പുലിഭീതിയിൽ ചുളിക്ക പ്രദേശം
text_fieldsമേപ്പാടി: ചുളിക്കയിൽ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച് കൊല്ലുന്നത് പതിവായതോടെ പ്രദേശത്തുള്ളവർ ഭീതിയിൽ. പരിയങ്ങാടൻ ഇബ്രാഹീമിന്റെ എച്ച്.എഫ് ഇനത്തിൽപ്പെട്ട എട്ടുമാസം ഗർഭിണിയായ പശുവിനെയും സമീപവാസിയായ യാഹുവിന്റെ ഒരു പശുവിനെയുമാണ് വെള്ളിയാഴ്ച പുലി ആക്രമിച്ച് കൊന്നത്.
പ്രദേശത്തെ പല കുടുംബങ്ങളുടെയും ജീവിത മാർഗമാണ് പശു വളർത്തൽ.
പുലിയുടെ ആക്രമണത്തിൽ അത് നഷ്ടപ്പെടുന്നതിന്റെ ദു:ഖത്തിലാണ് പല കുടുംബങ്ങളും. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പരിയങ്ങാടൻ ഇബ്രാഹീമിന്റെ ആറാമത്തെ പശുവിനെയാണ് പുലി കൊല്ലുന്നത്. മുൻ പ്രസവത്തിൽ 18 ലിറ്റർ പാൽ ലഭിച്ച പശുവാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. വനം വകുപ്പധികൃതർ സ്ഥലം സന്ദർശിക്കുകയും നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാനാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പക്ഷേ, നിത്യേനയുള്ള വരുമാനം നഷ്ടപ്പെട്ടിടത്ത് തുച്ഛമായ തുക നഷ്ടപരിഹാരം ലഭിച്ചിട്ടെന്തു കാര്യമാണെന്നാണ് കർഷകർ ചോദിക്കുന്നത്. മാത്രമല്ല ചുളിക്ക പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യമുള്ളതായും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പുലികളെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണാവശ്യം.
നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന നിലപാടിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.