ലൈഫ്, പി.എം.എ.വൈ വീടുകൾ; കെ.എല്‍.ആര് സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കി
text_fieldsകൽപറ്റ: ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതി പ്രകാരമുള്ള കെട്ടിട നിർമാണ അപേക്ഷകള്‍ക്ക് കെ.എല്‍.ആര് എന്‍.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കി ജില്ല കലക്ടര്‍ എ. ഗീത ഉത്തരവിറക്കി. കെ.എൽ.ആർ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്മാന്മാര്ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ സര്‍ക്കുലര്‍ നല്കി. നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് നല്കിയ സര്‍ക്കുലറുകള്‍ പ്രകാരമുള്ള നടപടികള്‍ക്കും പുതിയ ഭേദഗതി ബാധകമാണെന്ന് കലക്ടർ അറിയിച്ചു.
കെ.എൽ.ആർ ബാധകമല്ലെന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കൈവശഭൂമിയിൽ വീടും മറ്റ് കെട്ടിടങ്ങളും നിർമിക്കാൻ തടസ്സം നേരിടുന്ന അവസ്ഥയിലാണ് നിരവധി കുടുംബങ്ങളുള്ളത്. പുതിയ കെട്ടിടങ്ങളുടെ പ്ലാൻ അംഗീകരിക്കണമെങ്കിൽ കെ.എൽ.ആർ വ്യവസ്ഥകൾ ഈ സ്ഥലത്തിന് ബാധകമല്ലെന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വേണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ നിഷ്കർഷിക്കുന്നതിനാൽ അനവധി കുടുംബങ്ങളാണ് വീടെന്ന സ്വപ്നം പൂവണിയാതെ ദുരിതമനുഭവിക്കുന്നത്.
പഴയ കെട്ടിടത്തിന് രണ്ടാംനില പണിയാനും പലർക്കും സാധിക്കുന്നില്ല. ലൈഫ് പദ്ധതി വീടുകൾക്കും ഇത് ബാധകമായതിനാൽ നിരവധി സാധാരണക്കാരും ജില്ലയിൽ പ്രയാസത്തിലായിരുന്നു. ഇതിന് മാറ്റം വരുന്നതോടെ പൊഴുതന, വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിലെ നൂറുകണക്കിന് സാധാരണക്കാർക്കാണ് ആശ്വാസമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.