പാർക്കാനാവുന്നില്ല പാടികളിൽ
text_fieldsമേപ്പാടി: പോഡാർ പ്ലാന്റേഷൻ റിപ്പൺ ഡിവിഷനിൽ പാടി ലൈനിന്റെ കുറെ ഭാഗം തകർന്നുവീണ് കഴിഞ്ഞ ദിവസം ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിക്കും ഒരു കുട്ടിക്കും പരിക്കേറ്റത് മേഖലയിലെ തോട്ടങ്ങളിൽ തുടർന്നും സംഭവിക്കാനിടയുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 1940കളിൽ നിർമിച്ചതും ജീർണിച്ച് കാലഹരണപ്പെട്ടതുമായ ലയങ്ങളിൽ ഇപ്പോഴും പ്രത്യേകിച്ച് മഴക്കാലത്ത് തൊഴിലാളി കുടുംബങ്ങൾ കഴിയുന്നത് ഏതു നേരവും അപകടങ്ങൾ മുന്നിൽക്കണ്ടാണ്. മഴക്കാലത്തിന് മുമ്പായി പാടിമുറികളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിൽ പല തോട്ടം മാനേജ്മെന്റുകളും അലംഭാവം കാണിക്കുന്നു എന്നും ആക്ഷേപമുണ്ട്.
മഴക്ക് മുമ്പായി പാടി ലൈനുകളുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന ജില്ല ഭരണകൂടത്തിന്റെ നിർദേശവും അവഗണിക്കപ്പെടുകയായിരുന്നുവെന്നാണ് തൊഴിലാളികൾക്ക് പരിക്കേറ്റ സംഭവം തെളിയിക്കുന്നത്. ജൂലൈ 10നായിരുന്നു പാടി പൊളിഞ്ഞുവീണ് തൊഴിലാളികൾക്ക് പരിക്കേറ്റത്. എച്ച്.എം.എസ് യൂനിയൻ നേതാക്കളുടെ പരാതിയെത്തുടർന്ന് ജൂലൈ 11ന് തൊഴിൽ വകുപ്പധികൃതരും വില്ലേജ് ഓഫിസറുമൊക്കെ സ്ഥലം സന്ദർശിക്കുകയും അവരുടെ നിർദേശമനുസരിച്ച് മാനേജ്മെൻറ് തകർന്ന പാടി മുറികളുടെ അറ്റകുറ്റപ്പണികൾ നടത്തുകയുമുണ്ടായി. എന്നാലും പല പാടിലൈനുകളും തകർച്ചയുടെ വക്കിലാണിപ്പോഴും.
തോട്ടങ്ങളിൽ നടക്കുന്ന തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ തക്കസമയത്ത് നടപടിയെടുക്കേണ്ട സർക്കാർ വകുപ്പുകൾ ഫലത്തിൽ നോക്കുകുത്തിയാണെന്ന ആക്ഷേപം ശക്തമാണ്. പ്ലാന്റേഷൻ തൊഴിലാളി നിയമവ്യവസ്ഥകൾ പലതും പാലിക്കപ്പെടാതായിട്ട് വർഷങ്ങളായി. മേഖലയിലെ പ്രമുഖ തോട്ടങ്ങളിലൊക്കെ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുന്നുണ്ട്. അവർക്ക് ചെയ്യുന്ന ജോലിക്ക് മാത്രം കൂലി നൽകിയാൽ മതി. സ്ഥിരം തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ ഒന്നും അവർക്ക് നൽകേണ്ടി വരുന്നില്ല. അവരെ താമസിപ്പിക്കുന്നത് പഴയ പാടി മുറികളിലാണ്. അവ പലതും ജീർണിച്ച് നിലംപൊത്താറായവയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുമ്പോൾ തൊഴിലുടമകൾ പാലിക്കേണ്ട വ്യവസ്ഥകൾ സംബന്ധിച്ച് അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അവർക്ക് ഒരുക്കിക്കൊടുക്കേണ്ട ജീവിത സൗകര്യങ്ങളെക്കുറിച്ച് നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് തൊഴിൽ വകുപ്പാണ്. പക്ഷേ, അവർ ഒരു പരിശോധനയും ഇതു സംബന്ധിച്ച് നടത്തുന്നില്ലെന്നാണ് ആക്ഷേപം. അതിനാൽ, മനുഷ്യാവകാശ ലംഘനങ്ങൾ പോലും തോട്ടങ്ങളിൽ നടക്കുന്നത് പുറംലോകം അറിയാതെ പോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.