പ്രവർത്തനം ആരംഭിക്കാതെ കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷനുകൾ
text_fieldsവൈത്തിരി: കെ.എസ്.ഇ.ബിയുടെ കീഴിൽ ജില്ലയിൽ രണ്ടിടത്തായി വൈദ്യുതി വാഹനങ്ങൾക്കായി തയാറാക്കിയ ചാർജിങ് സ്റ്റേഷനുകൾ നോക്കുകുത്തി. സ്റ്റേഷനുമായി ബന്ധപ്പെട്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെങ്കിലും ഉദ്ഘാടനം നീട്ടിവെക്കുകയാണ്. വയനാട്ടിൽ വൈത്തിരിയിലും പടിഞ്ഞാറത്തറയിലുമാണ് വൈദ്യുതി വാഹന ചാർജിങ് കേന്ദ്രങ്ങൾ ഒരുങ്ങിയത്.
വൈത്തിരിയിൽ ദേശീയപാതയോരത്ത് വിശാലമായി നിർമിച്ചിട്ടുള്ള ചാർജിങ് സ്റ്റേഷൻ ജനുവരിയിൽ ഉദ്ഘാടനം നിശ്ചയിച്ചിരുന്നുവെങ്കിലും ബോർഡ് ചെയർമാന്റെ അസൗകര്യം മൂലം മാറ്റിവെച്ചു. ഔദ്യോഗിക ഉദ്ഘാടനം നടന്നില്ലെങ്കിലും വെബ്സൈറ്റുകളിൽ വൈത്തിരിയിൽ ചാർജിങ് കേന്ദ്രം ലഭ്യമാണെന്ന വിവരം നൽകുന്നുണ്ട്. ഇതുമൂലം ദൂരെ ദിക്കുകളിൽനിന്നും വയനാട്ടിൽ വരുന്ന നിരവധി വാഹനങ്ങളാണ് വൈത്തിരിയിൽ ചാർജ് ചെയ്യാൻ എത്തുന്നത്. സ്റ്റേഷൻ പ്രവർത്തിക്കുന്നില്ലെന്ന് അറിയുമ്പോൾ വൻ പ്രയാസമാണ് ഇവർ അനുഭവിക്കുന്നത്.
വൈദ്യുതി ചാർജിങ് സ്റ്റേഷനുകളുടെ പരിപാലനം കരാർ കമ്പനിക്കാണ്. വടക്കേ ഇന്ത്യക്കാരായ തൊഴിലാളികൾ വന്നുനോക്കി പോകുകയല്ലാതെ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമുണ്ട്. സംസ്ഥാനത്ത് മറ്റു പല കേന്ദ്രങ്ങളും പ്രവർത്തന സജ്ജമാകുകയും ഉദ്ഘടനം കഴിയുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ എല്ലാ വൈദ്യുത വാഹനങ്ങൾക്കും ചാർജ്ജ് ചെയ്യാൻ സൗകര്യമുണ്ട്.
അതേസമയം, വൈത്തിരിയിലെ ചാർജിങ് സ്റ്റേഷൻ പ്രവർത്തന സജ്ജമാണെന്നും ചെയർമാന്റെ സൗകര്യത്തിനനുസരിച്ച് അടുത്ത് തന്നെ ഉദ്ഘാടനം നടക്കുമെന്നും കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.