‘കരുതലും കൈത്താങ്ങും’ അദാലത്തിന് തുടക്കം
text_fieldsചുണ്ടേൽ: സാധാരണക്കാരുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കുകയാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയെന്ന് വനം, വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദാലത്തില്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച സരോജിനി, ഉഷാദേവി, പി. ജസ്ല, ഗീത എന്നിവര്‍ക്കുള്ള കാര്‍ഡ് മന്ത്രി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. രേണുരാജ്, സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്.
വി. അബൂബക്കര്‍, കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, എ.എസ്.പി തപോഷ് ബസ്മതാരി, വൈത്തിരി തഹസില്‍ദാര്‍ എം.കെ. ശിവദാസന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ആദ്യദിനം തീര്‍പ്പാക്കിയത് 319 പരാതികൾ
കൽപറ്റ: വൈത്തിരി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്തിന്റെ ആദ്യ ദിനത്തില്‍ മുന്‍കൂട്ടി ലഭിച്ച 561 പരാതികളും പുതിയതായി ലഭിച്ച 89 പരാതികളും പരിഗണിച്ചു. പരാതിക്കാരെ നേരിട്ട് കേട്ട മന്ത്രി എ.കെ. ശശീന്ദ്രന് നേരിട്ട് പരിഹാരിക്കാവുന്ന പരാതികള്‍ അപ്പോള്‍ തന്നെ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
മറ്റു പരാതികളില്‍ കാലതമാസമില്ലാതെ പരിഹാരം കാണുന്നതിനായിരുന്നു നിർദേശം. ജില്ല കലക്ടര്‍ ഡോ. രേണുരാജ് അടക്കമുള്ളവര്‍ മന്ത്രിക്കൊപ്പം പൊതുജനങ്ങളുടെ പരാതി കേള്‍ക്കാനും പരിഹാര നിർദേശങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു. ആദ്യദിനം 319 പരാതികള്‍ തീര്‍പ്പാക്കി. റവന്യു വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ പരാതി.
പൊതുജനങ്ങളുടെ പരാതി പരിഹാരങ്ങള്‍ക്കായി 21 കൗണ്ടറുകളാണ് വേദിയില്‍ സജ്ജീകരിച്ചത്. ഭിന്നശേഷിക്കാര്‍, അസുഖ ബാധിതര്‍ എന്നിവര്‍ക്കെല്ലാമായി പ്രത്യേക കൗണ്ടറും ഒരുക്കി. കലക്ടര്‍, എ.ഡി.എം, സബ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ എന്നിവര്‍ വിവിധ കൗണ്ടറുകളില്‍ ലഭ്യമായ പരാതികളില്‍ പരിഹാര നടപടികള്‍ക്ക് നേതൃത്വം നല്കി.
27 ഇനം പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 29 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്ത് ബത്തേരി ഡോണ്‍ ബോസ്കോ കോളജ് ഓഡിറ്റോറിയത്തിലും 30ന് മാനന്തവാടി താലൂക്ക്തല അദാലത്ത് അമ്പുകുത്തി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളിലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.