നോളജ് ഇക്കോണമി മിഷന് തൊഴില്‍മേള മാനന്തവാടിയില്‍
text_fieldsകൽപറ്റ: സംസ്ഥാന സര്‍ക്കാർ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷൻ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 12നു മാനന്തവാടി ഗവ. കോളജില്‍ നടക്കുന്ന തൊഴില്മേളയോടെ തുടക്കം കുറിക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്) എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തിരഞ്ഞെടുക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷന് അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില് കൊണ്ടുവരുകയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഉദ്യോഗാർഥികള്‍ക്ക് പരിശീലനം
തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാർഥികള്‍ക്ക് ജോബ് റെഡിനെസ്, ഇന്റര്‍വ്യൂ സ്കില്‍ എന്നിവയില്‍ മൂന്നു മണിക്കൂര്‍ സൗജന്യ പരിശീലനവും കേരള നോളജ് ഇക്കോണമി മിഷനും കുടുബശ്രീയുടെ സ്കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും തൊഴില്‍ മേള അവസരമൊരുക്കും.
ഐ.ടി, എൻജിനീയറിങ്, ടെക്നിക്കല്‍ ജോബ്സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോ മൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്, മീഡിയ, സ്കില്‍ എജുക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിങ്, അഡ്മിനിസ്ട്രേഷന്, ഹോട്ടല്‍ മാനേജ്മെന്റ്, നികുതി തുടങ്ങിയ മേഖലകളിലെ 100 ലധികം കമ്പനികളിലായി 15,000ത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോൺ: 0471 2737881.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.