വിനോദസഞ്ചാരികളെ വരവേറ്റ് കെ.എസ്.ആർ.ടി.സി സ്ലീപ്പർ ബസുകൾ
text_fieldsസുൽത്താൻ ബത്തേരി: വിനോദസഞ്ചാരികൾക്കായി സ്ലീപ്പർ ബസ് സർവീസുകളുമായി കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോയുടെ പുതിയ ചുവടുവെപ്പ്. വയനാട്ടിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ അന്തിയുറങ്ങാൻ മൂന്ന് സ്ലീപ്പർ ബസുകളാണ് ബത്തേരി ഗാരേജിൽ ഒരുക്കിയത്. വയനാടൻ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം ആനവണ്ടിയിലെ താമസം സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. വെള്ളിയാഴ്ച തൃശ്ശൂരിൽ നിന്ന് എത്തിയ സഞ്ചാരികളെ കൊണ്ട് മൂന്നു ബസുകളും നിറഞ്ഞിരിക്കുകയാണ്.
മൂന്ന് ബസുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണുള്ളത്. ഇതിൽ തന്നെ രണ്ട് ഫാമിലി ഡീലക്സ് റൂമുകളും ഒരുക്കിയിട്ടുണ്ട്.
16 കോമൺ ബർത്തുകൾ, ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കൂടി വെള്ളം, എ.സി സംവിധാനം, സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം, ഫോൺ -ലാപ് ടോപ്പ് ചാർജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നിവയൊക്കെ ഒന്നാം നമ്പർ ബസിലെ സൗകര്യങ്ങളാണ്.
എട്ട് കോമൺ ബർത്തുകൾ അടങ്ങിയ രണ്ട് റൂമുകൾ, വസ്ത്രം മാറുന്നതിനുള്ള റൂം, ഭക്ഷണം കഴിക്കുന്നതിന് മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കൂടി വെള്ളം, എ.സി സംവിധാനം, സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം, പ്ലഗ് പോയിന്റുകൾ എന്നിവ രണ്ടാം ബസിലുണ്ട്.
രണ്ട് ഡീലക്സ് റൂമുകൾ, മൂന്ന് പേർക്ക് കിടക്കുന്നതിന് ഒരു ഡബിൾ കോട്ട്, സിംഗിൾ കോട്ട് കട്ടിലുകൾ തുടങ്ങിയവയും മറ്റ് ബസിലുള്ള സൗകര്യങ്ങളും മൂന്നാമത്തെ ബസിൽ ഒരുക്കിയിട്ടുണ്ട്. ഒന്ന്, രണ്ട് ബസുകളിൽ ഒരാൾക്ക് 160 രൂപ തോതിലാണ് ഈടാക്കുന്നത്. ഡീലക്സ് റൂമുള്ള ബസിൽ മൂന്നുപേർ വീതമുള്ള രണ്ട് ഫാമിലിക്ക് കഴിയാം. 890 രൂപ തോതിലാണ് വാടക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ വിളിക്കുന്നതായി ബത്തേരി കെ.എസ്.ആർ.ടി.സി അധികാരികൾ പറഞ്ഞു. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ:04936 220217 (കെ.എസ്.ആർ.ടി.സി ബത്തേരി), ബഡ്ജറ്റ് ടൂറിസം കോർഡിനേറ്റർ : 9895937213
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.