ലീഫ് ഷെഡ്ഡുകൾക്ക് മേൽക്കൂരയില്ല; തൊഴിലാളികൾക്ക് ദുരിതം
text_fieldsമേപ്പാടി: പോഡാർ പ്ലാന്റേഷൻ ഓടത്തോട് ഡിവിഷനിൽ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും തൊഴിലാളികൾ ആശ്രയിക്കുന്ന ലീഫ് ഷെഡ്ഡുകൾ പലതും മേൽക്കൂരയില്ലാത്തവയാണെന്ന് പരാതി. മേൽക്കൂരയുടെ ഷീറ്റുകളിൽ പലതും തകർന്നു വീണിട്ടുണ്ട്. ചിലത് കാറ്റിൽ പറന്നുപോയിട്ടുമുണ്ട്. ഇതു മൂലം തങ്ങൾ കൊണ്ടുവന്ന ഭക്ഷണം മഴ നനഞ്ഞും വെയിലുകൊണ്ടും കഴിക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ. തകർന്ന ഷെഡ്ഡുകൾ നന്നാക്കുന്നതിന് ഒരു നടപടിയും മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. ചോലമരങ്ങളോ തണലോ ഇല്ലാത്ത തുറസ്സായ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അൽപമൊന്ന് വിശ്രമിക്കാൻ ആശ്രയം ലീഫ് ഷെഡ്ഡുകളാണ്. അതാണെങ്കിൽ പലതും തകർന്ന നിലയിലുള്ളതാണ്. ഓടത്തോട് ഡിവിഷനിലെ പാടികളും പലതും ശോച്യാവസ്ഥയിലാണ്. അത് നന്നാക്കാനും നടപടിയില്ല. മാനേജ്മെന്റിന്റെ ഇക്കാര്യത്തിലുള്ള അനാസ്ഥ പ്ലാന്റേഷൻ തൊഴിലാളി നിയമത്തിന്റെ ലംഘനമാണെന്നും ഇതിനെതിരെ പ്ലാന്റേഷൻ ഇൻസ്പെക്ടർ, തൊഴിൽ വകുപ്പ് അധികൃതർ എന്നിവർക്ക് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എച്ച്.എം.എസ് ജില്ല ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി പി. കോമു എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.