവന്നിരുന്നത്. ആർ.ടി.പി.സി.ആർ നിബന്ധന കർണാടക പിൻവലിക്കാതിരുന്നത് ഇവർക്കൊക്കെ വൻ പ്രതിസന്ധിയാണ് വരുത്തിവെച്ചത്. ആശുപത്രി, ബിസിനസ്, വിദ്യാഭ്യാസം തുടങ്ങിയ നിരവധി ആവശ്യങ്ങൾക്കായി പെട്ടെന്ന് യാത്രചെയ്യേണ്ടിവരുന്നവർ സർട്ടിഫിക്കറ്റ് നിബന്ധന കാരണം വലയുന്നത് പതിവായിരുന്നു.
കർണാടകയിൽ ഇഞ്ചിയടക്കം കൃഷിചെയ്യുന്ന മലയാളികളായ കർഷകരും ഈ നിബന്ധന കാരണം ദുരിതത്തിലായി. കാർഷികാവശ്യങ്ങൾക്ക് പ്രതിദിനം സഞ്ചരിക്കേണ്ടിവരുന്ന കർഷകർക്ക് എപ്പോഴും ആർ.ടി.പി.സി.ആർ പരിശോധന പ്രായോഗികമായിരുന്നില്ല.
നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നിർബന്ധിത ക്വാറന്റീനിൽ കഴിയേണ്ടിവരുമെന്നതും കർഷകർക്കടക്കം ദുരിതം സമ്മാനിച്ചിരുന്നു. സ്ഥിരയാത്രക്കാർക്ക് ഇടവിട്ടുള്ള ആർ.ടി.പി.സി.ആർ പരിശോധന വൻ സാമ്പത്തിക ബാധ്യതയുമായിരുന്നു.
രാവിലെ അതിർത്തി ചെക്ക്പോസ്റ്റുകൾ തുറക്കുമ്പോൾ കോവിഡ് പരിശോധനകൾ കഴിഞ്ഞതിന് ശേഷം മാത്രമാണ് കർണാടക അധികൃതർ വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. ഇത് ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നതിനും കാരണമായി. നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരിൽനിന്ന് കൈക്കൂലി സ്വീകരിച്ച് കർണാടക അധികൃതർ അതിർത്തി കടത്തിവിടുന്നെന്ന പരാതിയും വ്യാപകമായിരുന്നു.
കർണാടക നിബന്ധന കടുപ്പിച്ചതോടെ, വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമാണ ലോബിയും വയനാട്ടിൽ സജീവമായി. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് മാനന്തവാടിയിലെയും വെള്ളമുണ്ട എട്ടേനാലിലിലെയും ഇന്റർനെറ്റ് കഫേ നടത്തിപ്പുകാർ അറസ്റ്റിലായതോടെയാണ് ഇത് പുറത്തറിയുന്നത്. ഇത്തരം പ്രതിസന്ധികൾക്കാണ് കർണാടക സർക്കാറിന്റെ പുതിയ ഉത്തരവിലൂടെ അറുതിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.