ഉരുൾ ദുരന്ത പുനരധിവാസം; ഏകോപനത്തിൽ വീഴ്ച സമ്മതിച്ച് സർക്കാർ
text_fieldsകൽപറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട ഏകോപനത്തിലെ വീഴ്ച സമ്മതിച്ച് സർക്കാർ. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും വകുപ്പുകൾ തയാറാക്കിയ കണക്കുകളിലും റിപ്പോർട്ടിലും അന്തരമുള്ളതായും ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലാൻഡ് റവന്യൂ കമീഷണർക്കും വയനാട് ജില്ല കലക്ടർക്കും അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്.
ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾക്കുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം ലാൻഡ് റവന്യൂ കമീഷണർക്കും വയനാട് ജില്ല കലക്ടർക്കും അയച്ച കത്തിലാണ് വീഴ്ച സമ്മതിക്കുന്നത്.
വിവിധ വകുപ്പുകൾ നൽകിയ ദുരന്തബാധിതരുടെ എണ്ണം, സ്വത്ത്, കൃഷി, മറ്റുനാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ച് തയാറാക്കിയ പല കണക്കുകളും റിപ്പോർട്ടുകളും വ്യത്യസ്തമാണെന്ന് കത്തിൽ ആരോപിക്കുന്നു. ഈ വീഴ്ചകൾ പരിഹരിക്കുന്നതിനും തുടർ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വേണ്ടി ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസിലെ ഒരു അസി. കമീഷണറുടെ കീഴിൽ കലക്ടറേറ്റിലെ സെൽ പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കുറിപ്പിനെ തുടർന്നാണ് ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്.
ലാൻഡ് റവന്യൂ കമീഷണറുടെയും ജില്ല കലക്ടറുടെയും അടിയന്തര റിപ്പോർട്ടാണ് പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. ഉരുൾ ദുരന്തം നാലുമാസം പിന്നിട്ടിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ എവിടെയുമെത്താത്തതിനെ തുടർന്ന് സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഹൈകോടതിയുടെയും രൂക്ഷ വിമർശനത്തിന് വിധേയമായി.
ദുരന്തത്തിനിരയായ ആയിരത്തിലധികം കുടുംബങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്വാർട്ടേഴ്സുകളിൽ കഴിയുന്നുണ്ട്. ഇവർക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത വാടക ഉൾപ്പെടെ മുടങ്ങുന്നതായി ആരോപണമുണ്ട്. വിവിധ സംഘടനകളും വ്യക്തികളും അറുന്നൂറോളം വീടുകളും ഹെക്ടർ കണക്കിന് സ്ഥലങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവയുടെ കാര്യത്തിലും ഏകോപനമോ തുടർപ്രവർത്തനങ്ങളോ ഉണ്ടായിട്ടില്ല.
കർണാടക സർക്കാർ വാഗ്ദാനം ചെയ്ത 100 വീടുകളുടെ കാര്യത്തിൽ കേരള സർക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടായില്ലെന്നു കാണിച്ച് കർണാടക മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദുരന്തത്തിനുശേഷം തുടർപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ചില ഉദ്യോഗസ്ഥർ താമസ ഭക്ഷണ ചെലവ് ഇനത്തിന് വൻതുക ബില്ലായി നൽകിയതും വിവാദമായിരുന്നു. അതേസമയം, എ.ഡി.എം ആയി ജോലി ചെയ്ത, ഇപ്പോൾ ലാൻഡ് റവന്യൂ കമീഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ പുനരധിവാസ ഏകോപന ചുമതല ഏൽപിക്കാനാണ് നീക്കമെന്നാണ് അറിയുന്നത്.
ദുരന്തവുമായി ബന്ധപ്പെട്ട് താമസം, ഭക്ഷണ ചെലവിനത്തിൽ വലിയ തുക ബില്ലായി നൽകിയതിൽ വിവാദത്തിലായ ഈ ഉദ്യോഗസ്ഥനെ ഏകോപനത്തിന് ചുമലപ്പെടുത്തിയാൽ അതു കൂടുതൽ വിവാദമാകാനാണ് സാധ്യത. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരെ സ്ഥലം മാറ്റി മുഖം രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.