പുലിഭീതിയിൽ പൊറുതിമുട്ടി പൊഴുതന
text_fieldsപൊഴുതന: വർധിച്ചുവരുന്ന പുലി ശല്യം മൂലം പരിഭ്രാന്തിയിലായി പൊഴുതന നിവാസികൾ. കാട്ടാന ശല്യത്തിന് പുറമെ പുലി ശല്യവും അധികരിച്ചതോടെ രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലായി.
തോട്ടം മേഖലയായ പൊഴുതന പഞ്ചായത്തിലെ അച്ചുർ, പെരിങ്ങോട, സുഗന്ധഗിരി, കല്ലൂർ, ആറാംമൈൽ പ്രദേശങ്ങളിലാണ് പുലിയുടെ ആക്രമണം വർധിക്കുന്നത്. ഒരു വർഷത്തിനിടെ കർഷകരുടെ പത്തോളം കന്നുകാലികളെ പുലി കൊന്നിരുന്നു. പുലിയുടെ സമാനമായ കാൽപാടുകൾ പതിഞ്ഞിട്ടും കൂടുവെച്ച് പിടികൂടുന്ന പ്രവർത്തനം വനംവകുപ്പ് വൈകിപ്പിക്കുന്നതിനെതിരെയും ആക്രമണത്തിനിരയായ വളർത്തു മൃഗങ്ങൾക്ക് നഷ്ടപരിഹാരം വൈകുന്നതിനെതിരെയും പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അച്ചുർ നാലാം നമ്പർ സ്വദേശിയായ റസാഖിന്റെ രണ്ടു വളർത്തു മൃഗങ്ങളെയാണ് പുലി കൊന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കാമറ സ്ഥാപിക്കുകയും ഇതിൽ പുലിയുടെ ചിത്രം പതിയുകയും ചെയ്തു. തോട്ടം തൊഴിലാളികളുൾപ്പെടെ നിരവധിയാളുകൾ താമസിക്കുന്ന പ്രദേശവും ദിനംപ്രതി നിരവധിപേർ ജോലിക്ക് പോവുന്ന ഭാഗവുമാണിവിടം.
അതിനാൽ പുലിഭീതി അകറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.