കേരള ചിക്കൻ 51 കോടി വായ്പ പദ്ധതി: അപേക്ഷ ഇന്നുമുതൽ
text_fieldsകൽപറ്റ: കേരള ചിക്കൻ പദ്ധതിയിൽ കേരള ബാങ്ക് വായ്പ സഹായത്തോടെ കോഴി ഫാമുകൾ തുടങ്ങുന്നതിനുള്ള അപേക്ഷഫോറവും വിശദ വിവരങ്ങളും അതത് ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ ഏപ്രിൽ 23 മുതൽ ലഭിക്കും. സ്വന്തമായി കോഴി ഫാമുകളുള്ള കർഷകർക്കാണ് മുൻഗണന. തൊഴിലുറപ്പ് പദ്ധതിയിൽ ഫാം നിർമിക്കുന്നതിനുള്ള നടപടിക്രമം പഞ്ചായത്തുകൾ പൂർത്തീകരിക്കുന്ന മുറക്ക് കേരള ബാങ്ക് വായ്പ ലഭ്യമാക്കും.
അപേക്ഷ പരിശോധിച്ച് ബ്രഹ്മഗിരി വിദഗ്ധ സംഘം നൽകുന്ന ശിപാർശക്ക് അനുസരിച്ചായിരിക്കും കേരള ബാങ്ക് വായ്പ അനുവദിക്കുക. ഇതിനായി കർഷകർ-കേരളബാങ്ക്-ബ്രഹ്മഗിരി സംയുക്ത ധാരണാപത്രം ഒപ്പിടും.
കോഴി ഇറച്ചി ഉൽപാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ കേരള ചിക്കൻ പദ്ധതിയുടെ വിപുലീകരണത്തിനായാണ് കേരള ബാങ്ക് 51 കോടി വായ്പ നൽകുന്നത്. പദ്ധതി നിർവഹണ ഏജൻസിയെന്ന നിലയിൽ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ 2000 കോഴി ഫാമുകളാണ് വായ്പ സഹായത്തോടെ തുടങ്ങാൻ ഉദ്ദേശിക്കുന്നത്.
1000 കോഴികൾ വീതമുള്ള 1000 ഫാമുകൾ തുടങ്ങുന്നതിന് ഈടില്ലാതെ ഏഴു ശതമാനം പലിശനിരക്കിൽ 1.5 ലക്ഷവും 2000 കോഴികൾ വീതമുള്ള 700 ഫാമുകൾ തുടങ്ങുന്നതിന് ഈടോടുകൂടി ഏഴു ശതമാനം പലിശ നിരക്കിൽ രണ്ട് ലക്ഷം വരെയും 8.5 ശതമാനം പലിശ നിരക്കിൽ രണ്ട് ലക്ഷം മുതൽ മൂന്നു ലക്ഷം വരെയും വായ്പ ലഭിക്കും. 3000 കോഴികളുള്ള 300 ഫാമുകൾക്ക് ഈടോടുകൂടി 8.5 ശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷം വരെയും വായ്പ ലഭിക്കും.
1000, 2000 കോഴികളുള്ള ഫാം ഉടമക്ക് വായ്പയായി ലഭിക്കുന്ന തുകയിൽ രണ്ട് ലക്ഷം വരെ കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്നു ശതമാനം പലിശ നിരക്കിൽ വാർഷിക സബ്സിഡി ലഭിക്കും. ഫലത്തിൽ നാലു ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും.
കർഷകരിൽനിന്ന് വിത്ത് ധനം സ്വീകരിച്ച് 10-11 രൂപ വരെ വളർത്തുകൂലി നൽകിയാണ് ബ്രഹ്മഗിരി കേരള ചിക്കൻ പദ്ധതി നടത്തുന്നത്. ലൈവ്സ്റ്റോക് ഇൻസ്പെക്ടർ, മൃഗഡോക്ടർ, കോഴിക്കുഞ്ഞ്, കോഴിത്തീറ്റ എന്നിവരുടെ സേവനം ബ്രഹ്മഗിരിയുടെ ചുമതലയാണ്. 1000 കോഴിവളർത്തുന്ന കർഷകന് സ്വകാര്യകമ്പനികൾ 10,000-12,000 രൂപ വരെ നൽകുമ്പോൾ കേരള ചിക്കൻ പദ്ധതിയിൽ 16,000-22,000 രൂപ വരെ നേടാനാകും. വിശദവിവരങ്ങൾക്ക്: 9656493111.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.