ഇറങ്ങിയത് രാവിലെ, എത്തിയത് പിറ്റേന്ന് പുലർച്ച; വിശ്രമമില്ലാതെ വേദിയിൽ
text_fieldsകൊല്ലം: ചുരമിറങ്ങി മണിക്കൂറുകൾ നീണ്ട യാത്രയും കഴിഞ്ഞ് അൽപം പോലും വിശ്രമിക്കാതെ പരിശീലനം നടത്തി വേദിയിലെത്തി വയനാടൻ സംഘം. തുടർച്ചയായി രണ്ടാം തവണയും ജില്ലയെ പ്രതിനിധാനം ചെയ്താണ് എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടി എത്തിയത്. എതിരിടാനെത്തിയവരെയൊക്കെ തോൽപിച്ച് ജയഭേരി മുഴക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇത്തവണ വയനാട് എച്ച്.എസ് വിഭാഗത്തിൽനിന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ടീമിലെ ഓരോരുത്തരും.
ചുരമിറങ്ങി 10 കുട്ടികളാണ് വയനാടിന്റെ അറബന വേദിയിൽ എത്തിയിരിക്കുന്നത്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബനയിൽ ഇത്തവണയും എ ഗ്രേഡോടെ മാത്രമേ മടങ്ങൂവെന്നാണ് ഇവർ പറയുന്നത്. വയനാടിന്റെ ചരിത്രത്തിൽ അറബനക്ക് വലിയ പ്രാധാന്യമില്ലെങ്കിലും എം.ജി.എമ്മിന് അങ്ങനെയല്ല.
ബുധനാഴ്ച രാവിലെ ഏഴിന് തുടങ്ങിയ യാത്ര വ്യാഴാഴ്ച പുലർച്ച 2.30നാണ് കൊല്ലത്തിന്റെ മണ്ണിലെത്തിയത്. തുടർച്ചയായുള്ള 19 മണിക്കൂർ യാത്ര അവരെ തളർത്തിയിരുന്നില്ല. ജില്ലയിൽ ഓവറോൾ നേടാനായതിന്റെ സന്തോഷമായിരുന്നു ഉള്ളുനിറയെ. സ്കൂൾ ബസിലായിരുന്നു യാത്ര. വഴിനീളെ കടുത്ത ചൂടിനെ അവഗണിച്ചാണ് കലോത്സവ വേദിയിൽ എത്തിയത്.
അവതരണം, പാട്ട് എന്നിവക്ക് ചുവടുവെച്ച് മെയ്വഴക്കം തീര്ത്തായിരുന്നു വയനാടിന്റെ പ്രകടനം. കണ്ണെത്തുന്നിടത്ത് അറബനയും മെയ്യെത്തുന്നിടത്ത് മനസ്സുമെത്തുന്നതായിരുന്നു വയനാടിന്റെ മെയ്വഴക്കം. മാനന്തവാടി എം.ജി.എച്ച്.എസ്.എസിൽനിന്ന് ജില്ലയെ പ്രതിനിധാനം ചെയ്ത് 98 കുട്ടികളാണ് കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.